പൊതുവർഷം എട്ടാം നൂറ്റാണ്ടുമുതൽ സാഹിത്യകൃതികളിലും ചെമ്പൂപ്പട്ടയങ്ങളിലും താളിയോലക്കെട്ടുകളിലും പ്രത്യക്ഷപ്പെടുന്ന പൗരാണിക നഗരമായ തിരുവനന്തപുരത്തെ സംബന്ധിച്ച നാല്‌പത്തിയഞ്ച് ലേഖനങ്ങളുടെ സമാഹാരമാണ് ’അനന്തപുരിയുടെ കാണാപ്പുറങ്ങൾ. ഒരു ദേശത്തിന്റെ സാംസ്‌കാരിക പൈതൃകം പാടേ വിസ്മരിക്കപ്പെടുമ്പോഴും സമൂഹം പുറംകാഴ്‌ചകളിൽ മാത്രം അഭിരമിക്കുപ്പെടുമ്പോഴും, കണ്ട കാഴ്‌ചകൾ പോക്കുവെയിൽ പോലെ മാഞ്ഞു തുടങ്ങുമ്പോഴും പാരമ്പര്യത്തിൻ്റെ വേരുകൾ തേടി ചിലർ പ്രയാണമാരംഭിക്കും. ഇവരിൽ അപൂർവം പേർ ചില അപനിർമ്മിതികളിലൂടെ തങ്ങളുടെ വർഗത്തിനേയും വർണത്തിനേയും വിശ്വാസങ്ങളേയും മഹത്വവല്ക്കരിക്കാൻ ശ്രമിക്കും. ഈ പ്രവണതയിൽ നിന്നും ഒഴിഞ്ഞു നിന്നുകൊണ്ടുള്ള ചില ദേശചരിത്രക്കുറിപ്പുകളുടെ സമാഹാരമാണ് ഈ പുസ്‌തകം.