ജലാംശത്തിൽ എം.പി. സുകുമാരൻ നായർ സിനിമാഖ്യാനത്തിന്റെ ഗതാനുഗതികവും കച്ചവടസാമ്പ്രദായികവുമായ ആടയാഭരണങ്ങൾ അഴിച്ചുമാറ്റുന്നു; ചടുലമായ സന്നിവേശരീതികൾ, നാടകീയവും സ്വാഭാവികവും ആയ സംഭാഷണങ്ങൾ, അമാനുഷികമായ ക്യാമറാ കോണുകൾ, ചലനങ്ങൾ, ദൃശ്യത്തിൽ വന്നലയ്ക്കുന്ന സംഗീത ധോരണികൾ… ഇവയെ എല്ലാം അഴിച്ചുമാറ്റുമ്പോൾ എന്താണ് അവശേഷിക്കുക? കുഞ്ഞൂഞ്ഞിന്റെ ജീവിതത്തിലെ ഓരോ സംഭവവും നമ്മുടെ മുന്നിൽ മിന്നിമറയുമ്പോൾ നമ്മെ ആത്മവിസ്മൃതിയിലാഴ്ത്തുന്ന സാത്മ്യത്തിനു പകരം കാണിയിൽ നിന്ന് അത് ആവശ്യപ്പെടുന്നത് അകലവും വിശകലനവും ആണ്. കാഴ്ച്ചയിലൂടെയുള്ള വികാരവിരേചനത്തിനുപകരം സഹാനുഭൂതിയും ആത്മബോധവുമുള്ള നോട്ടമാണ് നമ്മിൽനിന്ന് ഈ ചിത്രം ആവശ്യപ്പെടുന്നത്. – സി.എസ്.വെങ്കിടേശ്വരൻ .