വാനിൽ ഇരുന്ന് അമിത് സ്റ്റേഷൻ്റെ ചുറ്റുപാടും നിരീക്ഷിച്ചു. ബൈക്കുകളുടെ കൂട്ടത്തിൽ പൊടിപിടിച്ചിരിക്കുന്ന തന്റെ ഹാർലി ഡേവിഡ്സൺ അവൻ കണ്ടു. അതിലേക്ക് ഒരു വള്ളിച്ചെടി പടർന്നുതുടങ്ങിയിരിക്കുന്നു. പ്രകൃതിക്ക് ചില ഗൂഢസിദ്ധാന്തങ്ങളുണ്ട്. ഉപേക്ഷിക്കപ്പെട്ടു എന്നു തോന്നിയാൽ അതിനെ പെട്ടെന്നു വിഴുങ്ങിക്കളയും. അവൻ്റെ ചങ്കൊന്ന് പാളി. സ്വന്തം ശരീരത്തിലേക്ക് അവൻ നോക്കി. തൻ്റെ ശുഷ്‌കിച്ച ഉടലിലേക്ക് പലതരം കാട്ടുവള്ളികൾ പടർന്നുകയറുന്നതുപോലെ അവനു തോന്നി... ബഹുരാഷ്ട്ര കോർപ്പറേറ്റ് കമ്പനികളുടെ ആർബിട്രേറ്ററായ അമിത് എന്ന ചെറുപ്പക്കാരൻ സ്വന്തം ഇഷ്ടപ്രകാരം ഒരു ദിവസം പോലീസ് സ്‌റ്റേഷൻ ലോക്കപ്പിൽ കിടക്കാൻ ആഗ്രഹിക്കുന്ന വളരെ ലളിതവും കൗതുകകരവും മന്ദഗതിയിലുമായ തുടക്കത്തിൽനിന്നും അയാൾ ലോക്കപ്പിലെത്തിയ രാത്രിയോടെ അപ്രവചനീയവും അവിശ്വസനീയവുമായ വഴികളിലേക്ക് ഗതിമാറിയൊഴുകാൻ തുടങ്ങുന്ന രചന. ഓരോ വാക്കിലും വരിയിലും മനുഷ്യജീവിതമപ്പാടെ അള്ളിപ്പിടിച്ചിരിക്കുന്ന അധികാരത്തിൻ്റെ നീരാളിക്കൈസസ്പർശം അനുഭവിപ്പിക്കുന്നു. വി. ഷിനിലാലിൻ്റെ ഏറ്റവും പുതിയ നോവൽ