Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.
Local cover image
Local cover image
Image from Google Jackets

THAKSHANKUNNU SWAROOPAM (തക്ഷ‌ന്‍കുന്നു സ്വരൂപം) U. K. Kumaran (യു.കെ കുമാരന്‍)

By: Language: Malayalam Publication details: Kottayam Sahithya Pravarthaka Co-operative Society - National Book Stall 2015/11/01Edition: 1st- ReprintedDescription: 414ISBN:
  • 9789385725623
Subject(s): DDC classification:
  • A
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library Fiction Fiction A KUM/TH (Browse shelf(Opens below)) Available M157237
Lending Lending Ernakulam Public Library Fiction Fiction A KUM/TH (Browse shelf(Opens below)) Available M157238

തക്ഷ‌ന്‍കുന്നു സ്വരൂപം.
വൈക്കം ചന്ദ്രശേഖര‌ന്‍ നായര്‍ സാഹിത്യ പുരസ്കാരം നേടിയ നോവല്‍
പൊറ്റക്കാടിനും തകഴിക്കും ഉറൂബിനും ബഷീറിനും എം ടിക്കും ശേഷം പൂര്‍ണ്ണമായും കേരളീയപരിസരത്തുനിന്നുകൊണ്ട് എഴുതപ്പെട്ട മലയാളത്തിന്റെ ഒരു നോവലായി യു കെ കുമാരന്റെ തക്ഷ‌ന്‍കുന്നു സ്വരൂപം നമ്മുടെ മുന്നിലെത്തിയിരിക്കുന്നു .
ഡോ എം ജി എസ് നാരായണ‌ന്‍

തക്ഷന്‍കുന്നു സ്വരൂപം ഇരുപതാംനൂറ്റാണ്ടിന്‍റെ മൂന്നാംദശകം തൊട്ടുള്ള വടക്കേ മലബാറിലെ തക്ഷന്‍കുന്ന് എന്നാ ഗ്രാമത്തിന്‍റെ ഇതിഹാസകഥ.രാമറിന്‍റെ വ്യക്തിജീവിതത്തിലേക്കും ഒഴുകിപ്പരന്ന അനുഭവങ്ങള്‍ കാലത്തിന്‍റെ അതിര്‍ത്തികള്‍ കടന്ന് പുതിയൊരു ലോകക്രമത്തിലേക്കെത്തുന്നു.തക്ഷന്‍കുന്നിന്‍റെ ദേശീയസമരചരിത്രം രാഷ്ട്രീയനാഗരികഥയിലേക്കും
-------------------------------------------------------------------------------------

തക്ഷൻകുന്നു സ്വരൂപം - ഒരു നാടിന്റെ ആത്മകഥ
ഒരു നൂറ്റാണ്ടിന്റെ ബാഹ്യവും ആഭ്യന്തരവുമായ പരിവർത്തന ബിന്ദുക്കൾ ചരിത്രത്തിന്റെ മഹാസംഭരണിയിൽനിന്ന്‌ ഊറ്റിയെടുത്ത്‌ കാലദേശങ്ങൾക്കപ്പുറത്തേക്കു പ്രവഹിക്കുന്ന ഒരു സംസ്കാരത്തിന്റെ മഹാസാഗരമാക്കി മാറ്റുകയാണ്‌ 'തക്ഷൻകുന്ന്‌ സ്വരൂപം' എന്ന നോവൽ സാഹിത്യത്തിലൂടെ യു. കെ. കുമാരൻ. ചരിത്രത്തിന്റെ വിശാലവിതാനത്തിൽ രചിച്ചിരിക്കുന്ന ഈ നോവലിലെ നിർണ്ണായകപ്രാധാന്യമേറിയ ഘടകങ്ങളാണ്‌ സ്ഥലകാലങ്ങളും ഭൂസ്ഥിതിയും ജീവിതാവിഷ്കാരവും. തക്ഷൻകുന്നിന്റെ സ്വന്തം രൂപം വ്യക്തമാക്കുവാൻ നോവലിസ്റ്റ്‌ 1930-കൾക്കു ശേഷമുള്ള വടക്കേ മലബാറിലെ ജീവിതസാഹചര്യങ്ങളെ അതിസൂക്ഷ്മമായി അവതരിപ്പിച്ചിരിക്കുകയാണ്‌ - നാട്ടുമൊഴി വഴക്കത്തിന്റെ വാചികപാരമ്പര്യം പ്രകടമാക്കുന്ന - തക്ഷൻകുന്ന്‌ സ്വരൂപം വെറുമൊരു ചരിത്രനോവലല്ല - പദവൈചിത്ര്യങ്ങളുടെ കലവറയായ ഒരു നാടിന്റെ ആത്മകഥതന്നെയാണ്‌. കളിമണ്ണിന്റെ ഗന്ധവും, കലങ്ങളുടെ കിലുക്കവും, കേൾപ്പിക്കുന്ന ആന്തൂരാൻകുന്നും, തക്ഷൻകുന്നങ്ങാടിയും, മനുഷ്യബന്ധങ്ങളും, ഒക്കെ കാലത്തിന്റെ ദൃഢപശ്ചാത്തലത്തിൽ വരച്ചിട്ട രേഖാചിത്രങ്ങളാണ്‌--അങ്ങനെയുള്ള ചിത്രങ്ങളെല്ലാം കൂടിച്ചേരുമ്പോൾ തക്ഷൻകുന്ന്‌ എന്ന ഗ്രാമത്തിന്റെ പരിണാമദൃശ്യങ്ങൾ ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിന്റെ മുദ്രകളായി വികസിക്കുന്നു.
വലിയൊരു കൂടാരംതന്നെയാണ്‌ രാത്രി എന്നു പറഞ്ഞാണ്‌ നോവൽ തുടങ്ങുന്നത്‌. വേദനിക്കുന്നവനും അപമാനിതനും പലപ്പോഴും ഇരുട്ടിനെ സ്നേഹിക്കാറുണ്ട്‌. ഈയവസ്ഥ പല രൂപത്തിൽ നോവലിൽ പ്രത്യക്ഷമാകുന്നുണ്ട്‌. രാമർ എന്ന ബാലൻ ഒരു രാത്രിയിൽ ഒറ്റമുളപ്പാലത്തിൽ ശരീരത്തിനും മനസ്സിനുമേറ്റ മുറിപ്പാടുകളോടെ കിടക്കുകയാണ്‌-- ഒന്നു തിരിഞ്ഞാൽ അവന്റെ ജീവൻതന്നെ നഷ്ടപ്പെടും. പക്ഷേ, അവന്റെ ധൈര്യം അടുത്തുള്ള ചരൽക്കൂനയാണ്‌. അതിന്റെയടിയിൽ അവന്റെ അമ്മ ഉറങ്ങുന്നുണ്ട്‌. മാതൃവാത്സല്യാനുഭവത്തിന്റെ പാരമ്യതയിലാണ്‌ വായന തുടരുന്നത്‌. സ്നേഹത്തിന്റ നറുതിരിവെട്ടവുമായി വരുന്ന കുഞ്ഞിക്കേളുവിന്റെ കൈപിടിച്ച രാമർ കുതിരനോട്ടക്കാരനായും കാര്യസ്ഥനായും മുതലാളിയായും വളരുന്നു. അതോടൊപ്പം തക്ഷൻകുന്നിന്റെ ചരിത്രാംശങ്ങളും കാലാധിഷ്ഠിതമായ ജീവിതവിശേഷങ്ങളും നോവലിൽ വളരുന്നു. ഭാഷാശാസ്ത്രകാരന്മാരുടെ ശ്രദ്ധയിൽപെടാതെ വിസ്മൃതിയിൽ മറഞ്ഞുപോകുന്ന നാട്ടുമൊഴിയുടെ ഈണങ്ങളും സംസ്കാരത്തിന്റെയും ഭാഷയുടെയും മുദ്രപതിഞ്ഞ സംഭാഷണങ്ങളും ഈ നോവൽ അടയാളപ്പെടുത്തുന്നു. ഇതു മികച്ച സാമൂഹിക രേഖകളായി മാറുന്നു.


തക്ഷൻകുന്ന്‌ ഗ്രാമത്തിലെ എലിമന്ററി സ്കൂളിൽ പഠിക്കാനെത്തുന്ന തമ്പുരാട്ടിക്കുട്ടിക്ക്‌ താഴ്‌ന്ന ജാതിയിലുള്ള കുട്ടികളെ തീണ്ടാതിരിക്കാൻ ഒറ്റയ്ക്കൊരു ബഞ്ചിലിരുത്തുന്നതും അവൾ കുരങ്ങൻ എന്ന വിളിച്ചു കളിയാക്കുന്നതും വായിക്കുമ്പോൾ ജാതിചിന്തയുടെ ബാല്യമുഖമാണ്‌ തെളിയുന്നത്‌. തമ്പുരാട്ടിക്കുട്ടിയുടെ 'കുണ്ടി' കാണിച്ച്‌ കളിയാക്കി ഒടുവിൽ സ്വന്തം വീട്ടിൽനിന്ന്‌ അടിച്ചു പുറത്താക്കപ്പെടുന്ന രാമർ പ്രതിഷേധത്തിന്റെ വേറിട്ട മുഖമാണ്‌. ഒരു ജനവിഭാഗത്തിന്റെ ഒരു കാലത്തെ ജീവിതരീതിയുടെ ഭാഗമായിരുന്ന ഇത്തരം അനുഭവകഥകൾ നോവലിലുണ്ട്‌. ലക്ഷ്യബോധവും ഒരു നാടിന്റെ സ്നേഹത്തിന്റെ പിൻബലവും രാമറിന്റെ ജീവിതവളർച്ചയ്ക്കു കാരണമാകുന്നു. അമ്മയെ മറവുചെയ്ത ഭൂമി തിരികെ വാങ്ങി അച്ഛന്റെ ആഗ്രഹം സഫലമാക്കുന്ന ഉത്തമപുത്രനെ രാമറിൽ കാണാം. മൺപാത്രനിർമ്മാണക്കാരുടെയും നെയ്ത്തുകാരുടെയും കൃഷിക്കാരുടെയും ജീവിതം വരച്ചുകാട്ടുന്നതിനോടൊപ്പം മാതാമ്മയും ചായക്കടയും പട്ടാളക്കാരനായ മകനും, മൈനറും കണ്ണശ്ശനും ഒക്കെ നോവലിൽ സജീവമാകുന്നു. 'ദർസർ' എന്നു നാട്ടുകാർ വിളിക്കുന്ന ശ്രീധരൻ ഡോക്ടർ പാവപ്പെട്ടവരെ സഹായിക്കാൻ പറ്റിയ നാട്ടുംപുറം തേടി കെ. കേളപ്പന്റെ നിർദ്ദേശപ്രകാരമാണ്‌ ആ ഗ്രാമത്തിൽ എത്തിയത്‌. ഒടുവിൽ ഭാര്യ കമ്പൗണ്ടറുടെ കൂടെ ഒളിച്ചോടിയപ്പോൾ നല്ലവനായ ഡോക്ടർ നാട്ടിലേക്കു തിരികെ പോകുന്നു. ഈ നോവലിലെ കഥാനായകൻ രാമറാണെന്നു തോന്നുമെങ്കിലും കെ. കേളപ്പൻ ആണ്‌ യഥാർത്ഥ നായകൻ. കേളപ്പൻ നേതൃത്വം കൊടുത്ത ഗുരുവായൂർ സത്യഗ്രഹവും വൈക്കത്തെ സഞ്ചാരസ്വാതന്ത്ര്യത്തിനുള്ള സമരവും ഉപ്പുസത്യാഗ്രഹവും എല്ലാം നോവലിൽ ഉണ്ട്‌. അയിത്തജാതിക്കാരായ കുട്ടികൾക്കു വിദ്യാഭ്യാസ അവകാശത്തിനുവേണ്ടി നാലു ദിവസം സ്കൂൾ പടിക്കൽ നടത്തിയ സമരം. ഒടുവിൽ ഉച്ചഭക്ഷണത്തിനുവേണ്ടിയുള്ള ശ്രമം ഇവയെല്ലാം അടയാളപ്പെടുത്തിയിട്ടുണ്ട്‌. കെ. കേളപ്പനിലൂടെ മഹാത്മാവായ ഗാന്ധിജിയും തക്ഷൻകുന്നിലെത്തുന്നുണ്ട്‌. കെ. കേളപ്പന്റെ തറവാട്ടുസ്വത്ത്‌ ഭാഗംവച്ചു കിട്ടിയതുകൊണ്ട്‌ സാധുക്കൾക്കു വീടു വച്ചുകൊടുത്തു. പിന്നീടൊരിക്കൽ അദ്ദേഹം കണ്ടത്‌ ആ വീടുകൾ നശിച്ചു ചിതലരിച്ചു കിടക്കുന്നിടത്ത്‌ കള്ളവാറ്റു നടത്തുന്നവരെയാണ്‌. ഉപജീവനത്തിനായി നൂൽ നൂൽക്കാൻ കൊടുത്ത ചർക്ക വെട്ടിക്കീറി അടുപ്പിൽവച്ച്‌ തീയെരിക്കുന്നു. കെ. കേളപ്പനെപ്പറ്റി മറ്റാരും പറയാത്ത കാര്യങ്ങൾ തുറന്നെഴുതുന്നുണ്ട്‌. കേളപ്പനെ സ്നേഹിച്ച മെറ്റിൽഡയും അവരുടെ നിശ്ശബ്ദ പ്രണയവും അതിലളിതമായി വിവരിക്കുന്നു. പ്രണയകാലത്ത്‌ ഉണ്ടാകുന്ന അവസ്ഥാന്തരങ്ങളെ രാമർ എന്ന യുവാവിന്റെ അനുഭവങ്ങളിലൂടെ അറിയുമ്പോൾ തന്റെ ലോകം മുഴുവൻ സൗന്ദര്യമുള്ളതാക്കുന്ന എന്തോ ഒന്ന്‌. അതാണ്‌ പ്രണയം. പ്രണയത്തിന്റെ പുതിയ അർത്ഥാന്വേഷണങ്ങളിൽ ജൈവശാസ്ത്രവും മനഃശാസ്ത്രവും തമ്മിലുള്ള സമന്വയഭാവമാണ്‌ ദർശിക്കുന്നത്‌. നൂറിലധികം കഥാപാത്രങ്ങളെ അണിനിരത്തിയ ഈ നോവലിനെ ഓരോ വീക്ഷണകോണിൽനിന്നു നോക്കുമ്പോൾ വ്യക്തികൾക്കും സ്ഥല,കാല,സംഭവങ്ങൾക്കും തുല്യപ്രാധാന്യമാണു കാണുന്നത്‌. ഇതൊരു പ്രണയമാണ്‌. യു. കെ. കുമാരനെന്ന നോവലിസ്റ്റിനു തക്ഷൻകുന്നിനോടുള്ള ഗാഡമായ പ്രണയം.
യു.കെ. കുമാരന്റെ നിഷ്കളങ്കമായ ആ പ്രണയം ആണ്‌ തക്ഷൻകുന്നിന്റെ തനിമ നിലനിർത്തുന്നത്‌. ചരിത്രം എഴുതുകയും അതോടൊപ്പം ഭാവനയുടെ അഴകു ചാർത്തുകയും ചെയ്തുകൊണ്ട്‌ തന്റെ രചനാരീതിയിൽ അനശ്വരതയുടെ ഘടകങ്ങൾ തേടുന്നു. സ്വാതന്ത്ര്യമെന്ന വിജയത്തിലേക്കെത്തുന്ന ഈ നോവലിൽ പരാജയത്തിന്റെ ഗാഥകളും ഉണ്ട്‌. പരാജയപ്പെട്ട ഒരച്ഛൻ, പരാജയപ്പെട്ട പ്രണയം, പരാജയപ്പെട്ട ഒരു ഡോക്ടർ ഇങ്ങനെയുള്ള പരാജയങ്ങൾ എല്ലാംകൂടി നോവലിനെ വിജയത്തിലെത്തിക്കുമ്പോൾ ചരിത്രത്തിന്റെ സാക്ഷിയെന്നു യു. കെ. കുമാരനെ നമുക്കു വിളിക്കാം. ചേക്കുവുമായുള്ള ചാണകക്കച്ചവടത്തിൽനിന്നു കിട്ടിയ ഇരുപത്തിയഞ്ചു രൂപാ അയ്യാഭട്ടിന്റെ കമലാലയം ബാങ്കിൽ നിക്ഷേപിക്കുന്ന രാമർ പിന്നീടൊരിക്കലും ബാങ്കിന്റെ പടി ചവിട്ടിയതായി നോവലിൽ കാണുന്നില്ല. രാമർ യുദ്ധത്തെക്കുറിച്ചുള്ള വാർത്തകൾ കേൾക്കുന്ന ഭാഗത്ത്‌ "ജപ്പാന്റെ സഹായത്തോടെ സുഭാഷ്‌ ചന്ദ്രബോസ്‌ ഇന്ത്യയ്ക്കെതിരേ യുദ്ധത്തിനൊരുങ്ങുന്നു എന്നറിഞ്ഞതോടെ നാട്ടിലുള്ള പലരും ബ്രിട്ടീഷ്‌ വിരോധികളായി..." എന്ന ഭാഗം വായിക്കുമ്പോൾ ആശയസംഘർഷമുണ്ടാകുന്നു. ഇന്ത്യൻ നാഷണൽ ആർമി രൂപീകരിച്ച സുഭാഷ്‌ ചന്ദ്രബോസിനെ തെറ്റായി വായിക്കപ്പെടുന്നതുപോലെ തോന്നുന്നു. ബ്രിട്ടീഷ്‌ ഭരണത്തിനെതിരേ എന്നോ ബ്രിട്ടീഷ്‌ ഇന്ത്യയ്ക്കെതിരെയെന്നോ എഴുതിയിരുന്നെങ്കിൽ നന്നായിരുന്നു. പടിപടിയായി വികസിക്കുന്ന തക്ഷൻകുന്നിന്റെ ജ്ഞാനഭൂമികയിൽ ഹിരോഷിമ നാഗസാക്കി അണുബോംബ്‌ സ്ഫോടനംപോലുള്ള ലോകവാർത്തകളെല്ലാമെത്തുന്നുണ്ട്
‌. മിഠായിത്തെരുവും മാതൃഭൂമി ഓഫീസും അൽ അമീൻ പത്രവും വായനക്കാർക്കു സുപരിചിതമാക്കുന്ന നോവലിസ്റ്റ്‌ 1936 മുതൽ ശക്തിപ്രാപിച്ച കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തെക്കുറിച്ചോ പ്രവർത്തനങ്ങളെക്കുറിച്ചോ ഒന്നും രേഖപ്പെടുത്തിക്കാണുന്നില്ല. കേളപ്പജിയുടെ അഹിംസാനയത്തെ എതിർക്കുന്ന കുഞ്ഞിക്കേളുവിനെ കമ്യൂണിസ്റ്റ്‌ ചിന്താഗതിയിലൂടെ കാണാൻ സാധിക്കുന്നുണ്ടെങ്കിലും ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടിയ 1947 ആഗസ്റ്റ്‌ 15 ന്‌ അർദ്ധരാത്രിയിൽ നിഷ്ക്കരുണം കുഞ്ഞിക്കേളുവിനെ വധിക്കുകയാണ്‌ നോവലിസ്റ്റ്‌ ചെയ്തിരിക്കുന്നത്‌. തക്ഷൻകുന്നു സ്വരൂപത്തിന്റെ മുൻകുറിപ്പ്‌ ചരിത്രപണ്ഡിതനായ ഡോ. എം. ജി. എസ്‌. നാരായണന്റെ നിരീക്ഷണങ്ങൾകൊണ്ടു സമ്പന്നമാണ്‌. 'തക്ഷൻകുന്നിന്റെ ഇതിഹാസം' എന്നു വിശേഷിപ്പിക്കുന്ന നോവലിന്റെ മുഖമൊഴിയിൽ ഡോ. എം.ജി.എസ്‌. എന്തിനാണ്‌ കാറൽമാർക്ക്സിനെപ്പറ്റി പരാമർശിക്കുന്നത്‌ എന്നതു ചിന്തിക്കേണ്ട വസ്തുതയാണ്‌. അദ്ദേഹത്തിന്റെ ലേഖനത്തിൽ "ജാതിയുടെ ശാപം എന്താണെന്നു കാറൽമാർക്ക്സ്‌ അറിഞ്ഞിരുന്നില്ല. ദേഹത്തിൽ മാത്രമല്ല, ആത്മാവിലും കൂടിയാണ്‌ ആ മുറിവ്‌ നീറിക്കൂടുന്നത്‌. ആത്മാവെന്തെന്നും മാർക്ക്സിന്‌ അറിയാമായിരുന്നില്ല എന്നെഴുതിയിരിക്കുന്നത്‌ വായിക്കുമ്പോൾ യുക്തിവാദവും ആത്മീയതയും തമ്മിലുള്ള ഒരേറ്റുമുട്ടൽ സാദ്ധ്യമാകുന്നുണ്ട്‌. എങ്കിലും വായനക്കാർ കാറൽമാർക്ക്സ്‌ ഏബ്രഹാം ലിങ്കന്‌ എഴുതിയ കത്ത്‌ - തിരഞ്ഞെടുത്ത കൃതികൾ വാല്യം 5 (പി.പി. മോസ്കോ), കമ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോ തിരഞ്ഞെടുത്ത കൃതികൾ വാല്യം 1, കാറൽമാർക്ക്സ്‌ ആദ്യത്തെ ഇന്ത്യൻ സ്വാതന്ത്ര്യസമരം - 1857-59 തുടങ്ങിയവകൂടി പരിശോധിക്കുന്നത്‌ ഉചിതമാണ്‌. ചരിത്രത്തിനുള്ളിലെ വിങ്ങുന്ന അനുഭവമായ മനുഷ്യാവസ്ഥയെ, അടയാളംവെക്കൽപോലുള്ള അനാചാരങ്ങളെ, അസാന്മാർഗ്ഗികതകളെ തുറന്നെഴുതുന്നു. ആദ്യത്തെ ബസ്‌, ആദ്യത്തെ പാലംപണി, ആദ്യമായി ഇങ്ക്വിലാബ്‌ മുഴങ്ങിയത്‌ എല്ലാം അതിസൂക്ഷ്മതയോടെ വർണിക്കുന്നു. ഒരു ഗ്രാമത്തിലെ മനുഷ്യരുടെ ചരിത്രത്തിന്റെ ദൃശ്യവിശാലതയാണ്‌ നോവലിസ്റ്റ്‌ പകർന്നുതരുന്നത്‌.
ഒരു നോവലിസ്റ്റ്‌ മുൻവിധികളൊന്നുമില്ലാതെ ചരിത്രത്തെ വീക്ഷിക്കുമ്പോഴാണ്‌ നോവൽ സത്യസന്ധമായ ചരിത്രമാകുന്നത്‌. എഴുത്തുകാരന്റെ ധർമബോധത്തിലൂടെയും സ്വതന്ത്രമായ മനസാക്ഷിയിലൂടെയും ആണ്‌ ഒരു നോവൽ അതിന്റെ പൂർണതയിലെത്തിക്കുന്നതെന്നു യു.കെ. കുമാരന്റെ "തക്ഷൻകുന്നു സ്വരൂപം" വായിക്കുമ്പോൾ മനസ്സിലാകുന്നു.
വീരരസപ്രധാനമുള്ള രചനയല്ല--മറിച്ച്‌ മനുഷ്യന്റെ ഇച്ഛാശക്തിയുടെ പ്രതിഫലനം ആണ്‌ ഈ നോവൽ. ഒറ്റമുള പാലത്തിൽനിന്നു രാമർ തുടങ്ങിയ ജീവിതയാത്രയിൽ വ്യക്തിപരമായും സാമൂഹിക പരമായുമുള്ള വികസനത്തിന്റെയും പരിവർത്തനത്തിന്റെയും പാഠങ്ങളുണ്ട്‌. അയിത്തവും ദാരിദ്ര്യവും യുദ്ധവും സ്വാതന്ത്ര്യവും അങ്ങനെയങ്ങനെ നീളുന്ന കാലഘട്ടത്തിന്റെ കൈയൊപ്പുകൾ പതിഞ്ഞ ചരിത്രങ്ങൾ. ചാണകം തേച്ച പഴയ വീടിന്റെ കോലായുടെ നടുക്കുള്ള പ്രതലത്തിൽ ഒറ്റയ്ക്കൊരു യാത്രയ്ക്കൊരുങ്ങുന്ന രാമറിലൂടെ 37 അദ്ധ്യായങ്ങളുള്ള തക്ഷൻകുന്ന്‌ സ്വരൂപം പൂർണമാകുന്നു. ഈ നോവൽ വായനക്കാരന്‌ ചരിത്രഭൂതകാലത്തേക്കുള്ള ദേശാന്തരയാത്രയാവുകയും സൗന്ദര്യബോധപരമായ ജിജ്ഞാസകൊണ്ടു നിറയ്ക്കുകയും ചെയ്യുന്നു. ആവിഷ്കരണത്തിൽ പുതുമ സൃഷ്ടിച്ച്‌ വർത്തമാനകാലത്തിൽ ജൈവസമഗ്രതയാർജിച്ച്‌ പ്രഖ്യാപിതമാകുന്ന ചരിത്രയാഥാർത്ഥ്യമാണ്‌ യു.കെ. കുമാരൻ രചിച്ച 'തക്ഷൻകുന്ന്‌ സ്വരൂപം' എന്ന നോവൽ സാഹിത്യം.
തക്ഷൻകുന്ന്‌ സ്വരൂപം
യു.കെ. കുമാരൻ

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Local cover image