ഭീതിജനകമായ ഒരു കാഴ്ചയുടെ നേർവിവരണമല്ല ജീതികഥ. ഏത് ഉന്നതമായ കലയെയുംപോലെ ധ്വനികൾ കൊണ്ടും സൂചനകൾ കൊണ്ടും പറയാതെ പറയുന്നവ കൊണ്ടും വായനക്കാർക്ക് ഭീതിയുടെ ലാവണ്യാനുഭവം പകരുകയാണ് ഭീതികഥയുടെ ധർമ്മം. മലയാളത്തിൽ ഭീതിസാഹിത്യം അപൂർവ്വമാണ് എന്നല്ല. മറിച്ച്, മേൽപ്പറഞ്ഞ രീതിയിൽ വായനക്കാരുടെ പങ്കാളിത്തത്തോട് കൂടി വായിക്കപ്പെടേണ്ട ഭീതികഥകൾ മലയാളത്തിൽ അപൂർവ്വം തന്നെ. < > ഈ സാഹചര്യത്തിലാണ് ശ്രീനി ഇളയൂർ രചിച്ച ’പത്മരാഗമാളിക“ എന്ന സമാഹാരം പ്രസിദ്ധീകരിക്കപ്പെടുന്നത്. ശ്രദ്ധേയമായ ക്രൈം/മിസ്റ്ററി സമാഹാരങ്ങൾക്ക് ശേഷം ഭീതി പ്രമേയമാക്കിയ ഒരു നിര കഥകളുമായാണ് അദ്ദേഹത്തിൻ്റെ വരവ്. പരമ്പരാഗത ഭീതിരചനകളുടെ ക്ലാസിക് ഇതിവൃത്തഘടനകൾ പിന്തുടരുന്ന ഈ സമാഹാരത്തിലെ കഥകൾ ഉദ്വേഗത്തിൻ്റെയും ഭീതിയുടെയും മാന്ത്രികലാവണ്യം വായനക്കാരെ അനുഭവിപ്പിക്കുമെന്ന് തീർച്ചയാണ്.