“ഞാനെങ്ങനെ സംഗീതസംവിധായകനായി? പലപ്പോഴും ആലോചിച്ചിട്ടുണ്ട്. ചെറുപ്പത്തിലേ പാട്ട് ഇഷ്ടമായിരുന്നു. നാലു വയസ്സു മുതൽ സെഹ്ഗലിനോടും പങ്കജ് മല്ലിക്കിനോടും ഖാൻ മസ്താനായോടും നൂർജഹാനോടും ലതാ മങ്കേഷ്‌കറോടും മുകേഷിനോടും സീ.എച്ച്. ആത്മായോടും മുഹമ്മദ് രഫീസാബിനോടും വലിയ കമ്പമായിരുന്നു. അവരുടെ പാട്ടുകൾ അനായാസം പാടുകയും ചെയ്യുമായിരുന്നു. എന്നാൽ എന്നെ വിസ്മയിപ്പിച്ചത് ഗായകരായിരുന്നില്ല, ആ പാട്ടുകളൊരുക്കിയ ഗാനരചയിതാക്കളും സംഗീതസംവിധായകരും ഓർക്കെസ്‌ട്രെയ്‌റ്റെഴ്‌സുമായിരുന്നു. മറ്റുള്ളവരുടെ പാട്ടുകൾ പാടിക്കൊടുക്കുന്നതിനേക്കാൾ പുതിയ പാട്ടുകളുടെ സ്രഷ്ടാവാകുന്നതിലാണ് കൂടുതൽ കഴമ്പുള്ളതെന്ന് ഞാൻ കണ്ടെത്തി. എന്റെ ജീവിതം പറയുക മാത്രമല്ല ഈ പുസ്തകത്തിലൂടെ ഉദ്ദേശിക്കുന്നത്. ഇന്ത്യൻ ചലച്ചിത്രസംഗീതത്തിൽ ലയിച്ചുചേർന്നിട്ടുള്ള തദ്ദേശീയവും വൈദേശികവുമായ ധാരകളെ വിശകലനം ചെയ്യാനും സംഗീതസംവിധാനത്തിന്റെ രസതന്ത്രം അനാവരണം ചെയ്യാനും സർവോപരി, നിങ്ങൾ ഇന്നും ഓർത്തുവെച്ചാസ്വദിക്കുന്ന എന്റെ ഒരുപിടി ഗാനങ്ങളുടെ ഉള്ളറകളിലേക്ക് കടന്നുചെല്ലാനും കൂടിയുള്ള ശ്രമമാണ് ഈ പുസ്തകം.”
നൗഷാദ് മുതൽ മുഹമ്മദ് രഫീയും ലതാ മങ്കേഷ്കറും വരെയുള്ള പ്രതിഭകൾക്കൊപ്പം ഹിന്ദീസിനിമാസംഗീതത്തിന്റെ ഭാഗമായ, അമേരിക്കയിലെ അതിപ്രശസ്തമായ കോർണെൽ യൂണിവേഴ്സിറ്റിയിൽ സംഗീതം അഭ്യസിച്ച, ഒടുവിൽ മലയാളസിനിമാസംഗീതത്തിലെ മഞ്ഞിൽ വിരിഞ്ഞ വസന്തമായി മാറിയ ജെറി അമൽദേവ് ആദ്യമായി സ്വന്തം ജീവിതമെഴുതുന്നു.