Ernakulam Public Library OPAC

Online Public Access Catalogue


Image from Google Jackets

ATHMAJNANATHNTE VAKKUM MOZHIYUM :PRATHYAKSHA RAKSHA DAIVA SABHA (ആത്മജ്ഞാനത്തിന്റെ വക്കും മൊഴിയും: പ്രത്യക്ഷ രക്ഷാ ദൈവ സഭ ( പൊയ്കജനപന്തി)

By: Language: Malayalam Publication details: Thiruvananthapuram Mythri Books 2016/11/01Edition: 1Description: 274Subject(s): DDC classification:
  • S8 POY/AT
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction S8 POY/AT (Browse shelf(Opens below)) Available M158112

പ്രത്യക്ഷ രക്ഷാ ദൈവസഭ:
ക്രൈസ്തവ അപരത്വവും
രൂപവത്കരണത്തിന്റെ രീതിശാസ്ത്രവും

1 ഉത്പാദനബന്ധങ്ങളിൽ അധിഷ്ഠിതമായ മാർക്സിയൻ വർഗ്ഗസമീപനരീതികൾ ഇന്ത്യൻ കീഴാള അനുഭവലോകത്തിൻറെ സംസ്കാരികാധിഷ്ഠാനങ്ങളെ നിർണ്ണയം ചെയ്യുവാൻ വിസമ്മതിക്കുകയും, ഒപ്പം ഡോ.അംബേദ്‌കറുടെ സാമൂഹിക ജനാധിപത്യ ചിന്തകൾക്ക് കൂടുതൽ പ്രചാരം ലഭിക്കാൻ തുടങ്ങുകയും ചെയ്യുന്നതോടെയാണ് കേരളത്തിലെ ദളിതരുടെ രാഷ്ട്രീയാന്വേഷണങ്ങൾ ഒരു പുതിയ വഴിത്തിരിവിലേക്ക് നീങ്ങുന്നത്‌. എണ്‍പതുകളുടെ ആരംഭത്തോടെ കേരളത്തിൽ ദളിത്‌ എന്ന ആശയം ഒരു പൊതു സംവാദ ഇടമായിത്തീരുന്നതും ദളിതെഴുതുകൾ (dalit writings) ഒരു ബദൽ അധികാര മണ്ഡലമായി രൂപപ്പെടാൻ തുടങ്ങുന്നതും ഇതിന്റെ തുടർച്ചകളിലാണ്. കേരളമുൾപ്പടെ ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ പത്തൊൻപതാം നൂറ്റാണ്ടിനു ശേഷം രൂപപ്പെട്ട കീഴാള നവോത്ഥാന ചിന്താ ധാരകളെ വ്യവചേദിച്ചു പാഠവത്കരിച്ചു കൊണ്ടും അതിന്റെ അധീശ നിർമ്മിതികളെ ഗൌരവമായ പുനർവായനക്ക് വിധേയമാക്കിക്കൊണ്ടുമായിരുന്നു ദളിതെഴുത്തുകൾ പുതിയൊരു ചിന്താമണ്ഡലത്തെ സൃഷ്ടിച്ചെടുത്തത്.

2 പ്രത്യക്ഷ രക്ഷാ ദൈവസഭയെക്കുറിച്ചുള്ള (പി.ആർ.ഡി.എസ്സ്) അന്വേഷണങ്ങളും ഈ കാലഘട്ടത്തിൽത്തന്നെയാണ് ആരംഭിക്കുന്നത്. ഈ ദിശയിലുള്ള ആദ്യകാല സംരംഭങ്ങൾ സംഭവങ്ങളുടെ വിവരണ പാഠങ്ങളോ പൊയ്കയിൽ അപ്പച്ചൻറെ ജീവചരിത്രാഖ്യാനങ്ങളോ ആയിരുന്നുവെങ്കിൽ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ നടന്ന ഗൌരവമായ ചർച്ചകൾ കേരളീയ നവോത്ഥാനമൂല്യങ്ങളെ പർവ്വതീകരിക്കുന്ന ചരിത്ര സമീപനങ്ങൾക്കു സമാന്തരമായി തിരുവിതാംകൂറിന്റെ സാമൂഹിക പരിഷ്കരണ രംഗത്ത്‌ പ്രത്യക്ഷ രക്ഷാ ദൈവസഭയുടേതായ ഇടപെടലുകളെ രേഖപ്പെടുത്താനാണ് ശ്രമിച്ചുകൊണ്ടിരുന്നത്. ഒരു വിശ്വാസ സമൂഹമെന്ന നിലയിൽ പി.ആർ.ഡി.എസ്സ് തങ്ങൾക്കു മതിയായ ദൈവമായാണ്‌ പൊയ്കയിൽ അപ്പച്ചനെ എക്കാലവും ആരാധിച്ചു പോന്നത്. സഭയുടെ അടിസ്ഥാന വിശ്വാസമനുസരിച്ച്, അനാഥക്കുട്ടികൾക്ക് ലഭിച്ച വാക്കും മൊഴിയും പ്രകാരം അടിമപിതാക്കന്മാരുടെ തലമുറയിൽ വെളിപ്പെട്ട ദൈവശരീരമാണ് അപ്പച്ചൻ. പിതാക്കന്മാരുടെ കറുത്ത ശരീരത്തെ ഒരു ഉടുപ്പായി ധരിച്ചുകൊണ്ട് ഭൂവിടത്തിൽ ഇറങ്ങിയ ദൈവത്തെക്കുറിച്ചുള്ള സഭയുടെ നിരവധി ആഖ്യാനങ്ങളും ഇതോടൊപ്പം ചേർത്തു വായിക്കേണ്ടതുണ്ട് . പക്ഷെ, അടിമ പിതാക്കന്മാർ നേരിട്ടു കണ്ടു ബോധ്യപ്പെട്ട ആശ്രയ രൂപത്തെ ഒരു ദൈവാനുഭവമായി പുനസ്ഥാപിക്കുവാനുള്ള ആർജ്ജവം കാട്ടുന്നതിൽ പിന്നീടുവന്ന എഴുത്തുകൾ മിക്കവയും വിമുഖത പ്രകടിപ്പിക്കുന്നതായി കാണാം . പി.ആർ.ഡി.എസ്. ദൈവവിജ്ഞാനീയത്തെ സാമൂഹ്യ പരിഷ്കരണത്തിന്റെ കേവലമായ അക്കാദമിക്ക് തലത്തിലേക്കു ന്യൂനീകരിക്കുന്ന പാഠനിർമ്മിതികൾ പോലും പുറത്തുവന്നിട്ടുണ്ട് . ബോധപൂർവമല്ലെങ്കിൽ പോലും, കേരളീയ നവോത്ഥാന മൂല്യങ്ങളിലേക്ക് ഇഴചേർത്തുകൊണ്ട് 'സഭ' എന്ന പരികൽപ്പനയുടെ ദൈവശാസ്ത്രപരമായ വ്യതിരിക്തയെയും പ്രത്യക്ഷത്തിൽ അതിൻറെ പ്രഭവകേന്ദ്രമായിരുന്ന ഒരു ശരീരത്തിന്റെ മഹത്വപൂർണ്ണമായ ദൈവാസ്തിത്വത്തെയും തിരോഭവിപ്പിക്കുന്ന രചനാ രീതികളായിരുന്നു ഇത്തരം എഴുത്തുകളിൽ പൊതുവെ സ്വീകരിക്കപ്പെട്ടു കണ്ടത്.

3 വേരുറച്ചുപോയിരുന്ന ചില വരേണ്യനിഷ്ഠകളുടെയും ആചാരക്രമങ്ങളുടെയും കേവലമായ പരിഷ്കരണമെന്നതിലപ്പുറം കേരളീയ നവോത്ഥാനമുന്നേറ്റങ്ങൾക്ക് പൊതുവായ ഒരു സാംസ്‌കാരിക അന്തർധാര കണ്ടെത്തുകയെന്നത് ശ്രമകരമായിരിക്കും. സാമൂഹ്യഘടനയുടെ ഉപരിതലങ്ങളിൽ മാത്രം ദൃശ്യമായ മാറ്റങ്ങളായിരുന്നു യഥാർത്ഥത്തിൽ നവോത്ഥാനത്തിന്റെ തുടർച്ചകളെന്നോണം ചരിത്രത്തിൽ വാഴ്ത്തപ്പെട്ടവയെല്ലാം. നമ്പൂതിരി ഇല്ലങ്ങളുടെയും നായർ തറവാടുകളുടെയും ഉള്ളകങ്ങളിലേക്കായിരുന്നു അവയുടെ മൂല്യങ്ങൾ ഏറെയും വിന്യസിക്കപ്പെട്ടത്‌. സാമൂഹികതയുടെ ശ്രേണീകൃത സ്വഭാവത്തെ തെല്ലും അലോസരപ്പെടുത്താത്ത നിർവഹണങ്ങളായിരുന്നു അവ. ഇതേ സമയം അധസ്ഥിതരുടെ മേൽക്കയ്യിൽ കീഴാളനവോത്ഥാനമെന്ന പേരിൽ പൊതുവെ വ്യവഹരിക്കപ്പെട്ട മുന്നേറ്റങ്ങൾ വെറും 'ലഹളകൾ' മാത്രമായി കേരള ചരിത്രത്തിൽ അപഹസിക്കപ്പെട്ടുവെങ്കിലും അവയെല്ലാം സവർണ മേധാവിത്വത്തിൻ കീഴിൽ സാമൂഹ്യവും രാഷ്ട്രീയവും ആത്മീയവുമായ നിലനിൽപ്പ് അസാദ്ധ്യമാക്കപ്പെട്ട അടിത്തട്ടു ജീവിതങ്ങളുടെ അതിജീവന സമരങ്ങൾ തന്നെയായിരുന്നുവെന്നും കാണേണ്ടതുണ്ട്. പക്ഷെ , സംഘടിതമതങ്ങളും അതിന്റെ ഉത്പ്പന്നമായ ജാതിവ്യവസ്ഥയും കേരളത്തിൽ സ്ഥാപനവത്കരിച്ചെടുത്ത സാമൂഹിക ബന്ധങ്ങളെ വേണ്ടവിധത്തിൽ അഭിസംബോധന ചെയ്യുന്നതിൽ ഇവ പിന്നീട് പരാജയപ്പെടുകയായിരുന്നു. സാമാന്യമായ ഒരു വിശകലനത്തിൽ, കേരളീയ നവോത്ഥാനത്തിന്റെ കീഴാളധാരകളിലൊന്നും തന്നെ ആഴത്തിലുള്ള സ്വത്വാന്വേഷണങ്ങളോ മൌലികമായ പ്രത്യയശാസ്ത്ര നിലപാടുകളോ കണ്ടെത്താനാവില്ല.

4 നവോത്ഥാന മുന്നേറ്റങ്ങളുടെ ഇത്തരം ചില സാംസ്കാരിക മാനങ്ങൾക്ക് വെളിയിലായിരുന്നു പക്ഷെ, പ്രത്യക്ഷ രക്ഷാ ദൈവസഭ അതിന്റെ ചരിത്ര സാന്നിദ്ധ്യത്തെ ആത്മീയമായി രേഖപ്പെടുത്തിയത്. നവോത്ഥാന മൂല്യങ്ങളോട് അത് ഒരിക്കലും സംവദിച്ചിരുന്നില്ല എന്നല്ല ഇതിനർത്ഥം. ഹിന്ദുമതത്തിന്റെയും ക്രിസ്തുമതത്തിന്റെയും 'പുറവഴികൾ' പോലും സഭ കണ്ടെത്തുന്നുണ്ട്. എന്നാൽ, നവോത്ഥാനത്തിൻറെ പൊതുവായ ചിന്താസരണിയിൽ നിന്നും തീർത്തും വ്യത്യസ്തമായ ഒരു മേഖലയിലൂടെയാണ് പി.ആർ.ഡി.എസ് സഞ്ചരിച്ചത്. പത്തൊൻപതാം നൂറ്റാണ്ടിൻറെ അന്ത്യത്തിൽ തിരുവിതാംകൂറിലെ കീഴാള ജനതകളുടെ സാംസ്കാരിക ജീവിതത്തിലും ചിന്തയിലും പി.ആർ.ഡി.എസ്സ് തീർച്ചയായും സ്വാധീനം ചെലുത്തുന്നുണ്ടെങ്കിലും വംശബോധത്തിന്റെ സവിശേഷമായ ഒരു പ്രത്യയശാസ്ത്ര മണ്ഡലത്തെ അടിസ്ഥാനതലത്തിൽ രൂപപ്പെടുത്തിയതുകൊണ്ടാണ് ജാതിയുടെ ബ്രാഹ്മണിക നിഷ്കർഷകളെ അനായാസം അതിനു മറികടക്കുവാൻ കഴിഞ്ഞത്. ഒരു ജനതയെന്ന നിലയിൽ, അടിമ സമൂഹങ്ങളുടെ മറയ്ക്കപ്പെട്ട ചരിത്രവും സംസ്കാരവും ഉയർത്തിയെടുക്കുന്നതിലൂടെ അപ്പച്ചൻ വികസിപ്പിച്ചെടുത്ത പുതിയൊരു കീഴാള ജ്ഞാനധാരയും അത്തരമൊരു ആശയ ലോകത്തിൽ ചുവടുറപ്പിക്കുന്ന വ്യതിരിക്തമായ ദൈവചിന്തയുമായിരുന്നു പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ മുഖമുദ്രയായിത്തീർന്നത്.

5 യഥാർത്ഥത്തിൽ, ലോകാരംഭത്തിന് മുൻപേ ദൈവികമായി നിശ്ചയിക്കപ്പെട്ടതും, ഭൂമിയിൽ ഇണചൊല്ലുവാൻ മറ്റൊന്നില്ലാത്തതുമായ (uneque ) ഒന്നിന്റെ പ്രത്യക്ഷീകരണമാണ് പ്രത്യക്ഷ രക്ഷാ ദൈവസഭ എന്നാണ് പാടിപ്പതിഞ്ഞ വിശ്വാസം. കൂട്ടായ്മയുടെ കേവലമായ സാങ്കേതിക മാനങ്ങൾക്കപ്പുറം 'സഭ' എന്ന വിവക്ഷ തന്നെ പരമമായ ദൈവബോധത്തിന്റെ സാന്നിദ്ധ്യവത്കരണത്തെയാണ് ഇവിടെ സൂചിപ്പിക്കുന്നത്. അപ്പച്ചൻ എന്ന അടിമ ശരീരമാവട്ടെ, അതിഭൌതികമായ ദൈവചേതനയുടെ നേരിട്ടുള്ള കാഴ്ചയും അനുഭവവുമായിത്തീരുകയുമാണ് . ബഹുവിധങ്ങളായ അടിമാനുഭവങ്ങളുടെ തീക്ഷ്ണതകളിൽ അകപ്പെടുന്നതിലൂടെ മാനവികതയിൽ നിന്നും ബന്ധം പിരിഞ്ഞ് അനാഥമായിപ്പോകുന്ന വംശത്തിൻറെ വിമോചകനായി ശരീരമെടുക്കുന്ന ദൈവം ജനതയെ നേരിട്ടു വീണ്ടെടുക്കുന്ന സവിശേഷമായ ഒരു ആദ്ധ്യാത്മികദർശനമാണ് പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ വിശ്വാസത്തിന്റെ (faith) അടിസ്ഥാനം. അപ്പച്ചൻ എന്ന കറുത്ത അടിമ ശരീരം ഇവിടെ ആത്യന്തികമായ രക്ഷയുടെ (salvation) സൂചകമായിത്തീരുകയാണ്. ആദ്ധ്യാത്മികതയുടെ ഇത്തരം അപൂർവ നിർവ്വഹണങ്ങൾ അതിരിട്ട ഒരു വൈജ്ഞാനിക മണ്ഡലത്തിൽ അനിവാര്യമായും സംഭവിക്കേണ്ടിയിരുന്ന പ്രാഥമികമായ സാമൂഹികരൂപീകരണത്തിന്റെ ദൈവിക സാക്ഷാത്കാരമായിരുന്നു പ്രത്യക്ഷ രക്ഷാ ദൈവസഭ എന്ന ആവിഷ്കാരം.

പ്രതിനിധാനത്തിന്റെ സങ്കീർണ്ണതകൾ

6 പ്രത്യക്ഷ രക്ഷാ ദൈവസഭയിലേക്കുള്ള ചരിത്ര വഴികളുടെ ഒരു സവിശേഷത, അത് ഓരോ ഘട്ടങ്ങളിലും നിശ്ചിതമായ ചില മാറ്റങ്ങളെ (transitions) ഉൾക്കൊണ്ടുകൊണ്ടാണ് വികസിച്ചുകൊണ്ടിരുന്നുവെന്നുള്ളതാണ്. അടിമ ജീവിതത്തിന്റെ പ്രാകൃതമായ എല്ലാ അനുഷ്ഠാനങ്ങളെയും റദ്ദു ചെയ്യുകയും, പകരം മറ്റൊരു 'സാംസ്‌കാരിക അപരത്വ' ത്തിലേക്ക് ജനതയെ പരിവർത്തിപ്പിക്കുകയും (transform) ചെയ്തു കൊണ്ടാണ് അടിമത്തത്തിന്റെ ജീർണ്ണമായ അനുഭവമണ്ഡലത്തെ പ്രാരംഭ ഘട്ടത്തിൽ ജനത മറികടക്കുന്നത്. പ്രത്യക്ഷ രക്ഷാ ദൈവസഭയെ സംബന്ധിച്ചിടത്തോളം, താത്കാലികമായ നിർമ്മിക്കപ്പെട്ട ഈ സാംസ്‌കാരിക അപരത്വമായിരുന്നു 'ക്രിസ്തുമതം' എന്ന ഇടം. എന്നാൽ അത് സഭയുടെ മറ്റൊരു സാംസ്കാരിക അപരത്വമായിരുന്നില്ല . മറിച്ച് , ഒരു ജനതയുടെ വിശ്വാസ രഥ്യകളിൽ നിർമ്മിക്കപ്പെട്ട വൈവിധ്യങ്ങളായാണ് അവ അടയാളപ്പെടേണ്ടിയിരുന്നത്. സെമെറ്റിക് രക്ഷാ സങ്കൽപ്പത്തോടുള്ള ദൈവശാസ്ത്രപരമായ വിയോജിപ്പുകളുടെ സൈദ്ധാന്തീകരണം കൂടിയായിരുന്നു ഇതിലൂടെ ഉദ്ദേശിക്കപ്പെട്ടത്. അതുകൊണ്ടാണ് ക്രിസ്തീയതയെ അടിസ്ഥാനമായി സ്വീകരിക്കാൻ സഭാ വിശ്വാസി തുടക്കത്തിൽ നിർബന്ധിതനായത്.

7 പക്ഷെ ഇത്തരം വിശ്വാസപരമായ അപരത്വങ്ങളുമായി സംവദിക്കുമ്പോഴും പ്രത്യക്ഷ രക്ഷാ ദൈവസഭയെ അപ്പച്ചൻ കലർപ്പില്ലാതെ രഹസ്യമായി മാറ്റിനിർത്തുന്നുണ്ട് . മേൽപ്പറഞ്ഞ മാറ്റി നിർത്തലിന്റെ ദാർശനിക മാനങ്ങളെ ഗഹനമായി അപഗ്രഥിക്കാൻ കഴിയാതെ പോയതാണ് പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ ആത്മീയതയെ പലപ്പോഴും ആരോപണ വിധേയമാക്കിക്കൊണ്ടിരുന്നത്. സഭയുടെ വിശ്വാസവഴിയിൽ മാറ്റങ്ങൾ യഥാർത്ഥത്തിൽ സംഭവിക്കേണ്ടിയിരുന്നത്‌ അപ്പച്ചന്റെ ശരീരമാറ്റത്തോടു (metamorphosis) കൂടിയായിരുന്നു. കാരണം, അപ്പച്ചന്റെ ശരീരമാറ്റം എന്ന പ്രക്രിയ തന്നെ ഗോചരമായ (visible) ഒരു ആശ്രയ രൂപത്തിൽ നിന്നും 'രക്ഷ' എന്ന മണ്ഡലത്തിലേക്കും ഒപ്പം ലോകത്തിന്റെ വെളിച്ചം എന്ന വിശാലമായ ജ്ഞാനത്തിലേക്കുമുള്ള ദൈവാനുഭവത്തിന്റെ പരിവർത്തനമാണ് . സഭയെ സംബന്ധിച്ചിടത്തോളം അതുവരെ തുടർന്നുവന്ന എല്ലാ ക്രൈസ്തവ ബോധന രീതികളെയും ഉപേക്ഷിച്ചുകൊണ്ട് പുതിയ വ്യവസ്ഥയെ സ്വീകരിക്കേണ്ടിയിരുന്ന പ്രാധാന്യമേറിയ ഒരു മുഹൂർത്തമായിരുന്നു അത്. നിർഭാഗ്യവശാൽ അതിന്റെ ദൈവശാസ്ത്രപരത ആഴത്തിൽ അപഗ്രഥിക്കപ്പെടാതെ പോവുകയാണ് ഉണ്ടായത്. വിശ്വാസപരവും പ്രതിനിധാനപരവുമായ ഈ സങ്കീർണ്ണത തന്നെയായിയായിരുന്നു തൊള്ളായിരത്തി നാൽപ്പതുകൾക്ക് ശേഷം സഭയെ അടിമുടി ഉലച്ചുകൊണ്ട് അനാവശ്യമായ വ്യവഹാരങ്ങളിലേക്ക് വലിച്ചിഴച്ചതും .

8 യഥാർത്ഥത്തിൽ, ആത്മീയമായും സാംസ്കാരികമായും പ്രാകൃതവത്കരിക്കപ്പെട്ടു പോയിരുന്ന ഒരു ജനതയെ ക്രിസ്തീയത എന്ന പരിഷ്കൃത ഇടത്തിൽ ഏകീകരിച്ചുകൊണ്ട് വേദപുസ്തകത്തിന്റെ പ്രാമാണികതക്ക് വിധേയമാക്കുകയായിരുന്നില്ല അപ്പച്ചൻ ചെയ്തത്. പൊയ്കക്കൂട്ടർ, അപ്പച്ചൻ സഭക്കാർ തുടങ്ങിയ പ്രതിനിധാനങ്ങളിൽ കൂടി ഒടുവിൽ പ്രത്യക്ഷ രക്ഷാ ദൈവസഭ എന്ന പൂർണ്ണതയിലേക്ക് എത്തുമ്പോൾ ബൈബിൾ ആത്യന്തികമായി അവരുടെ വിശ്വാസമായിത്തീരുന്നുമില്ല. പകരം, ഒരു ദൈവശാസ്ത്ര മാതൃക (specimen ) എന്ന രീതിയിൽ ക്രിസ്തീയ വ്യവഹാരങ്ങളെ ദൈവശാസ്ത്രപരമായി വിശകലന വിധേയമാക്കുകയായിരുന്നു ഈ ഘട്ടത്തിൽ. ക്രിസ്തീയത എന്ന ആവരണത്തെ ഉപരിതലത്തിൽ നിർമ്മിച്ചുകൊണ്ട്‌ സമൂഹികതക്കു വെളിയിൽ നിശ്ചലമായി ചിതറിക്കിടന്നിരുന്ന അടിമശരീരങ്ങളെ ചരിത്രമനുഷ്യരായി വംശീകരിക്കുകയും അതോടൊപ്പം തന്നെ ആന്തരികമായി മറ്റൊരു വ്യവസ്ഥയെ രൂപപ്പെടുത്തിക്കൊണ്ട് ക്രിസ്തീയ രക്ഷയെ പുതിയൊരു സംവാദ മണ്ഡലത്തിലേക്ക് ഉയർത്തുകയുമായിരുന്നു അപ്പച്ചൻ.

9 താൻ കണ്ടെടുത്ത അനാഥ ജനതകളുടെ വിമോചനത്തിന്റെയും വീണ്ടെടുപ്പിന്റെയും ദൈവവിധികൾ അടിമ പിതാക്കാൻമാർക്കു മുൻപിൽ അപ്പച്ചൻ വെളിപ്പെടുത്തുന്നത് ഇതിന്റെ തുടർച്ചകളിലാണ്‌. എഴുതപ്പെട്ട എല്ലാ എഴുത്തുകളും (scriptures) ഉപേക്ഷിക്കുന്ന അന്തിമമായ ഈ ഘട്ടത്തിലാണ് താൻ ധരിച്ച കറുത്ത ശരീരത്തിനുള്ളിലെ ദൈവികഭാവത്തെ പിതാക്കന്മാർക്ക് വെളിപ്പെടുത്തുന്നതും, എണ്ണമറ്റ അടിമ ജനതകളുമായി അപ്പച്ചൻ ക്രിസ്തീയ സഭകളിൽ നിന്നും മറനീക്കി പുറത്തേക്കു വരുന്നതും.

10 അപ്പച്ചന്റെ ശരീരകാല പ്രവർത്തനങ്ങളുടെ പ്രാരംഭ ദശയിലെ ചെറിയൊരു ഘട്ടമെങ്കിലും വിവിധ ക്രൈസ്തവ സഭകൾക്കുള്ളിൽ നിർവഹിക്കപ്പെട്ടതിനാൽ സ്വാഭാവികമായും ക്രിസ്ത്യൻ നവീകരണ പ്രസ്ഥാനമെന്ന നിലയിൽ തുടക്കത്തിൽ പ്രത്യക്ഷ രക്ഷാ ദൈവസഭ വ്യാഖ്യാനിക്കപ്പെടുവാൻ ഇടയായി. സഭയുടെ ആദ്യകാല പാട്ടുകളിലും ആഖ്യാനങ്ങളിലും കടന്നുകൂടിയ നിരവധി ക്രിസ്ത്യൻ സംവർഗങ്ങളും ബിംബ കൽപ്പനകളും പൊതു സമൂഹത്തിൽ ഇത്തരമൊരു ചിത്രം രൂപപ്പെടുത്തുവാൻ കാരണമായിട്ടുണ്ടാവണം. ഒരു പ്രത്യേക ചരിത്ര ഘട്ടത്തിൽ ക്രിസ്തീയതയെ ഒരു മറയായി സ്വീകരിക്കുകയും ക്രിസ്തുമതത്തിൽ അകപ്പെട്ടുപോയ (trapped) അടിമ ജനതകളുടെ വിമോചന പ്രക്രിയയിൽ ദൈവികമായി ഇടപെട്ടുകൊണ്ട് പുതിയൊരു രക്ഷാ വ്യവസ്ഥയെ ദൈവികമായി രൂപപ്പെടുത്തുകയുമായിരുന്നു അപ്പച്ചൻ.

11 അടിമത്ത കേരളത്തിൽ ഹിന്ദുമതം നിർമിച്ച അധികാര ശാസനങ്ങൾക്ക് കീഴിൽ നിന്നും ക്രിസ്തുമതത്തിലേക്ക് പലായനം ചെയ്യുകയും, എന്നാൽ അതേ മതത്തിനുള്ളിൽ സാംസ്കാരികവും വിശ്വാസപരവുമായുള്ള ഇരട്ട അടിമത്തം പേറുവാൻ നിർബന്ധിതരാവുകയും ചെയ്ത കുറെ നിർഭാഗ്യ ജനതകളെയെയാണ്‌ അപ്പച്ചൻ ദർശിക്കുന്നത്. ക്രിസ്തുമതത്തിന്റെ പുറവഴികളിലെ രക്ഷയുടെ അനിശ്ചിതത്വങ്ങളിൽ, അന്ത്യവിധിയുടെ ഭയാശങ്കകൾ നിരന്തരം ആകുലപ്പെടുത്തിയ ഈ അടിമ മനുഷ്യരെയാണ് അപ്പച്ചൻ ദൈവികമായിമായി വീണ്ടെടുക്കുന്നത്. പ്രത്യക്ഷത്തിൽ ഇത് ക്രിസ്തീയ സഭകളോടും അവയുടെ അധികാര വ്യവസ്ഥയോടുമുള്ള കീഴാള പ്രതിരോധമെന്ന നിലയിൽ നിരീക്ഷിക്കപ്പെടാമെങ്കിലും സൂക്ഷ്മതലത്തിൽ അടിമ ജനതകൾക്കായുള്ള പുതിയൊരു ദൈവവ്യവസ്ഥയുടെ ക്രമാനുഗതമായ രൂപപ്പെടൽ ആയിരുന്നു. ആ വ്യവസ്ഥയിലേക്കുള്ള നീതീകരണത്തിൻറെ കവാടമായി വേണം പ്രത്യക്ഷ രക്ഷാ ദൈവസഭ എന്ന നിർമ്മിതിയെ വ്യാഖാനിക്കുവാൻ.

12 ലോകമെങ്ങും പ്രചരിച്ചുകൊണ്ടിരുന്ന ഒരു അദ്ധ്യാത്മിക ചിന്തയായിട്ടുകൂടി ജാതിഗ്രസ്തമായ ഇന്ത്യയുടെ പ്രത്യേക സാംസ്‌കാരിക പരിസരങ്ങളിൽ ക്രിസ്തുമതം എല്ലായ്പോഴും സമഗ്രമായ ഒരു പരിഷ്കരണത്തെ ആവശ്യപ്പെട്ടുകൊണ്ടാണിരുന്നത്. ഈ അനിവാര്യതയോടാണ് ജാതിവ്യവസ്ഥയുടെ അഭിനവ പ്രയോക്താക്കളായിത്തീർന്ന കേരളീയ ക്രൈസ്തവ സഭകൾ എക്കാലവും നിശബ്ദമായി മുഖം തിരിച്ചു നിന്നത്. ദാരിദ്രരോടുള്ള സ്നേഹത്തെയും സമഭാവനയെയും ഉദ്ഘോഷിച്ച ദൈവപുത്രന്റെ തിരുരക്തത്തിൽനിന്നും ഉരുവം കൊണ്ട ഒരു മതത്തിന് എങ്ങനെയാണ് അശരണരായ അടിമ മനുഷ്യരോട് വിവേചനാത്മകമാവാൻ കഴിയുക? അങ്ങനെയെങ്കിൽ എന്തു സുവിശേഷമായിരിക്കും അവർക്ക് ലോകത്തോട്‌ പ്രഘോഷണം ചെയ്യാനുണ്ടാവുക? ഒരു പക്ഷെ, ക്രിസ്തീയത ഉൾക്കൊണ്ട ഈ സാമൂഹിക വൈരുദ്ധ്യത്തെ പ്രത്യക്ഷ രക്ഷാ ദൈവസഭ അഭിസംബോധന ചെയ്ത രീതി (approch) ആയിരിക്കണം കേരളീയ നവോത്ഥാനത്തിന്റെ തുടർച്ചകളിലേക്ക് സഭയെ കണ്ണിചേർക്കുവാനുള്ള വ്യഗ്രതയായി പിന്നീടു പരിവർത്തനപ്പെടുന്നത്.

13 സകലർക്കും കീഴിൽ അടിമപ്പെട്ടുപോയ ഒരു ജനതയെന്ന നിലയിൽ അടിമ ജാതികളുടെ പൊതുവായ സാമൂഹിക സംഘാടനത്തിനുള്ള എല്ലാ സാധ്യതകളെയും റദ്ദു ചെയ്തു കൊണ്ടാണ് ക്രൈസ്തവീകരണം ദലിതനെ പരലോകത്തിലെ സന്തോഷങ്ങളുടെ കാൽപ്പനിക ലോകത്തേക്ക് വലിച്ചിഴച്ചത്. അതുകൊണ്ടുതന്നെ, സവർണ്ണന്റെ കുപ്പത്തൊട്ടിയിൽ ചവിട്ടേറ്റു പിടയുമ്പോഴും പറുദീസയുടെ സ്വപ്നസമാനമായ അനുഭവങ്ങളിൽ അവൻ അഭിരമിച്ചിരിക്കണം. എന്നാൽ, ക്രിസ്തുമതവും ക്രൈസ്തവ സഭകളും ഇന്ത്യയിൽ അനുവർത്തിച്ച സാമൂഹിക വിവേചനങ്ങൾ ക്കെല്ലാമപ്പുറം വേദപുസ്തകം അനുശാസിച്ച രക്ഷാസിദ്ധാന്തങ്ങളിന്മേൽ അപ്പച്ചൻ ഉയർത്തിയ അടിസ്ഥാനപരമായ ദൈവശാസ്ത്ര നിലപാടുകളും വിയോജിപ്പുകളുമാണ് ഗൌരവമായ അന്വേഷണങ്ങൾക്ക് വിഷയീഭവിക്കേണ്ടത് .

ക്രിസ്തുമതം: അടിമത്ത കേരളത്തിൽ

14 ക്രിസ്തുമതത്തിന്റെ കേരളത്തിലെ ആവിർഭാവകാലം കൃത്യമായി ഇന്നും ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. വിദേശീയമായ ചരിത്രരേഖകളിൽ നിന്നുമാണ് ഇതേക്കുറിച്ചുള്ള പ്രാഥമിക നിഗമനങ്ങൾ രൂപപ്പെടുന്നത് . എ.ഡി ഒന്നാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ ക്രിസ്തു ശിഷ്യനായിരുന്ന വിശുദ്ധ.തോമാശ്ലീഹായുടെ (St .Thomas) ആഗമനത്തോടെയാണ് ക്രിസ്തുമതം കേരളത്തിൽ പ്രചരിക്കാൻ ആരംഭിച്ചതെന്നാണ് ഇന്ന് പരക്കെയുള്ള വിശ്വാസം. ഏഴര പള്ളികൾ സ്ഥാപിച്ചുകൊണ്ട് കേരളത്തിൽ ക്രിസ്തുമതത്തിന്റെ അടിസ്ഥാനമിട്ടത്‌ അദ്ദേഹമായിരുന്നത്രേ.എന്തായാലും രണ്ടാം നൂറ്റാണ്ടിൽ ഈജിപ്ഷ്യൻ കച്ചവടക്കാർ മലബാർ പ്രദേശത്ത് ക്രിസ്തുമത വിശ്വാസികളെ കണ്ടെത്തിയതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇവർ ഒരുപക്ഷേ മലബാറിലേക്ക് കച്ചവടാർത്ഥം വന്നെത്തിയ ജൂതന്മാരിൽ നിന്നും പിന്നീട് ക്രിസ്ത്യാനികളായിത്തീർന്ന ഒരു പ്രത്യേക വിഭാഗമായിരിക്കാമെന്നും അഭിപ്രായമുണ്ട് . ഇക്കാലത്ത് കൊടുങ്ങല്ലൂരിൽ ധാരാളം ജൂതന്മാരും സുറിയാനി ക്രൈസ്തവരും ഉണ്ടായിരുന്നതായി ഇസ്ലാമിക ചരിത്രകാരനായ ഫെരിസ്ത (Feristha ) സാക്ഷ്യപ്പെടുത്തുന്നു.


15 എ.ഡി.345 ൽ ക്നായി തൊമ്മൻ (Thomas of Kana ) വാണിജ്യത്തിനും മത പ്രചാരണത്തിനുമായി തന്റെ സേവകരായ മുന്നൂറോളം അനുയായികളുമൊത്ത് കപ്പൽ കയറി കേരളത്തിൽ എത്തിച്ചേരുന്നതായി പ്രാചീന ചരിത്ര രേഖകളിൽ കാണാം . എ ഡി 378 ൽ ഇവർ പന്ത്രണ്ടാം ചേരമാൻ പെരുമാളിനെ വണങ്ങി പ്രീതിപ്പെടുത്തുന്നത്തിലൂടെ മധ്യകേരളത്തിൽ ധാരാളം സ്വത്തും സാമൂഹികമായ പദവികളും (privilages ) സമ്പാദിക്കുന്നുണ്ട്. നസ്രാണികൾ എന്ന പേരിലായിരുന്നു ആദ്യകാല സുറിയാനി ക്രിസ്ത്യാനികൾ തുടക്കത്തിൽ അറിയപ്പെട്ടത്. വ്യക്തമായ തെളിവുകളൊന്നുമില്ലെങ്കിലും, ദ്രാവിഡേതരമായ സിറിയൻ പാരമ്പര്യം അവകാശപ്പെട്ടുകൊണ്ടാണ് കേരളത്തിലെ സാമൂഹ്യ ശ്രേണിയിൽ ശുദ്രർക്കൊപ്പം ഇവർ പദവികൾ കരസ്ഥമാക്കുന്നത്. വേണാട് രാജാക്കന്മാരുടെ ഭരണകാലത്ത് സുറിയാനികൾ നിരവധി ആനുകൂല്യങ്ങളും ഉയർന്ന ജാതിഹിന്ദുക്കൾക്ക് സമാനമായ അധികാരങ്ങളും നേടിയെടുക്കുന്നതായി അക്കാലത്ത് എഴുതപ്പെട്ട ചെപ്പേടുകൾ സാക്ഷ്യപ്പെടുത്തുന്നു.


16 വിശുദ്ധ പത്രോസിനാൽ (St.Peter) സ്ഥാപിതമായ റോമിലെ ഈശോ സഭ (കത്തോലിക്കാ സഭ ) സീറോ മലബാർ ,സീറോ മലങ്കര, ലത്തീൻ എന്നീ മൂന്നു വിഭാഗങ്ങളായാണ് കേരളത്തിൽ രൂപപ്പെട്ടത്. സെന്റ്‌ തോമസ്‌ പാരമ്പര്യത്തിലുള്ള സുറിയാനികൾ സിറോമലബാർ , സിറോമലങ്കര വിഭാഗങ്ങളിൽ സ്വാംശീകരിക്കപ്പെട്ടപ്പോൾ ഈശോസഭയുടെ തുടർച്ചക്കാരനായ വിശുദ്ധ. ഫ്രാൻസിസ് സേവ്യർ (St.Francis Xavior) 1542 ൽ കൊച്ചിയിൽ എത്തിച്ചേരുകയും കേരളത്തിന്റെ തീരപ്രദേശങ്ങളിൽ അധിവസിച്ചിരുന്ന ധാരാളം മുക്കുവ ജനതകളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തുകൊണ്ട് ലത്തീൻ കത്തോലിക്കാ സഭക്ക് അടിസ്ഥാനമിടുകയും ചെയ്തു. കേരളത്തിലെ ആദ്യകാല സുറിയാനി ക്രൈസ്തവർ ഇവരെ താഴ്ന്ന ജാതിയെന്ന നിലയിൽ അയിത്തം കൽപ്പിച്ച് അകറ്റി നിർത്തിയിരുന്നതായി ഫ്രാൻസിസ് ഡേ (Francis Day) രേഖപ്പെടുത്തിയിട്ടുണ്ട്. പതിനഞ്ചാം നൂറ്റാണ്ടോടെ, വത്തിക്കാൻ കേന്ദ്രിത ആത്മീയ വിധേയത്വത്തെക്കുറിച്ചും റോമൻ, ലത്തീൻ ആചാരക്രമങ്ങളിലെ വൈരുദ്ധ്യങ്ങളെക്കുറിച്ചും ഉയർന്നുവന്ന അഭിപ്രായ സംവാദങ്ങൾ കേരളത്തിലെ ക്രൈസ്തവസഭകളിലെ പരമ്പരാഗതമായ അനുഷ്ഠാനങ്ങളിൽ നിരവധി മാറ്റങ്ങൾ വരുത്തി. എന്നാൽ, കച്ചവടത്തെക്കാളേറെ മതപ്രചാരണത്തിൽ ബദ്ധശ്രദ്ധരായിരുന്ന പോർച്ചുഗീസുകാരുടെ ആഗമനത്തോടെയാണ് കേരളത്തിൽ ക്രിസ്തുമതം വ്യാപകമാകുവാൻ തുടങ്ങുന്നത്. കേരളത്തിലെ ആദിമ നസ്രാണികളുടെ പഴയ ആചാരങ്ങളെ നവീകരിച്ചുകൊണ്ട് ക്രിസ്തുമതത്തെ ഇന്നത്തെ രീതിയിൽ പരിഷ്ക്കരിച്ചെടുത്തത് പോർച്ചുഗീസ് അധിനിവേശ കാലഘട്ടത്തിലായിരുന്നുവെന്ന് പറയാം.

17 വൈദേശികാധിനിവേശത്തിൽ കീഴിൽ ക്രിസ്തുമതത്തിന്റെ വളർച്ചയെ പ്രോത്സാഹിപ്പിക്കുവാൻ നിർബന്ധിതരായ ക്ഷത്രിയ ഭരണകൂടങ്ങളുമായിരുന്നു എക്കാലവും കേരളത്തിലേത് . തിരുവിതാകൂർ റീജൻട് റാണി സേതു ലക്ഷ്മിഭായിയുടെ ഭരണകാലത്ത് റസിഡൻട്‌ ആയിരുന്ന കേണൽ. ജോണ്‍ മണ്‍റോ (Col. John Munro) 1812 ൽ സുറിയാനി ക്രൈസ്തവർക്ക് വിദ്യാഭ്യാസത്തിനും മത പരിഷ്കരണത്തിനുമായി നിരവധി ആനുകൂല്യങ്ങൾ നൽകി. ഇതേ കാലഘട്ടത്തിൽ കൊച്ചി രാജവംശമാവട്ടെ, സിറിയൻ ക്രൈസ്തവരെ വേണ്ടത്ര ശ്രദ്ധിക്കാതെ ലത്തീൻ കത്തോലിക്കാ സഭയെ അകമഴിഞ്ഞു പ്രോത്സാഹിപ്പിക്കുന്നത് കാണാം. കൊച്ചി, മലബാർ പ്രദേശങ്ങളെ മുഴുവൻ പ്രതിനിധീകരിക്കുന്ന വരാപ്പുഴ അതിരൂപതയും മറ്റും രൂപീകരിക്കപ്പെടുന്നത് ഇക്കാലത്താണ്.

18 ഇതേ സമയം തിരുവിതാംകൂറിൽ ശക്തമായ സാമൂഹിക സുരക്ഷിതത്വം നേടിയെടുക്കുന്ന സുറിയാനി ക്രൈസ്തവർ സവർണ്ണ ഭരണകൂടങ്ങളുടെ മൌനാനുവാദത്തോടെ വ്യാപകമായി ഭൂമി വെട്ടിപ്പിടിക്കുകയും സംഘടിതമായ കുടിയേറ്റങ്ങളിലൂടെ കാർഷിക മേഖലയിൽ തങ്ങളുടേതായ അധികാരം സ്ഥാപിച്ചെടുക്കുകയും ചെയ്തുകൊണ്ടിരുന്നു. കുടിയേറ്റത്തിൻറെ സുവർണ്ണ ജൂബിലി വലിയ ആഘോഷമായി പിന്നീടു കൊണ്ടാടിയ ക്രൈസ്തവ സഭകൾ പോലും കേരളത്തിലുണ്ട്! ഭരണകൂടങ്ങളുടെ ഒത്താശയോടെ നടന്ന അവിഹിതമായ ഇത്തരം വിഭവ സമാഹരണത്തിലൂടെ വിദ്യാഭ്യാസ മേഖലയിലും കൂടുതൽ നിക്ഷേപം നടത്തുവാൻ ഇവർക്കു കഴിഞ്ഞു. പത്തൊൻപതാം നൂറ്റാണ്ട് ആകുമ്പോഴേക്കും യൂറോപ്യന്മാരുടെ സഹകരണത്തോടെ ഇവർ നാണ്യവിള, തോട്ടം മേഖലകളിലേക്ക് പ്രവേശിക്കുകയും കേരളത്തിന്റെ മൊത്തം സാമ്പത്തികാധികാരമണ്ഡലത്തിൽ നിർണ്ണായക ശക്തിയായിത്തീരുകയുമായിരുന്നു .

19 വരേണ്യ വിഭാഗങ്ങളെ മാത്രം ഉൾക്കൊണ്ടുകൊണ്ടാണ് കേരളത്തിൽ ക്രിസ്തുമതം പ്രാരംഭ ഘട്ടത്തിൽ വളർന്നുവന്നത് ഓരോ കാലത്തും അധികാരം കയ്യാളിയിരുന്ന നാടുവാഴികളുടെയും രാജാക്കന്മാരുടെയും സഹായത്തോടെയാണ് ഒരു സംഘടിത മതമെന്ന നിലയിൽ ഇവർ കേരളത്തിൽ ചുവടുറപ്പിക്കുന്നത്. ഹിന്ദുമതം അടിമ ജനതകളോട് വച്ചുപുലർത്തിയ അതേ മനോഭാവം തന്നെയായിരുന്നു സുറിയാനി ക്രൈസ്തവരും മാതൃകയാക്കിയത്. ലത്തീൻ കത്തോലിക്കാ സഭകളിൽ ചേക്കേറിയ പ്രാദേശിക ജനവിഭാഗങ്ങൾ ജാതിശ്രേണിയിലെ ഉയർച്ച താഴ്ച്ചകൾക്കനുസൃതമായി മുന്നൂറ്റിക്കാർ, അഞ്ഞൂറ്റിക്കാർ, എഴുനൂറ്റിക്കാർ എന്നിങ്ങനെ അറിയപ്പെട്ടു. സ്നേഹത്തെയും സ്ഥിതി സമത്വത്തെയും ഉദ്ഘോഷിച്ച ക്രിസ്തുമതം സ്വീകരിച്ച കേരളത്തിലെ സവർണ്ണ വിഭാഗങ്ങൾ അതിന്റെ മൂല്യങ്ങൾക്ക് കടകവിരുദ്ധമായി പ്രവർത്തിച്ചുകൊണ്ടാണ് അടിമ ജനതകളെ അടിച്ചമർത്തുകയും കന്നുകാലികളെ പോലെ ക്രയവിക്രയം നടത്തുകയും ചെയ്തത്. പത്തൊൻപതാം നൂറ്റാണ്ടിൽ ഒരു ക്രിസ്ത്യൻ ജന്മിയുടെ സമൂഹ്യപദവി അയാൾ കൈവശം വച്ചിട്ടുള്ള അടിമകളുടെ എണ്ണത്തെക്കൂടി ആസ്പദമാക്കിയായിരുന്നു നിർണ്ണയിക്കപ്പെട്ടിരുന്നത്‌. സുറിയാനി ക്രിസ്ത്യാനികളായ ജന്മിമാർ തങ്ങളുടെ കുടുംബങ്ങളിൽ നിന്ന് വിവാഹം ചെയ്തയക്കുന്ന പെണ്‍കുട്ടികളോടൊപ്പം അടിമകളെക്കൂടി സ്ത്രീധനമായി നല്കിയിരുന്നു .

20 സാമൂഹ്യശ്രേണിയിൽ താരതമ്യേന ഉയർന്ന പദവി സ്വായത്തമാക്കുന്നതിലൂടെ തുടക്കത്തിലേതന്നെ ജാതി ഗ്രസ്തമായിത്തീർന്നിരുന്നു കേരളത്തിലെ ഒട്ടെല്ലാ ക്രൈസ്തവ സഭകളും . നാടുവാഴി ജന്മിത്ത വ്യവസ്ഥയും ക്ഷത്രിയ ഫ്യൂഡൽ ഭരണകൂടങ്ങളും കേരളത്തിൽ ജാതീയതയെ പ്രോത്സാഹിപ്പിച്ചു പോന്നത് ക്രൈസ്തവ സഭകൾക്കും അയിത്താചാരങ്ങൾ അതേപടി നിലനിർത്തുവാൻ സഹായകമായി. മലബാറിലെ റോമൻ സഭകളെപ്പറ്റി അന്വേഷിക്കുവാൻ നിയുക്തനായ ഗോവൻ ആർച്ച് ബിഷപ്‌ മെനാസിസ് (Don Alexis De Menezes ) സംഘടിപ്പിച്ച 1599 ലെ പ്രസിദ്ധമായ ഉദയംപേരൂർ സൂനഹദോസിലെ ഡിക്രിയിൽ കേരളത്തിലെ കീഴ് ജാതികളോട് പരസ്യമായി അയിത്തം പുലർത്തുവാൻ വ്യവസ്ഥ ചെയ്യുന്നുണ്ട്. വിശുദ്ധ പത്രോസ് കത്തോലിക്കാ സഭ സ്ഥാപിക്കുന്നതുതന്നെ തന്നെ അടിമകളോടും ദരിദ്രനോടും പക്ഷം ചേർന്നുകൊണ്ടായിരുന്നു (preferential option for the poor) എന്നാണ് വയ്പ്പ്. മധ്യ തിരുവിതാംകൂറിലെ ലത്തീൻ കത്തോലിക്കാ രൂപതകളിൽ അകപ്പെട്ടുപോയ പുലയരും പറയരും എക്കാലവും നേരിട്ടിരുന്ന സ്വത്വ പ്രതിസന്ധി (identity crisis ) നിസ്സാരമായി തള്ളിക്കളയാൻ കഴിയുമെന്നു തോന്നുന്നില്ല. സെമിത്തേരിയിൽ പോലും വിവേചനം നേരിട്ട ഒരു സമൂഹമാണവർ .

21 പതിനാറാം നൂറ്റാണ്ടിലെ പ്രൊട്ടസ്റ്റന്റ് വിപ്ലവത്തെ തുടർന്ന് കത്തോലിക്കാ സഭയെ വെള്ളപൂശുവാനായി സ്പെയിനിൽ ആരംഭിച്ച ജസ്യൂട്ട് (Jesuit) സഭ കേരളത്തിൽ ബ്രാഹ്മണിക വ്യവസ്ഥയെ പിൻതുടരുവാൻ ഏറ്റവും ഉത്സാഹം പ്രകടിപ്പിച്ച ഒരു ക്രൈസ്തവ സന്ന്യാസ സമൂഹമായിരുന്നു . കേരളത്തിൽ ജസ്യൂട്ട് മിഷനറിയായിരുന്ന ഡി നോബിലി (De Nobili ) അയിത്ത ജാതികളെ പൂർണമായും പ്രതിരോധിക്കുന്നതിനായി 1606 ൽ റോമൻ കത്തോലിക്കാ സഭക്കുള്ളിൽ ജാതിവ്യവസ്ഥയെയും അയിത്താചാരങ്ങളെയും തന്ത്രപൂർവ്വം കുത്തിച്ചെലുത്തുവാൻ പ്രേരിപ്പിക്കുന്നതായി കാണാം. എത്ര നല്ല സമരിയാക്കാർ! എണ്ണത്തിൽ അൽപ്പം കുറവായിരുന്നുവെങ്കിലും വിവേചനങ്ങളുടെ കാര്യത്തിൽ തിരുവിതാംകൂറിലെ യാക്കോബായ സുറിയാനികളും ഒട്ടും പിന്നിലായിരുന്നില്ല. സുവിശേഷം സത്യമാണെന്ന് ധരിച്ച് നിരവധി യാക്കോബായപ്പള്ളികളിൽ യേശുവിനെ അന്വേഷിച്ചെത്തിയ കീഴ് ജാതികൾക്ക് സവർണരുടെ പിൻനിരയിലായിരുന്നു സ്ഥാനം!


22 പത്തൊൻപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ, സ്കാന്റിനേവിയൻ കത്തോലിക്കാ സഭയുടെ (Danish Mission) കേരളത്തിലെ മിഷനറി തലവനായിരുന്ന ഷുവാർട്ട്സ് (Schwartz ) അവരുടെ പള്ളികളിൽ ഉയർന്ന ജാതികളെയും താഴ്ന്ന ജാതികളെയും വെവ്വേറെ വിഭാഗമായി ഇരുവശത്തും വേർതിരിച്ചാണ് ഇരുത്തിയത്. തിരുവത്താഴശുശ്രൂഷകളിൽ പോലും കീഴ് ജാതികൾക്കു ഭക്ഷിക്കാൻ പ്രത്യേക പാത്രങ്ങൾ നൽകിക്കൊണ്ടാണ് അവർ ഈ സാധുമനുഷ്യർക്കു മുന്നിൽ ദൈവ സ്നേഹം വിളമ്പിയത്. ഇതിനോട് യോജിക്കാൻ കഴിയാത്തവർക്ക് വേണമെങ്കിൽ 'സവർണർ ഭക്ഷിച്ചു തൃപ്തരായ'ശേഷം അതേ പാത്രങ്ങൾ തന്നെ ഉപയോഗിക്കാമല്ലോ? കീഴ് ജാതികൾക്കുള്ള അപ്പവും ഓസ്തിയുമെല്ലാം ആദ്യകാലങ്ങളിൽ സവർണ പൌരോഹിത്യത്തിന്റെ ഔദാര്യമായി കരുതപ്പെട്ടിരുന്നു. ക്രൈസ്തവ സഭകളിലെ ജാതി വിവേചനത്തിനെതിരെ മദ്രാസ്‌ പ്രസിഡൻസിയിൽ ബ്രിട്ടീഷ് സർക്കാർ നിയമം പാസ്സാക്കിയതിനു ശേഷവും കേരളത്തിൽ ഈ സ്ഥിതിക്ക് കാര്യമായ മാറ്റമുണ്ടായില്ല എന്ന് ഫ്രാൻസിസ് ഡേ (Francis Day) നിരീക്ഷിക്കുന്നുണ്ട് . ചുരുക്കത്തിൽ, വിശ്വാസത്തിൽ മാത്രം നേരിയ വ്യത്യസ്തത പുലർത്തിയ കീഴാള വിരുദ്ധ കൂട്ടായ്മകളായിത്തന്നെ വേണം കേരളത്തിലെ ക്രൈസ്തവ സമൂഹങ്ങളെ വീക്ഷിക്കാൻ.

അയിത്ത ജനതകൾ ക്രൈസ്തവീകരിക്കപ്പെടുമ്പോൾ

23 പതിനാറാം നൂറ്റാണ്ടിൽ ജോണ്‍ കാൽവിൻ, മാർട്ടിൻ ലൂതർ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന മതനവീകരണത്തിലൂടെ രൂപപ്പെട്ട ക്രിസ്തീയതയുടെ നവീനധാരകൾ സുവിശേഷ പ്രഘോഷണാർത്ഥം പിന്നീട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് നീങ്ങുവാൻ തുടങ്ങി. രക്ഷയുടെ സാർവത്രികത, പൌരോഹിത്യത്തിൻറെ ജനകീയവത്കരണം തുടങ്ങിയ പുരോഗമനാത്മക ക്രൈസ്തവ ചിന്തകൾക്ക് പ്രചാരം ലഭിക്കുന്നതോടെ റോമൻ മേധാവിത്വത്തിൽ നിന്നും വേർപെടുന്ന വിവിധ പ്രൊട്ടസ്റ്റന്റ് സഭകകളുടെ ഭരണ നിയന്ത്രണം യൂറോപ്യന്മാരിൽ നിക്ഷിപ്തമാവുകയും തങ്ങളുടെ കോളനി പ്രദേശങ്ങളിലേക്ക് മതപ്രചാരണാർത്ഥം അവർ മിഷനറിമാരെ അയക്കുവാൻ ആരഭിക്കുകയും ചെയ്തു. തിരു കൊച്ചിയിൽ 1813 ൽ റസിഡനട്‌ ആയിരുന്ന കേണൽ ജോണ്‍ മണ്‍റോയുടെ ഭരണകാലത്താണ് ആംഗ്ലിക്കൻ മിഷനറിമാർ തിരുവിതാംകൂറിലേക്ക് ഔപചാരികമായി ക്ഷണിക്കപ്പെടുന്നത് . യാക്കോബായ / റോമൻ സുറിയാനികളുടെ ആചാര പരിഷ്കരണമായിരുന്നു ഇതിൻറെ പിന്നിലുണ്ടായിരുന്ന യഥാർത്ഥ ലക്‌ഷ്യം. എന്നാൽ , മിഷനറി പ്രവർത്തനങ്ങൾക്കെതിരെ അതുവരെ നിലനിന്നിരുന്ന നിയമപരമായ വിലക്കുകൾ നീക്കിക്കൊണ്ട് ബ്രിട്ടീഷ് സർക്കാർ ഇംഗ്ലിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കു മതപ്രചാരണത്തിനുള്ള അധികാരം കൂടി പുതുക്കി നൽകുന്നതോടെ യൂറോപ്യന്മാർ കേരളത്തിലെ ആംഗ്ലിക്കൻ മിഷനറി പ്രവർത്തനങ്ങൾക്ക് പച്ചക്കൊടി വീശി. ബ്രിട്ടീഷ് ഭരണത്തിൻ കീഴിൽ പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ തഴച്ചുവളരാൻ തുടങ്ങിയ ഈ ആംഗ്ലിക്കൻ, പ്രൊട്ടസ്റ്റന്റ് സഭാവിഭാഗങ്ങളാണ് കേരളത്തിലെ കീഴാള അടിമ ജാതികളെ വ്യാപകമായി ക്രിസ്തുമതത്തിലേക്ക് മാർഗ്ഗംകൂട്ടുവാൻ ആദ്യമായി മുന്നോട്ടുവന്നത്.

24 തെക്കൻ തിരുവിതാംകൂറിലെ ലണ്ടൻ മിഷനറി സൊസൈറ്റി (1806) , മദ്ധ്യതിരുവിതാംകൂറിലെ സി.എം. എസ്(1806) , മലബാറിലെ ബാസൽ മിഷ്യൻ(1834) എന്നിവയായിരുന്നു ഇവയിൽ പ്രധാനപ്പെട്ടവ. പത്തൊൻപതാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ യാക്കോബായ സമൂഹത്തിൽ നിന്നും വേർപെട്ട് മധ്യ തിരുവിതാംകൂറിൽ രൂപപ്പെട്ട മറ്റൊരു പ്രൊട്ടസ്റ്റന്റ് സഭാ വിഭാഗമായിത്തീർന്ന മാർത്തോമ സഭയിലേക്ക് ധാരാളം അടിമജാതികൾ എത്തിച്ചേരുന്നുണ്ട് . ഇതേ സമയം കേരളത്തിന്റെ തീരപ്രദേശങ്ങളിൽ നിരവധി രൂപതകൾ സ്ഥാപിച്ചുകൊണ്ട് പ്രബലമായിത്തീർന്ന ലത്തീൻ കത്തോലിക്കാ സഭ മധ്യ തിരുവിതാംകൂറിൽ അടിമ ജാതികളെക്കൂടി ക്രൈസ്തവീകരിക്കുന്നതായി കാണാം.

25 നിരവധി ഇവാൻജലിക്കൽ പ്രസ്ഥാനങ്ങളും നവ സുവിശേഷ പ്രവർത്തനങ്ങൾക്കായി ഇക്കാലത്ത് തിരുവിതാംകൂറിൽ ഈ കാലഘട്ടത്തിൽ തമ്പടിക്കുന്നുണ്ട് . രക്ഷാ സൈന്യം(salvation army), യഹോവ സാക്ഷികൾ, (witness of jehovah), ശാബത് മിഷ്യൻ (seventhday adventists) , ബ്രദറണ്‍ സഭ (bretherens), വേർപാട്‌ (separatists) പ്രസ്ഥാനം തുടങ്ങി പരമ്പരാഗത ക്രൈസ്തവ ധാരയിൽ നിന്നും വേർപെട്ട നിരവധി സഭകളും വിവിധ പെന്തക്കോസ്ത് (pentacostal) വിഭാഗങ്ങളും തിരുവിതാംകൂറിന്റെ വളക്കൂറുള്ള മണ്ണിൽ സജീവമാകാൻ തുടങ്ങി. മേൽപ്പറഞ്ഞ കാലഘട്ടത്തിൽ, പ്രൊട്ടസ്റ്റന്റ്-ആംഗ്ലിക്കൻ സഭകളിലേക്കും നവ സുവിശേഷ (neo- evanjalical) പ്രസ്ഥാനങ്ങളിലേക്കുമുള്ള ക്രൈസ്തവവത്കരണം ഏറ്റവും കൂടുതൽ സംഭവിക്കുന്നത് കേരളത്തിലെ പിന്നോക്ക അടിമ വർഗങ്ങളിൽ നിന്നുമായിരുന്നു എന്നത് ശ്രദ്ധേയമാണ്.

26 എന്നാൽ, അടിമജനതകളെ സംബന്ധിച്ചിടത്തോളം ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ചുകൊണ്ട് സ്വർഗ്ഗ രാജ്യം നേടുവാനുള്ള അഭിവാഞ്ജ മാത്രമായിരുന്നില്ല ക്രൈസ്തവീകരണത്തിനു പിന്നിലുണ്ടായിരുന്നത്. മനുഷ്യ സമുദായത്തെ സമഭാവനയോടെ വീക്ഷിക്കുന്ന ഒരു ലോകമതമെന്ന നിലയിൽ അതിനു കീഴിൽ അണിനിരക്കുന്നതിലൂടെ അടിമത്തത്തിന്റെ ക്രൂരമായ അനുഭവങ്ങളിൽ നിന്നും മോചനം നേടാൻ കഴിയുമെന്ന പ്രതീക്ഷകൂടിയായിരുന്നു കൂട്ടത്തോടെയുള്ള ഈ മാർഗ്ഗം കൂടലിന്റെ പ്രേരകശക്തി . ക്രിസ്തുമതം ഉറപ്പുനൽകിയ സാമൂഹ്യ പദവിയും മതപരമായ സുരക്ഷിതത്വവും തങ്ങളുടെ കീഴാള അടിമാനുഭവങ്ങളെ അതിജീവിക്കുവാൻ പര്യാപ്തമാവുമെന്ന വിശ്വാസമായിരുന്നു പ്രധാനമായും ഇതിനു പ്രചോദനമായിത്തീർന്നത്‌.


27 ലണ്ടൻ മിഷ്യൻ സൊസൈറ്റി (എൽ.എം.എസ് ) മിഷിനറി യായിരുന്ന ചാൾസ് സ്മാൾട്ട് ‌ അടിമജാതികളുടെ ഈ രക്ഷപ്പെടൽ മനോഭാവത്തെ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെങ്കിലും അവരെ ക്രിസ്തുമതത്തിലേക്ക് സ്നാനപ്പെടുത്താൻ യാതൊരു വിമുഖതയും കാട്ടിയില്ല . എന്നാൽ, സി.എം.എസ്സിലെ (church mission society) ആദ്യകാല മിഷനറിമാരായിരുന്ന ഹെൻട്രി ബേക്കർ , ജോസഫ്‌ പീറ്റ് തുടങ്ങിയവർ അടിമജാതികളുടെ മാർഗ്ഗം കൂടലിനെ തെല്ലും അനുകൂലിച്ചിരുന്നില്ല എന്നു മാത്രമല്ല തികഞ്ഞ അസഹിഷ്ണുതയോടെ വീക്ഷിക്കുകയും ചെയ്തു. തിരുവിതാംകൂറിലെ സവർണ്ണർക്കിടയിൽ ക്രിസ്തുമതത്തെ അംഗീകരിപ്പിക്കേണ്ടതിനായി സി.എം.എസ് അതിന്റെ സവർണ്ണ വിഭാഗത്തെ കൂടുതൽ വികസിപ്പിക്കേണ്ടതുണ്ട് എന്നായിരുന്നു ഹെൻട്രി ബേക്കറുടെ നിലപാട്. ജോസഫ്‌ പീറ്റാവട്ടെ, പുലയർ എന്നെന്നും പ്രത്യേക ജാതികളായിത്തന്നെ നിലനിൽക്കുമെന്ന് പ്രവചിക്കുകയും ചെയ്തു. അങ്ങനെയാണ് പ്രധാനപ്പെട്ട ചില പള്ളികളിൽ നിന്നും ദളിതരെ ഒഴിവാക്കിക്കൊണ്ട് സി.എം.എസ്. അതിൻറെ സുറിയാനി വിഭാഗത്തെ കേരളത്തിൽ ശക്തമാക്കിയെടുക്കുവാൻ തുടങ്ങുന്നത്. പുലയർക്കായി പ്രത്യേകം 'പുലപ്പള്ളികൾ' തിരുവിതാംകൂറിൽ സ്ഥാപിതമാകുന്നത് അങ്ങനെയാണ് .

28 പ്രൊട്ടസ്റ്റന്റ് സഭകൾക്കു കീഴിൽ ക്രൈസ്തവീകരിക്കപ്പെട്ട തിരുവിതാംകൂറിലെ അടിമ ജനതകൾ വഴിനടക്കുവാനും ശുദ്ധിയായ വസ്ത്രങ്ങൾ ധരിക്കുവാനുമുള്ള സ്വാതന്ത്ര്യം നേടുന്നുണ്ട്. അതോടൊപ്പം, സാമൂഹ്യമായ അധമത്വത്തിന്റെ സൂചകങ്ങളായിരുന്ന പഴയ പേരുകളെ ഉപേക്ഷിക്കുകയും ക്രിസ്തീയമായ പുതിയ പേരുകൾ സ്വീകരിക്കുകയും ചെയ്യുന്നതിലൂടെ പുതിയ ഒരു സാംസ്‌കാരിക വിലാസം (cultural identity) സ്വന്തമാക്കുന്നുമുണ്ട്. മിഷിനറിമാർ ആരംഭിച്ച അടിമ സ്കൂളുകൾ ഈ ദിശയിലുള്ള പുതിയ ചിന്താധാരകൾക്ക് ആക്കം കൂട്ടുകയും ചെയ്തു. പക്ഷെ, തിരുവിതാംകൂറിലെ ജാതിഘടനയെ അതേപടി പറിച്ചുനട്ടുകൊണ്ടാണ് ഇത്തരം ക്രൈസ്തവ സഭകളും കീഴ് ജാതികളെ സ്നാനപ്പെടുത്തിയത്. ഇത് സഭകൾക്കുള്ളിൽത്തന്നെ പുറംജാതികൾ, അകംജാതികൾ എന്ന ദ്വന്ദ്വത്തെ ശക്തമാക്കുകയും, പുറംജാതികളായ അടിമ ജനതകൾ പള്ളിയിൽ അവർക്കായി പ്രത്യേകം തിരിച്ചിട്ട ഭാഗങ്ങൾ മാത്രം ഉപയോഗിച്ചുകൊണ്ട് ആരാധനയിൽ പങ്കുകൊള്ളേണ്ടിവരികയും ചെയ്തു. പ്രാർത്ഥനാവേളയിൽ പോലും ദൈവത്തിനു മുൻപിൽ മനുഷ്യരെ സമന്മാരായി കാണാൻ കഴിയാനാവാതെ ക്രൈസ്തവ സങ്കല്പ്പത്തെത്തന്നെ അപ്പാടെ വ്യഭിചരിക്കുകയായിരുന്നു തിരുവിതാംകൂറിലെ പുതുസഭകൾ. വിദേശീയനായ മിഷനറിയോടൊപ്പം സി എം എസ് പള്ളിയിലേക്ക് അയിത്ത ജാതികൾ പ്രാർത്ഥനക്കായി പ്രവേശിക്കുമ്പോൾ സുറിയാനി ക്രൈസ്തവർ തീണ്ടലിൽ നിന്നും രക്ഷപെടാൻ മാർഗം കാണാതെ പള്ളിയുടെ ജനലുകളിലൂടെ പുറത്തേക്കു ചാടി രക്ഷപെട്ട ഒരു സംഭവം റോബിൻ ജെഫ്രി (Robin Jeffrey) രേഖപ്പെടുത്തിയിട്ടുണ്ട്.


29 മാർഗ്ഗം കൂടി സഭയിലേക്ക് ചേർന്ന കീഴ്ജാതികളോടുള്ള കടുത്ത വിദ്വേഷം നിമിത്തം സവർണ്ണ ക്രൈസ്തവർ മർദ്ദിച്ചു തുരത്തിയോടിച്ച ഒരുകൂട്ടം സാധു മനുഷ്യർ മധ്യകേരളത്തിലെ കൊട്ടുകാപ്പള്ളി എന്ന പ്രദേശത്ത് കൂട്ടത്തോടെ അഭയം തേടുകയും തലമുറകളായി ദളിത്‌ ക്രൈസ്തവരായി അധിവസിച്ചുപോരുകയും ചെയ്യുന്നുണ്ട് . പാറക്കെട്ടുകൾ മാത്രം നിറഞ്ഞ അധിവാസയോഗ്യം പോലുമല്ലാത്ത ഈ പ്രദേശം എങ്ങനെയാണ് ഒരു 'ദളിത്‌ ക്രൈസ്തവ ഗ്രാമ' മായി മാറുവാൻ ഇടയായത് എന്നതിനെക്കുറിച്ചുള്ള അന്വേഷത്തിലാണ് 'രക്ഷ' തേടിപ്പോയ കറുത്തവന്റെ പഴയൊരു കൂട്ടപ്പലായനത്തിന്റെ സങ്കടങ്ങൾ അണപൊട്ടിയയത് . പരമ്പരാഗത സിറിയൻ വിഭാഗങ്ങളിൽ നിന്നും വേർപെട്ട് ആംഗ്ലിക്കൻ സഭകളിലേക്കു മാറിയിരുന്ന സവർണ്ണ ക്രിസ്ത്യാനികൾ അതിലേക്ക് പിന്നീടു ചേർന്ന അയിത്ത ജാതികളെ ഉൾക്കൊള്ളാൻ കഴിയാതെ അത്തരം സഭകൾ പൂർണ്ണമായും ഉപേക്ഷിച്ചുപോയ ചരിത്രവുമുണ്ട് തിരുവിതാംകൂറിന്. ആംഗ്ലിക്കൻ സഭകൾക്ക് കീഴിൽ അടിമ ജാതികൾ സ്വന്തമായി കെട്ടിയുയർത്തിയ താത്കാലിക പള്ളികൾ സവർണ്ണർ രാത്രികാലങ്ങളിൽ തീവച്ചു നശിപ്പിച്ച നിരവധി സംഭവങ്ങൾ കൊളോണിയൽ ചരിത്രകാരന്മാർ രേഖപ്പെടുത്തിയിരിക്കുന്നു. കേരളത്തിലെ ക്രൈസ്തവജന്മിമാർ തങ്ങൾക്കു കീഴിലുള്ള അടിമ ജാതികളുടേതായ ഒരു ബദൽ സമൂഹത്തിന്റെ മതപരമായ വളർച്ചയെ എത്രത്തോളം അഷിഷ്ണുതയോടെയാണ് കണ്ടിരുന്നത്‌ എന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് ഇത്.

30 ചുരുക്കത്തിൽ, ആയിരത്തി എണ്ണൂറുകൾക്ക് ശേഷം ക്രൈസ്തവീകരണത്തിനു വിധേയമാവാൻ നിർബന്ധിതരായ അടിമകൾ സങ്കീർണ്ണമായ ചില പ്രതിനിധാനങ്ങളിലേക്കാണ് അകപ്പെട്ടു പോകുന്നത്. ബ്രാഹ്മണസൃഷ്ടമായ ജാതിവ്യവസ്ഥയും അതിനെ പുനരുജ്ജീവിപ്പിച്ച ക്രിസ്തുമതവും കൈകോർക്കുന്നതിലൂടെ ഗുരുതരമായ ഒരു പ്രശ്നമണ്ഡലമാണ് സൃഷ്ടിക്കപ്പെട്ടത്. ക്രൈസ്തവീകരണത്തിലൂടെ രക്ഷ പ്രാപിക്കാൻ ആഗ്രഹിച്ച അടിമജനങ്ങൾ അതേ മതത്തിനുള്ളിൽത്തന്നെ ജാതീയമായി കീഴൊതുക്കപ്പെടുന്ന പരിതാപകരമായ കാഴ്ചയാണ് പിന്നീടു നാം കാണുന്നത് . ഗുരുതരമായ ഈ സാംസ്കാരിക പ്രതിസന്ധിയാണ് തിരുവിതാംകൂറിൽ നിരവധി പറപ്പള്ളികളുടെയും പുലപ്പള്ളികളുടെയും രൂപീകരണത്തിനു കാരണമായിത്തീരുന്നത്. പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ ഒരു പാട്ടിൽ ഈ സ്ഥിതിവിശേഷത്തെ നിരീക്ഷിക്കുന്നത് നോക്കുക:

''പള്ളിയോടു പള്ളി നിരന്നിങ്ങു വന്നിട്ടും
വ്യത്യാസം മാറി ഞാൻ കാണുന്നതില്ല
തെക്കൊരു പള്ളി വടക്കൊരു പള്ളി
കിഴക്കൊരു പള്ളി പടിഞ്ഞാറൊരു പള്ളി
പറയനൊരു പള്ളി പുലയനൊരു പള്ളി
മീൻപിടുത്തക്കാരൻ മരക്കാന്റെ പള്ളി
തമ്പുരാനൊരു പള്ളി അടിയാനൊരു പള്ളി
അക്കൂറ്റും ഇക്കൂറ്റും വെവ്വേറെ പള്ളി ....''

31 തിരുവിതാംകൂറിലെ സവർണ ക്രൈസ്തവർ തന്ത്രപൂർവ്വം നിലനിർത്തിയ ആയിത്താചാരങ്ങളെയെങ്കിലും കുറഞ്ഞ പക്ഷം നാടുവാഴി ഭരണകൂടങ്ങൾ പ്രോത്സാഹിപ്പിചിരുന്നതായി കാണാം. അവർണൻ മതം മാറി സത്യക്രിസ്ത്യാനിയായിത്തീർന്നാലും ജാതീയമായ അവൻറെ അയിത്താചാരങ്ങളെ പഴയപടി തന്നെ അനുഷ്ഠിക്കണമെന്നാണ് 1851 ൽ തിരുവിതാംകൂർ ദിവാൻ കൃഷ്ണറാവു പ്രാദേശിക പ്രവർത്തികാരന്മാർക്കു (village officer ) റൂളിംഗ് നല്കുന്നത്. ക്രിസ്തുമതം സ്വീകരിച്ച ഈഴവൻ ഹൈന്ദവ ക്ഷേത്രത്തിന്റെ തീണ്ടപ്പാട് ലംഘിച്ച ഒരു സംഭവത്തിന്മേലായിരുന്നു ഈ റൂളിംഗ് നടത്തിയത്. യൂറോപ്യൻ മിഷിനറികൾക്ക് പിന്നാലെ സഭാ നേതൃത്വത്തിലേക്ക് കടന്നുവന്ന സവർണ ക്രിസ്ത്യാനികൾ, അവരുടെ പാശ്ചാത്യരായ മുൻഗാമികൾ മാർഗ്ഗംകൂട്ടിയ അടിമ ജാതികളോട് അസഹിഷ്ണുത കാട്ടുന്നതിൻറെ പച്ചയായ ആവിഷ്ക്കാരം പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ നിരവധി പാട്ടുകളിൽ കാണാം. ക്രിസ്തീയതയുടെ ആധികാരിക പ്രമാണങ്ങളെയും പ്രബോധനങ്ങളെയും അധികരിച്ചുകൊണ്ടായിരുന്നു ഈ അവസ്ഥയെ പൊയ്കയിൽ അപ്പച്ചൻ വിമർശനാത്മകമായി സമീപിച്ചത്.

''പള്ളിയിൽ ചെന്നിരുന്നാൽ , ഒരു -
തള്ളപെങ്ങന്മാരെപ്പോലുര ചെയ്യും
പള്ളിപിരിഞ്ഞതിൻ ശേഷം, പറ -
ക്കള്ളീ പുലക്കള്ളീയെന്നു വിളിക്കും.....''
വേദം നീ വായിച്ചിട്ടുണ്ടോ,അതിൽ
ജാതിയെത്രയെന്നു നീ കണ്ടിട്ടുണ്ടോ
എൻ മാന്യ കൂട്ടു സ്നേഹിതാ...?

32 ചുരുക്കത്തിൽ, ഹിന്ദുമതം മൃഗസമാനമാക്കി അടിച്ചമർത്തിയ തിരുവിതാംകൂറിലെ അടിമജനതകൾക്കാണ് ക്രിസ്തുമതത്തിന്റെ പിന്നാമ്പുറങ്ങളിൽ സാമൂഹ്യ പദവിയെന്ന അപ്പക്കഷണത്തിനായി യാചിച്ചു നിൽക്കേണ്ടിവന്നത്. ഹിന്ദു മതത്തിന്റെയും ക്രിസ്തുമതത്തിന്റെയും പുറവഴികളിലേക്ക് ബഹിഷ്ക്കരിക്കപ്പെട്ട ഈ ജനതകളുടെ സാമൂഹ്യവും മതപരവുമായ അനാഥത്വം പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ മറ്റൊരു ആവിഷ്ക്കാരത്തിൽ ആഴത്തിൽ പ്രകടമാകുന്നുണ്ട്.

''ഹിന്ദുമതത്തിൻ പുറവഴിയെ നമ്മൾ
ബന്ധമില്ലാതെ നടന്നുവല്ലോ,
ക്രിസ്തുമതത്തിൻ പുറവഴിയെ നമ്മൾ
അനാഥരെന്നപോൽ സഞ്ചരിച്ചൂ,
ഹിന്ദുമതക്കാരും ചേർത്തില്ലല്ലോ,നമ്മെ-
ക്രിസ്തുമതക്കാരും ചേർത്തില്ലല്ലോ....''

33 പ്രത്യക്ഷത്തിൽ ഇത് ഹിന്ദുമതവും ക്രിസ്തുമതവും ബഹിഷ്കരിച്ച ഒരു ജനതയുടെ വിലാപമായി തോന്നാമെങ്കിലും, മതങ്ങളുടെ പുറവഴികളിൽ കൂടിയുള്ള അടിമജനതകളുടെ ഇത്തരം സഞ്ചാരങ്ങളെ പൊയ്കയിൽ അപ്പച്ചൻ മറ്റൊരു തലത്തിലൂടെടെയാണ് നിരീക്ഷിക്കുന്നത്. എന്തുകൊണ്ടാണ് മതങ്ങൾ ക്കു ചുറ്റും ഇത്തരം പുറവഴികൾ രൂപപ്പെടുന്നത്? എന്തുകൊണ്ടാണ് ഒരു വിഭാഗം ജനതകൾ മാത്രം ഇത്തരം പുറവഴികളിലേക്ക് വലിച്ചെറിയപ്പെടുന്നത്‌? ക്രിസ്തുമതത്തെ സംബന്ധിച്ചിടത്തോളം ഒരേ സമയം സാമൂഹ്യവും ദൈവശാസ്ത്രപരവുമായ നിരവധി മാനങ്ങളാണ് ഇത്തരം പുറവഴി സഞ്ചാരങ്ങൾക്കുമേൽ ആരോപിക്കേണ്ടി വരിക. ജാതീയമായ അധമത്വം സൃഷ്ടിക്കുന്ന പ്രക്ഷുബ്ധതകൾക്കപ്പുറം മതം വാഗ്ദാനം ചെയ്യുന്ന ദൈവിക രക്ഷയുടെ അഭാവങ്ങളെക്കൂടിയാണ് അത് സൂചിപ്പിച്ചത്. ക്രിസ്തീയ വ്യവസ്ഥയുടെ ദൈവനിഷ്ടമായ 'തോതു' കൾക്കു വെളിയിലുള്ള ജനതകളുടെ അനാഥ സഞ്ചാരങ്ങളായാണ് അത്‌ വ്യാഖ്യാനിക്കപ്പെട്ടത് . അടിമ തലമുറകളെ സംബന്ധിച്ചിടത്തോളം ക്രിസ്തുമതം ഉറപ്പുനൽകിയ രക്ഷയുടെ അനിശ്ചിതത്വങ്ങൾക്കാണ് അപ്പച്ചൻ ഊന്നൽ നൽകുന്നത്. 'പള്ളിയോടു പള്ളി ..' എന്ന പാട്ടിൻറെ അവസാന ഭാഗത്ത് എത്തുമ്പോൾ രക്ഷ എന്ന ക്രൈസ്തവ ആശയത്തോടുതന്നെ അപ്പച്ചൻ നിഷേധാത്മകമാകുന്നതു കാണാം.

''വാദ്യഘോഷങ്ങൾ മുഴക്കുന്നവരും
രക്ഷയ്ക്കുകർമ്മങ്ങൾ ചെയ്യുന്നവരും
ഈവിധമൊക്കെ നടത്തിത്തുടങ്ങീട്ടും
രക്ഷയ്ക്കു നിശ്ചയം വന്നില്ല കേട്ടോ...''

34 ചുരുക്കത്തിൽ, ആത്മാവിന്റെ രക്ഷയ്ക്ക് അപ്പോഴും നിശ്ചയം വന്നിട്ടില്ലാത്ത ഒരു മതത്തിന്റെ കുടുക്കുകളിലേക്കായിരുന്നു അടിമ ജനതകൾ അകപ്പെട്ടു പോയിരുന്നത്. സാംസ്കാരികവും ആത്മീയവുമായ ഇരട്ട പ്രതിസന്ധിയായിത്തീർന്നു അവർക്കിത്. ഈ അനാഥ ജനതയെയായിരുന്നു തിരുവിതാംകൂറിൽ അപ്പച്ചന് വീണ്ടെടുക്കേണ്ടിയിരുന്നത്.

ഇത്തരമൊരു പ്രത്യേക ചരിത്രപരിസരത്തു നിന്നുകൊണ്ട് വേണം പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ ക്രൈസ്തവ അപരത്വത്തെയും പൊയ്കയിൽ അപ്പച്ചന്റെ ക്രിസ്തീയ വേഷപ്പകർച്ചയെയും അപഗ്രഥിക്കുവാൻ .

അപ്പച്ചൻ: ക്രിസ്തീയ വേഷത്തിന്റെ ദൈവശാസ്ത്ര പരിസരങ്ങൾ

35 അപ്പച്ചനെ തന്റെ മാതാപിതാക്കൾ കൊമരൻ (കുമാരൻ) എന്നായിരുന്നത്രേ നാമകരണം ചെയ്തത്. മധ്യ തിരുവിതാംകൂറിലെ ഇരവിപേരൂർ ദേശത്ത് ശങ്കരമംഗലം എന്ന സിറിയൻ ക്രൈസ്തവ ജന്മി കുടുംബത്തിലെ ആശ്രിതരായിരുന്നു ഇവർ . ശങ്കരമംഗലത്തേക്ക് വിലയ്ക്കു വാങ്ങി കൊണ്ടു വന്ന കുഞ്ഞിളേച്ചി എന്ന അടിമയായിരുന്നു തനിക്കു ജന്മം നൽകിയത് . അടിമകൾക്ക് വിദ്യാഭാസം നിഷേധിക്കപ്പെടിരുന്ന ഒരു കാലഘട്ടമായിരുന്നു കുമാരൻറെ ബാല്യം . കുട്ടിയായ കുമാരനിലെ അസാമാന്യമായ ജ്ഞാനതൃഷ്ണ കണ്ടെത്തിയ എഴുത്താശാൻ കൂടിയായ തേവർകാട് കൊച്ചുകുഞ്ഞ് എന്ന ഉപദേശി കുട്ടിക്ക് ബാല്യത്തിൽത്തന്നെ അക്ഷരാഭ്യാസം നൽകുകയുണ്ടായി . അക്ഷരാഭ്യാസം നേടിയതിനു ശേഷം പതിനഞ്ചാം വയസ്സ് വരെ ശങ്കരമംഗലം തമ്പുരാക്കന്മാർക്കു കീഴിൽ അടിമവേലകൾ ചെയ്തു വന്ന കുമാരൻ ഈ കാലഘട്ടത്തിൽ വേദപുസ്തക സംബന്ധിയായ ലഘുലേഖകൾ ധാരാളം വായിക്കുകയും അതിൽ ആഴത്തിലുള്ള പരിജ്ഞാനം നേടുകയും ചെയ്തു.


36 വേദപുസ്തകവും അതിന്റെ വ്യവസ്ഥാപരമായ തലങ്ങളും താൻ ഉൾപ്പെടുന്ന സമൂഹത്തിന്റെ അനുഭവ തലങ്ങളിലൂടെ അന്വേഷിക്കുകയായിരുന്നു കുമാരൻ. തന്റെ വേദ പ്രഭാഷണങ്ങളിലൂടെയും കീഴാള ജ്ഞാനവിനിമയങ്ങളിലൂടെയും വലിയൊരു അനുയായിവൃന്ദം ഈ ഘട്ടത്തിൽ അപ്പച്ചനോടൊപ്പം വന്നുചേരുന്നുണ്ട് . അങ്ങനെയിരിക്കെ ശങ്കരമംഗലം കുടുംബത്തിലെ അയിരൂർ വല്യച്ചൻ എന്ന പുരോഹിതൻ അപ്പച്ചന്റെ വേദജ്ഞാനത്തെപ്പറ്റി കേട്ടറിയുകയും പ്രൊട്ടസ്റ്റന്റ് വിഭാഗമായ മാർത്തോമ സഭയുടെ സുവിശേഷ പ്രവർത്തനങ്ങൾക്ക് നിയോഗിക്കുന്നതിലേക്ക് തന്നെ ക്ഷണിക്കുകയും ചെയ്തു. അയിരൂർ വല്യച്ചനാണ് കൊമരൻ എന്ന അടിമപ്പേര് മാറ്റുന്നതിനെപ്പറ്റി അഭിപ്രായപ്പെട്ടത്. അതിൻ പ്രകാരമാണ് 'യോഹന്നാൻ' എന്ന നാമം സ്വയം സ്വീകരിച്ചുകൊണ്ട് മാർത്തോമാ സഭയിലേക്ക് ഒരു ഉപദേശിയുടെ വേഷം ധരിച്ചുകൊണ്ട് അപ്പച്ചൻ കടന്നു ചെല്ലുന്നത്.

37 യഥാർത്ഥത്തിൽ വേദപുസ്തകത്തെ ഒരു ദൈവചിന്തയുടെ അടിസ്ഥാനപ്രമാണമായി സ്വീകരിക്കുകയായിരുന്നില്ല അപ്പച്ചൻ . മറിച്ച് ക്രൈസ്തവ മൂല്യങ്ങൾ വിമർശനാത്മകമായ ഒരു വിലയിരുത്തലിനു വിധേയമാക്കുകയായിരുന്നു ഈ ചരിത്ര ഘട്ടത്തിൽ . അടിമവർഗങ്ങൾ ക്രിസ്തുമതത്തിലേക്ക് കൂടുതൽ മാർഗ്ഗം കൂടിക്കൊണ്ടിരുന്ന ആ കാലഘട്ടത്തിൽ പോലും ഒരു ജ്ഞാനസ്നാന പ്രക്രിയക്ക് അപ്പച്ചൻ വിധേയമായതായി ആരും സാക്ഷ്യപ്പെടുത്തിയിട്ടില്ല എന്നതു ശ്രദ്ധേയമാണ്. പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ സ്വതന്ത്രമായ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു തൊട്ടുമുൻപുള്ള ഏകദേശം പത്തോളം വർഷങ്ങൾ മാത്രമാണ് അപ്പച്ചൻ വിവിധ ക്രിസ്തീയ സഭകളിൽ സജീവമാകുന്നത്. പ്രത്യക്ഷത്തിൽ ക്രൈസ്തവ വിശ്വാസ ജീവിതത്തിന്റെ ഭാഗമാണെന്ന പ്രതീതി സൃഷ്ടിച്ചുകൊണ്ട് വേദപുസ്തകത്തിന്റെ ദൈവശാസ്ത്രപരമായ പരിമിതികളെയായിരുന്നു ഈ സമയങ്ങളിൽ അപ്പച്ചൻ പ്രശ്നവത്കരിച്ചുകൊണ്ടിരുന്നത്. യോഹന്നാൻ എന്നുള്ള സ്വയം നാമകരണത്തിന്റെയും മാർത്തോമ ഉപദേശി എന്ന വേഷപ്പകർച്ചയുടെയും അടിസ്ഥാനങ്ങളെ ഈ പശ്ചാത്തലത്തിൽ വേണം വ്യാഖ്യാനിക്കുവാൻ .

38 സവർണ്ണ മേധാവിത്വം മാനവികതക്കു വെളിയിലേക്ക് പുറം തള്ളിയ കീഴ് ജാതികളെ ഹിന്ദുമതം അതിന്റെ സാംസ്‌കാരിക സ്ഥലികളിലേക്കോ ആത്മീയ പരിസരങ്ങളിലേക്കോ തെല്ലും ഉൾക്കൊള്ളുവാൻ ആ കാലഘട്ടത്തിൽ തയ്യാറായിരുന്നില്ല. ഹിന്ദു എന്ന പൊതു സംജ്ഞയിലേക്ക് ഒരിക്കലും സ്വാംശീകരിക്കപ്പെടാൻ കഴിയാത്തത്ര വിധം അതിന്റെ വ്യവഹാര മണ്ഡലങ്ങളിൽ നിന്നും വളരെ ദൂരത്തായിരുന്നു അടിമ ജനതകളുടെ സ്ഥാനം. അതുകൊണ്ടുതന്നെ, അവരുടെ വിമോചനത്തിനും വീണ്ടെടുപ്പിനുമുള്ള ആത്മീയ കർതൃത്വം പൊയ്കയിൽ അപ്പച്ചനിലൂടെ അന്വേഷിക്കപ്പെട്ടപ്പോൾ , തിരുവിതാംകൂറിനെ സംബന്ധിച്ചിടത്തോളം, അത് ഹിന്ദു മതത്തിനുള്ളിൽ നിന്നുകൊണ്ട് നിർവഹിക്കാവുന്ന ഒരു പ്രക്രിയയായിരുന്നില്ല. മറ്റൊന്ന്, ഹിന്ദുമതം അതിന്റെ ഭാഗമല്ലാതിരുന്ന അയിത്ത ജാതികളെ അവജ്ഞയോടെ അകറ്റി നിർത്തിയെങ്കിൽ , ക്രിസ്തുമതം തന്ത്രപൂർവ്വം അവരെ ആകർഷിക്കുകയും മതത്തിന്റെ ഭാഗമാക്കിത്തീർക്കുകയും ചെയ്തുകൊണ്ടാണ് അടിമപ്പെടുത്തിയത്. ക്രിസ്തുവിൽ സ്നാനപ്പെടുന്നതിലൂടെ പാപശാപ മരണവിധികളുടെ ഭാരം ചുമലിലേറ്റിക്കൊണ്ട് എന്നോ സംഭവിക്കാവുന്ന അന്ത്യവിധിയെക്കുറിച്ച് നിരന്തരം ചിന്തിച്ച് ആശങ്കാകുലരാവുകയായിരുന്നു അടിമ ജനതകൾ. ഒരു സംഘടിത മതമെന്ന നിലയിൽ ക്രിസ്തുമതം കേരളത്തിൽ വേരുറച്ചു കഴിഞ്ഞിരുന്ന ഒരു ചരിത്ര സാഹചര്യത്തിൽ അത്തരമൊരു മതത്തിനു വെളിയിൽ നിന്നുകൊണ്ട് അതിന്റെ ദൈവശാസ്ത്രപരമായ പരിമിതികളെ ചോദ്യം ചെയ്യുക അസാധ്യവുമായിരുന്നു എല്ലാ വിധത്തിലും അപ്രസക്തമായിത്തീർന്ന ഒരു പ്രമാണത്തിനോടുള്ള ചിന്താപരമായ അടിമപ്പെടലിൽ നിന്നും തന്റെ വംശത്തെ മോചിപ്പിക്കേണ്ടിയിരുന്നു അപ്പച്ചന്. അതുകൊണ്ടാണ് ക്രിസ്തുമതത്തിന്റെ തന്നെ ഭാഗമായിത്തീർന്നുകൊണ്ട് മാർത്തോമ സഭ, ബ്രദറണ്‍അസംബ്ലി, വേർപാടു സഭ തുടങ്ങിയ ക്രൈസ്തവ സഭകളിൽ അപ്പച്ചൻ ഈ ഘട്ടത്തിൽ പ്രവർത്തനനിരതമാവുന്നത്.

വീണ്ടെടുപ്പിൻറെ ദൈവമൊഴികൾ

39 സഞ്ചാര പ്രസംഗങ്ങളിലൂടെയാണ് അപ്പച്ചന്റെ വ്യവസ്ഥാലോകം അടിമസമൂഹത്തിൽ വിനിമയം ചെയ്യപ്പെട്ടിരുന്നത്. മതങ്ങളുടെയും പ്രമാണങ്ങളുടെയും അന്തര്‍ഗതങ്ങളെ ആഴത്തില്‍ അപഗ്രഥിക്കുകയും അതോടൊപ്പംതന്നെ അവയുടെ ദൈവശാസ്ത്രപരമായ പരിമിതികളെ സ്വന്ത ജനങ്ങൾക്കു മുന്നില്‍ മാത്രം തുറന്നു കാട്ടുകയും ചെയ്യുന്ന രീതിയായിരുന്നു ഈ പ്രസംഗങ്ങളില്‍ അപ്പച്ചന്‍ അവലംബിച്ചത് . അടിമജനതകള്‍ കൂട്ടമായി അധിവസിക്കുന്ന പ്രദേശങ്ങളിലും തെരുവുകളിലും മറ്റു കീഴാള ഇടങ്ങളിലും അവരെ തേടിത്തിരക്കി സഞ്ചരിച്ചുകൊണ്ട് അപ്പച്ചന്‍ നിരന്തരം പ്രസംഗിക്കുന്നതായി കാണാം. യോഗങ്ങള്‍ പലതും ഒരു ക്രിസ്തീയ പരിവേഷത്തോടെ ആരംഭിക്കുകയും ശത്രുക്കളുടെ അഭാവം ഉറപ്പുവരുത്തിയശേഷം മാത്രം അടിമവിഷയങ്ങളിലേക്ക് ചുവടുമാറ്റുകയുമായിരുന്നു പതിവ്. സവര്‍ണ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ അടിമ വര്‍ഗ്ഗത്തിന്റെ ഈ ദാര്‍ശനിക വിനിമയങ്ങളെ അമര്‍ച്ചചെയ്യുവാന്‍ നടത്തിയിരുന്ന ഗൂഢശ്രമങ്ങള്‍ പലതും അക്രമാസക്തമാവുകയും വര്‍ഗീയ ലഹളകള്‍ക്കും രക്തചൊരിച്ചിലിനും കാരണമായിത്തീരുകയും ചെയ്തിട്ടുണ്ട്.


40 ക്രിസ്തീയ വിശ്വാസത്തെ വിമര്‍ശനാത്മകമായി സമീപിച്ചിരുന്നതിനാല്‍ അപ്പച്ചന്റെ പ്രസംഗവേദികളുടെ പരിസരങ്ങളില്‍ ശത്രുക്കള്‍ എല്ലായ്പ്പോഴും ജാഗരൂകരായി നിന്നിരുന്നുവെന്ന് ശിഷ്യന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ശത്രുക്കളെ തെറ്റിദ്ധരിപ്പിക്കുന്നതിനായി പലപ്പോഴും പ്രാകൃതമായ ചാറ്റുപാട്ടുകളും ശബ്ദ കോലാഹലങ്ങളും കീഴാള മാന്ത്രിക പരിവേഷത്തോടെ ഇത്തരം യോഗങ്ങളില്‍ ഉപയോഗിച്ചിരുന്നതായി ഡബ്ലിയു. സി. ഹണ്ട്(W.C.Hunt) രേഖപ്പെടുത്തുന്നുണ്ട് . അടിമജനതകൾ‍ക്കു മാത്രമായി അതീവ സുരക്ഷിതമാക്കപ്പെട്ട കേന്ദ്രങ്ങളില്‍ വച്ച് നടത്തപ്പെട്ട കൂട്ടായ്മകളായിരുന്നു രഹസ്യയോഗങ്ങള്‍ . വിശ്വാസം, വംശത്തിന്റെ വീണ്ടെടുപ്പ്, അതിന്റെ വ്യവസ്ഥാപരവും ദൈവശാസ്ത്രപരവുമായ അടിസ്ഥാനങ്ങള്‍ തുടങ്ങിയ പ്രത്യേക സ്വഭാവവമുള്ള വിഷയങ്ങളായിരുന്നു രഹസ്യയോഗങ്ങളില്‍ നല്‍കപ്പെട്ടത്‌. കുളത്തൂര്‍, വാകത്താനം എന്നീ പ്രദേശങ്ങളില്‍ നടന്ന ഇത്തരം ചില രഹസ്യ യോഗങ്ങളില്‍ മാത്രമാണ് തന്നിലെ ദൈവപ്രഭാവം അടിമ പിതാക്കന്മാര്‍ക്കു മുന്നില്‍ അപ്പച്ചൻ വെളിപ്പെടുത്തുന്നത് .


ക്രൈസ്തവ രക്ഷാ വ്യവസ്ഥ; സംവാദങ്ങളും വിയോജിപ്പുകളും


41 വേദപുസ്തകത്തിലെ തലമുറ വിഷയങ്ങളെ ആഴത്തിൽ അപഗ്രഥിക്കുന്നതിലൂടെ, ആദാം കുടുംബത്തിന്റെ വംശാവലിയുടെ കഥനങ്ങൾ എത്രത്തോളമാണ് അടിമ ജനതകളുടെ ആത്മീയവും സാംസ്കാരികവുമായ പൈതൃകങ്ങളിൽ നിന്നും വിഭിന്നമാകുന്നതെന്നാണ് അപ്പച്ചൻ തുടക്കത്തിൽ തന്റെ ജനതയെ ബോധ്യപ്പടുത്തുന്നത്. യഹൂദവംശത്തിന്റെ ആദി പിതാക്കളായ ആദം, ഹവ്വ എന്നിവരിലൂടെ ഭൂമിയിലെത്തിയ പാപത്തെ അടിമ ജനതകളുടെ ആദിപാപമായി പാഠാന്തരീകരിക്കുന്നതിലെ വ്യവസ്ഥപ്പിശകുകളാണ് അപ്പച്ചൻ പ്രശ്നവത്ക്കരിക്കുന്നതു്. ദൈവികവ്യവസ്ഥ എന്നത് ഓരോ വംശത്തിന്റെയും രക്ഷക്കായി ഓരോ കാലഘട്ടത്തിൽ രൂപപ്പെടുന്ന പദ്ധതികളാണെന്നാണ് അപ്പച്ചൻ ഉത്ബോധിപ്പിക്കുന്നത്. അങ്ങനെയെങ്കിൽ, മറ്റൊരു വംശത്തിന്റെ പാപമോചനത്തിനായി ക്രൂശിതനായ ക്രിസ്തു അതിനു ശേഷം എങ്ങനെയാണ് അടിമ ജനതകളുടെ രക്ഷകനാവുക എന്ന ചോദ്യമാണ് ഇതിലൂടെ ഉന്നയിക്കപ്പെട്ടത്‌. ക്രൈസ്തവ രക്ഷാവ്യവസ്ഥയെ ഒരു ദലിത് ജ്ഞാന മണ്ഡലത്തിൽ സംവദാത്മകമാക്കുകായിരുന്നു അപ്പച്ചൻ. വേദപുസ്തകം അനുശാസിച്ച രക്ഷാവ്യവസ്ഥയോടും അതിന്റെ ആത്മീയ പരിസരങ്ങളോടും ശക്തമായ വിയോജിപ്പായിരുന്നു അപ്പച്ചൻ രേഖപ്പെടുത്തിയത്. ക്രിസ്തുമതത്തിനുള്ളിൽ അടിമ ജനതകളുടെ രക്ഷയ്ക്ക് വിഘാതമായിത്തീർന്ന ഘടകങ്ങളെ ദൈവികമായി നീക്കുകയും 'രക്ഷ' യെത്തന്നെ പുതിയൊരു ദൈവാനുഭവമാക്കി പരിഭാഷപ്പെടുത്തുകയായിരുന്നു താൻ .

42 പാപത്തിന്റെ ഫലമായുള്ള ദൈവിക ശിക്ഷയിൽ നിന്നും തലമുറകളുടെ വിടുതൽ എന്ന അർത്ഥത്തിലാണ് 'രക്ഷ' ക്രൈസ്തവ ദൈവശാസ്ത്രത്തിന്റെ ഭാഗമായിത്തീർന്നത്‌. ആദം തലമുറയുടെ പിന്മുറക്കാരെല്ലാം തന്നെ പാപികളായിരിക്കുമെന്ന പൊതു നിഗമനത്തിന്മേലാണ് രക്ഷ എന്ന ആശയം ക്രൈസ്തവ ചിന്തയിൽ പ്രാമുഖ്യം നേടിയത്. മനുഷ്യാത്മാവിൻറെ ആത്യന്തികമായ നിത്യതയെക്കൂടി നിർണ്ണയിക്കുന്ന സൂചകമായി രക്ഷയെ വ്യാഖ്യാനിക്കുമ്പോൾ അത് കേവലമായ അത്മീയതക്കപ്പുറം അധികാരത്തിൻറെ കൂടി ചിഹ്നമായിത്തീരുകയാണ്. പ്രാചീന ക്രൈസ്തവ പൌരോഹിത്യസമൂഹങ്ങൾ രക്ഷയെ ഒരു ദൈവികദണ്ഡനീതിയാക്കി പുനരവതരിപ്പിച്ചുകൊണ്ട് സൃഷ്ടിച്ചുവിട്ട ഭയാന്ധതയിൽനിന്നുമാണ് ക്രിസ്തുമതം ലോകത്തിൻറെതന്നെ ആത്മീയാധീശത്വം കൈക്കലാക്കുന്നത്.

43 അപ്പോസ്തലികമായ ഒരു ആശയമായിരുന്നു 'രക്ഷ' എന്നത്. ക്രിസ്തുവിനെ നേരിട്ട് ദർശിച്ചവരായിരുന്നു അപ്പോസ്തലന്മാർ. ഇസ്രയേൽ ജനതയുടെ വിവിധ ഗോത്രങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ടു പ്രതിനിധികളായിരുന്നുവത്രേ ഇവർ . ഇവരുടെ വംശമാണ് അപ്പോസ്തലിക സഭ, ആദിമ സഭ, പ്രത്യക്ഷ സഭ എന്നിങ്ങനെ ക്രൈസ്തവ ചിന്തകളിൽ വ്യവഹരിക്കപ്പെടുന്നത്. യഹൂദ വിശ്വാസപ്രകാരം രക്ഷയെ പ്രാപിക്കാൻ കഴിയുക ഒരു പ്രത്യേക വ്യവസ്ഥയിലൂടെ മാത്രമായിരിക്കും. ദൈവം ആ വ്യവസ്ഥയെ തന്റെ പുത്രനായ ക്രിസ്തുവിനും, ദൈവപുത്രൻ അതിനെ അപ്പോസ്തലന്മാർക്കും കൈമാറി നൽകി . അപ്പോസ്തലൻമാരവട്ടെ, തങ്ങൾക്കു ലഭിച്ച ആ വ്യവസ്ഥയെ മറ്റാർക്കെങ്കിലും കൈമാറിയതായി ക്രൈസ്തവ ദൈവശാസ്ത്രം എവിടെയും പ്രതിപാദിക്കുന്നുമില്ല . പി.ആർ. ഡി.എസ്സിന്റെ ചില ആദ്യകാല ഗാനങ്ങളിൽ ഈ വിഷയത്തെപ്പറ്റിയുള്ള പരാമർശങ്ങൾ കാണാം. രക്ഷകാ നിൻ നാമത്തെ വാഴ്ത്തി സ്തുതിച്ചീടുന്നു എന്ന ഗാനത്തിൽ നിന്ന്:

''പ്രത്യക്ഷ സഭ നിന്നെ കാണ്മതിനായ് കാത്തിരുന്നു
നീ വേഗം വരാഞ്ഞതാൽ മണ്ണിലുറങ്ങിപ്പോയി
അതുമുതലേറിയ കാലം അന്ധതയിൽ കിടന്നീ ഭൂമി
രക്ഷാ മാർഗമറിയാതങ്ങുമിങ്ങുമലഞ്ഞു ജനങ്ങൾ....''

44 പ്രത്യക്ഷസഭ അഥവാ വ്യവസ്ഥയെ സ്വീകരിച്ച അപ്പോസ്തലിക സഭ, തങ്ങളുടെ രക്ഷകനെ ദർശിക്കുന്നതിനായി പ്രത്യാശയോടെ ഏറെ നാൾ കാത്തിരുന്നുവെങ്കിലും അതു സാധ്യമാവാതെ നിരാശയോടെ അവസാനിച്ചു പോവുകയാണ് . അതിനുശേഷമാവട്ടെ, രക്ഷയുടെ ഉപാധികളും വ്യവസ്ഥയുടെ മാർഗമറിയാതെ തലമുറകൾ അന്ധതയിൽപ്പെ ട്ടുവെന്നാണ് ഇവിടെ സൂചിപ്പിക്കുന്നത് . സഭയുടെ മറ്റൊരു പാട്ടിൽ ഇപ്രകാരം നിരീക്ഷിക്കുന്നു:

''ദൈവത്തിൻ ദിവ്യ സത്യങ്ങളെ
ദൈവത്തിൻ ഭൃത്യരാൽ ലോകം മുഴക്കുന്നു
മർത്ത്യർ രക്ഷ പ്രാപിപ്പാൻ ...
സത്യമേറെ ഭൃത്യൻമാർക്ക് പ്രത്യക്ഷമായ് സംസാരിച്ചു
ഭൃത്യൻമാരാ സത്യങ്ങളെ മർത്ത്യൻമാർക്കുപദേശിച്ചു....''

45 ക്രിസ്തീയ വിശ്വാസ പ്രകാരം ആദിപിതാവായ ആദമിന്റെ കാലം മുതൽ ഓരോ തലമുറയിലും ദൈവഭൃത്യന്മാർ 'സത്യം' സംസാരിച്ചുകൊണ്ടിരുന്നുവത്രേ. സത്യം എന്നത് ഓരോ തലമുറയുടെയും രക്ഷയ്ക്ക് ദൈവം നൽകുന്ന ഉറപ്പിന്റെയും ഉപാധികളുടെയും സംഘാതമാണ്‌. ദൈവഭൃത്യൻമാർ പകർന്നു നൽകിയ സത്യത്തെ ഗ്രഹിച്ചവർ ദൈവത്താൽ രക്ഷിക്കപ്പെടുകയും മറ്റുള്ളവർ ശിക്ഷിക്കപ്പെടുകയും ചെയ്തുവത്രേ. ജനതകളെ ദൈവം രക്ഷയിലും ശിക്ഷയിലും നടത്തി എന്ന് പറയുന്നത് ഇങ്ങനെയാണ്. പക്ഷേ, അപ്പോസ്തലികകാലം വരെ മാത്രമാണ് ദൈവഭൃത്യന്മാരിലൂടെ ഇത് തുടർന്നു പോന്നത്. അതിനു ശേഷമാവട്ടെ :

''ദൈവ ശബ്ദം കേൾക്കുന്നില്ല ദൂതന്മാരെ കാണുന്നില്ല
രക്ഷാ മാർഗം അറിയിക്കാൻ വേലക്കാരുമില്ല,
ദൈവത്തെ ഞാൻ കാണുന്നില്ല യേശുവിനെ കാണുന്നില്ല
ആത്മാവിനേം ദൂതന്മാരേം കണ്ണുകൊണ്ടു കണ്ടില്ലല്ലോ...''

46 അപ്പോസ്തലികകാലത്തിനു ശേഷം സംഭവിക്കുന്ന വ്യവസ്ഥാപരമായ സന്ദിഗ്ധതകൾ രക്ഷയെ എപ്രകാരമാണ് അപ്രത്യക്ഷമാക്കിയത് എന്ന് സ്ഥാപിക്കുകയാണിവിടെ. ക്രിസ്തുവിന്റെയും ദൈവഭൃത്യന്മാരുടേയും അഭാവങ്ങളുടെ (Absence) കാലമാണ് ഇതിലെ സൂചന. യഥാർത്ഥത്തിൽ, ഇവിടം മുതൽ ക്രിസ്തീയതയെ അപ്പച്ചൻ മറ്റൊരു വിധത്തിൽ സമീപിക്കുവാൻ ആരഭിക്കുകയാണ്. ഒരിക്കൽ വേദപുസ്തകത്തിൻ തെളിവിൻ പ്രകാരം ഏകീകരിച്ച ഒരു ജനതക്കുമുൻപിൽ, അതേ പ്രമാണത്തിന്റെതന്നെ പരിമിതികളെ ബോധ്യപ്പെടുത്തി നൽകുകയായിരുന്നു അപ്പച്ചൻ. ക്രൈസ്തവ ദൈവശാസ്ത്രം നൽകുന്ന രക്ഷയുടെ ഉറപ്പിനെ, തന്റെ ജനതയുടെ മറയ്ക്കപ്പെട്ട ചരിത്രത്തിൽ നിന്നും രൂപപ്പെടുത്തിയ ഒരു പ്രത്യയശാസ്ത്രമണ്ഡലത്തിൽ നിന്നുകൊണ്ട് നിഷേധിക്കുകയായിരുന്നു താൻ.

''ദൈവത്തിൻ തോതിനും തോതിൻ വെളിക്കുള്ള
വ്യത്യാസങ്ങളൊന്നു ചിന്തിക്കുവിൻ,
ദൈവത്തിൻ തോതും തൻ ശബ്ദങ്ങളും, ദൈവ
നിശ്ചയമോരോരോ കാലങ്ങളിൽ ....''
('പത്താം തലമുറക്കാരനാം നോഹക്ക്' എന്നപാട്ടിൽനിന്നും)

47 ക്രൈസ്തവവീക്ഷണമനുസരിച്ച്, ഓരോ തലമുറയുടെയും രക്ഷയെ വ്യത്യസ്തമായ വിധങ്ങളിലാണ് ദൈവം വ്യവസ്ഥ ചെയ്യുന്നത്. അതുകൊണ്ടാണ് ഓരോ രക്ഷാ പദ്ധതികളുടെയും നിലനിൽപ്പ്‌ വ്യത്യസ്തമായ തോതുകളിലാണ് എന്ന് പറയപ്പെടുന്നത്‌. ദൈവ ഭൃത്യന്മാർ കാലാകാലങ്ങളിൽ വെളിപ്പെടുത്തിയിട്ടുള്ള ഈ തോതിനെ നിരുപാധികം അവലംബിച്ചു കൊണ്ടായിരുന്നു ഓരോ തലമുറയും രക്ഷയെ പ്രാപിക്കേണ്ടിയിരുന്നത് . അതുപോലെതന്നെ, വാഗ്ദത്തം ചെയ്യപ്പെടുന്ന രക്ഷയുടെ അനുഭവങ്ങൾ ഓരോ തലമുറയിലും ഓരോ വിധത്തിലുമായിരിക്കും സംഭവിക്കുക. അതുകൊണ്ടാണ് വ്യവസ്ഥ എന്നത് കാലാതിവർത്തിയായ ഒന്നല്ല എന്ന് പറയുന്നത്. എന്നാൽ, ഒരു പ്രത്യേക കാലഘട്ടത്തിലേക്ക് മാത്രമായി നിശ്ചയിക്കപ്പെടുന്ന അത്തരമൊരു നിർമ്മിതിയുടെ ദൈവ മീമാംസാപരമായ അംശങ്ങളെ സ്വാംശീകരിച്ച വിശ്വാസ സമൂഹങ്ങൾക്ക് ഒരു മതമെന്ന നിലയിൽ ആവശ്യമെങ്കിൽ നിലനിൽക്കാവുന്നതാണ്‌ . പക്ഷെ , ക്രൈസ്തവദൈവശാസ്ത്ര പ്രകാരം അംഗീകരിച്ചുറപ്പിച്ച നിശ്ചിതമായ തോതിന് വെളിയിലുള്ള നിരവധി തലമുറകളുടെ രക്ഷയെ ആരാണ് ഉറപ്പാക്കുക ?.

48 മറ്റൊരു വിധത്തിൽ പറഞ്ഞാൽ, അപ്പോസ്തലിക വംശത്തോടെ പൂർത്തീകരിക്കപ്പെടേണ്ടിയിരുന്ന ഒരു രക്ഷാ വ്യവസ്ഥയെയാണ് അപ്പച്ചൻ വേദപുസ്തകത്തിൽ കണ്ടെത്തുന്നത്. ഈ വ്യവസ്ഥയാവട്ടെ , ക്രിസ്തുവിന്റെ കാൽവരിയിലെ കുരിശാരോഹണത്തോടെ അവസാനിക്കുകയും ചെയ്യുകയാണ്. ഇപ്രകാരം, വേദപുസ്തകം വാഗ്ദാനം ചെയ്യുന്ന രക്ഷയെ പൂർത്തീകരിക്കപ്പെട്ടതും, അപ്രസക്തമായിത്തീർന്നതുമായ ഒരു ദൈവിക പദ്ധതിയായി തെളിയിച്ചു കൊണ്ട് അതിനെ നിഷേധിക്കുകയായിരുന്നു അപ്പച്ചൻ. ക്രിസ്തു വീണ്ടും വരികയില്ല എന്ന പ്രഖ്യാപനത്തിലൂടെ ക്രൈസ്തവ ന്യായ വിധിയെയും അന്ത്യകാലവിജ്ഞാനീയത്തെയും കീഴ്മേൽ മറിക്കുകയായിരുന്നു ഈ സംവാദങ്ങൾ. 'എഴുതപ്പെട്ട വചനത്തിൽ പിടിക്കപ്പെട്ടോരെല്ലാം വിടുവിൻ വേഗത്തിൽ, എഴുത്തു നമുക്കുള്ളതല്ലല്ലോ' എന്നാണ് അപ്പച്ചൻ പാടിയത് .


49 അടിമ ശരീരം ധരിക്കുന്നതിലൂടെ രക്ഷയുടെ അനിശ്ചിതത്ത്വങ്ങളെ ഒരു കീഴാള അനുഭവ മണ്ഡലത്തിലൂടെ വീക്ഷിക്കുകയും, കക്ഷി പിണക്കവും ജാതി വ്യത്യാസവുമില്ലാത്ത പുതിയൊരു ലോക വ്യവസ്ഥയുടെ വിശാലമായ പ്രതീക്ഷകളിലേക്ക് മനുഷ്യരെ ഒന്നാകെ സന്നിവേശിപ്പിക്കുകയും ചെയ്തു കൊണ്ടാണ് മേൽ സൂചിപ്പിച്ച ഗാനം അവസാനിപ്പിക്കുന്നത്. അനിശ്ചിതത്ത്വങ്ങൾ ഒടുങ്ങിയ സന്തോഷത്തിന്റെ മറ്റൊരു കാലമാണ് ഇവിടെ ദൈവികമായി വാഗ്ദത്തം ചെയ്യപ്പെടുന്നത്.

''കണ്ണുനീരൊക്കെ തുടച്ചേ മതിയാവൂ
ആയതിനു കാലവും വന്നിങ്ങു കേട്ടോ ....''

50 'വേദപുസ്തകം ഈ തലമുറക്കുള്ളതല്ല' എന്ന വിഷയത്തിലേക്ക് പ്രത്യക്ഷ രക്ഷാ ദൈവസഭ ആത്യന്തികമായി എത്തിച്ചേരുന്നത് അങ്ങനെയാണ്. ആദ്യകാല സഭാ വിശ്വാസികൾ ഒരു പ്രത്യേക ചരിത്ര ഘട്ടത്തിൽ സ്വാംശീകരിച്ച ക്രൈസ്തവ അപരത്വത്തെ തീർത്തും വിച്ഛേദിച്ചുകൊണ്ട് ദൈവ ജനത്തിന്റെ ഒരു പുതിയ പന്തിയായി വ്യവസ്ഥയിലൂടെ മാറ്റപ്പെടുകയാണ് ഇവിടെ.

There are no comments on this title.

to post a comment.