താത്ത വാതിൽ തുറന്ന് പുറത്തിറങ്ങി നോക്കിയപ്പോൾ കുറെ നിഴൽ രൂപങ്ങൾ നടന്നു പോകുന്നു. വിളക്കുകാലുകളിൽ തൂക്കിയിടുന്ന മണ്ണെണ്ണ വിളക്കുകളാണ് അന്നത്തെ കാലത്തെ വഴിവിളക്കുകൾ. അവയിൽ നിന്നും പുറപ്പെടുന്ന അരണ്ട വെളിച്ചത്തിൽ താത്ത ആ കാഴ്ച്ച കണ്ടു. ഒന്ന് രണ്ട് പേർ മുമ്പേ മൂപ്പന്മാരെ പോലെ നടക്കുന്നു. അവരുടെ കൈകളിൽ ഊരിപ്പിടിച്ച ആയുധങ്ങൾ ഇരുട്ടിൽ അവ വടിയാണോ വാളാണോ എന്നു തിരിച്ചറിയാനായില്ല. രണ്ട് സേവകർ കത്തിച്ച ചൂട്ടുമായി സമീപം നടക്കുന്നു. അവർക്കു പിന്നിൽ സാമാന്യം വലുപ്പമുള്ള നാലു ചെമ്പുകുടങ്ങൾ അവയുടെ ഇരു വശത്തുമുള്ള കാതുകളിലൂടെ തണ്ടുകൾ കയറ്റി അവ തോളിൽ വഹിച്ചു അഞ്ചാറ് പേർ. പിന്നിൽ വേറെ രണ്ടു പേർ അംഗരക്ഷകരെപ്പോലെ. അവരുടെ കൈകളിലും ആയുധങ്ങൾ അവരുടെയൊപ്പവും ദീപ വാഹകരുണ്ട് താത്തയ്ക്ക് മനസ്സിലായി അത് കാപ്പിരകളാണ്. ചെമ്പുകുടങ്ങളിൽ നിധികളാണ്.