ദേശീയതയെക്കുറിച്ചുള്ള മഹാകവി രബീന്ദ്രനാഥ ടാഗോറിന്‍റെ കാഴ്ചപ്പാടുകള്‍ വിവാദപരമായിരുന്നു. ദേശസ്നേഹവും ദേശീയതയും തമ്മിലുള്ള സൂക്ഷ്മമായ അതിര്‍ത്തിരേഖ നിര്‍വ്വചിക്കേണ്ടത് ഒരു കൊളോണിയലിസ്റ്റ് കാലഘട്ടത്തില്‍ അനിവാര്യമാണെന്ന് കവി തിരിച്ചറിഞ്ഞിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്‍റെ രണ്ടാം ദശകത്തില്‍ ജപ്പാനിലും അമേരിക്കയിലും വച്ചു നടത്തിയ പ്രഭാഷണങ്ങളില്‍ ടാഗോര്‍ തന്‍റെ വ്യതിരിക്തമായ ദേശീയതാസങ്കല്പം അവതരിപ്പിക്കുകയുണ്ടായി. അക്കാലത്ത് അദ്ദേഹത്തെ ഉള്‍ക്കൊള്ളാന്‍ അധികമാര്‍ക്കും കഴിഞ്ഞില്ലെന്നതാണ് വാസ്തവം. ലോകയുദ്ധങ്ങളടക്കമുള്ള വന്‍ദുരന്തങ്ങള്‍ സംഭവിച്ചു കഴിഞ്ഞപ്പോഴാണ് കവിയുടെ ക്രാന്തദര്‍ശിത്വം ലോകം തിരിച്ചറിഞ്ഞത്. പാശ്ചാത്യ-പൗരസ്ത്യ ജീവിതദര്‍ശനങ്ങളെയും സാംസ്കാരികബോധത്തെയും താരതമ്യം ചെയ്തുകൊണ്ട് ആധുനിക ലോകക്രമത്തെ അപഗ്രഥിക്കുന്ന കവിയുടെ വാക്കുകള്‍ എക്കാലത്തും പ്രസക്തമാണ്. വിശേഷിച്ചും വര്‍ത്തമാനകാല ഇന്ത്യന്‍ രാഷ്ട്രീയാവസ്ഥയില്‍.