പുതുശ്ശേരിക്കു പറയാന്‍ കുറേ കാര്യങ്ങളുണ്ട്. അപഗ്രഥിച്ചു ക്രമപ്പെടുത്തി അവ അവതരിപ്പിക്കാന്‍ വേണ്ട രാഷ്ട്രീയബോധമുണ്ട്. പറയാനുള്ളത് അക്ലിഷ്ട സുന്ദരമായ ശൈലിയില്‍ വായനക്കാരന്റെ മനസ്സില്‍ പതിപ്പിക്കാന്‍ വേണ്ട ഭാഷയുണ്ട്. ലളിതമാണ് പുതുശ്ശേരിയുടെ ജീവിതം. ആ ലാളിത്യം അദ്ദേഹത്തിന്റെ ഭാഷയിലും പ്രതിഫലിച്ചുനില്‍ക്കുന്നു. നാടിനേയും നാട്ടുകാരേയും ബാധിക്കുന്ന തരത്തില്‍ ചുറ്റുപാടും നടക്കുന്ന കാര്യങ്ങളെ കാണാന്‍ ജാഗ്രത്തായ മനസ്സും ഇമ ചിമ്മാത്ത കണ്ണും കൂര്‍പ്പിച്ച കാതുമായി ഇങ്ങനെയൊരാള്‍ നമുക്കിടയിലുണ്ടല്ലോ എന്ന ചിന്ത പുതുശ്ശേരിയെ ആദരിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നു. മനുഷ്യാവസ്ഥയെക്കുറിച്ച് പഠിക്കാനുള്ള മനസ്സാണ് രാഷ്ട്രീയ നേതാവിനുണ്ടാവേണ്ട വലിയ യോഗ്യത. മനുഷ്യനെ മറന്ന് ഒരു രാഷ്ട്രീയവുമില്ല. ഈ പാഠം പഠിച്ചുതന്നെയാണ് പുതുശ്ശേരി മുമ്പോട്ടുപോവുന്നത്. അനുകരിക്കപ്പെടേണ്ടതാണീ മാതൃക.