പാട്ടുകള്‍കൊണ്ട് ഞാന്‍ നിന്റെ വിഗ്രഹം നിര്‍മ്മിച്ചു നീ വരികള്‍ക്കിടയിലെ മൗനമായി ആ മൗനംകൊണ്ട് ഞാന്‍ ഈ ഭാഷയുണ്ടാക്കി തുഴഞ്ഞു മറുകരെ എത്തി. നീ അവിടെ ഒരു വൃക്ഷത്തിനു കീഴില്‍ എന്നെ കാത്തുനില്‍പ്പുണ്ടായിരുന്നു…
ബലിദാനിയെന്നും ത്യാഗിയെന്നും സ്വദേശിയെന്നും വിദേശിയെന്നും ദേശദ്രോഹിയെന്നും അര്‍ബന്‍ നക്സലെന്നും മറ്റും മറ്റും വാക്കുകളുടെ അര്‍ത്ഥങ്ങള്‍ക്ക് ജനിതകമാറ്റം വരുത്തി മാരകമായി വ്യാഖ്യാനിക്കുന്ന, മര്‍ദ്ദകരുടെ കൈയിലെ പ്രധാന ആയുധങ്ങളിലൊന്ന് ഭാഷയായിമാറുന്ന ഫാസിസത്തിന്റെ നടപ്പുകാലത്ത് നേരിന്റെ കൊള്ളിയാനാകുന്ന ഭാഷയുടെ വിസ്മയം. പല ലോകങ്ങളിലേക്കും ഓര്‍മ്മകളിലേക്കും അനുഭവങ്ങളിലേക്കും സ്വപ്നങ്ങളിലേക്കും ഒഴുകിപ്പരക്കുമ്പോഴും വരികള്‍ക്കിടയിലൂടെ വര്‍ത്തമാനകാലം തിളച്ചുപതഞ്ഞുതൂവുന്ന മുപ്പത്തിരണ്ടു കവിതകള്‍.