തിരിഞ്ഞൊന്നു നടക്കണം, ഓർമകൾ പോകുന്ന വഴിയേ. അവിടെ ചിലപ്പോൾ ഇലകളടർന്ന മരങ്ങളുണ്ടാവും. ഒരുപാട് വളവുകളും തിരിവുകളുമുള്ള പുതിയ വഴികൾ രൂപപ്പെട്ടിട്ടുണ്ടാകും. നരച്ചുപോയെന്ന് കരുതിയ നിമിഷങ്ങൾക്കുപോലും ചിലപ്പോൾ നിറങ്ങൾ വന്നിട്ടുണ്ടാകും. നിങ്ങൾ വരുമെന്നു കരുതി മാത്രം കാത്തിരിക്കുന്ന ഓർമകളുമുണ്ടാകും. ഓർമകളിൽവെച്ച് ഏറ്റവും കനം കൂടിയവ ഏതാണ്? ഏത് ഓർമയുടെ ചുഴികൾക്കുള്ളിലിരുന്നാണ് നിങ്ങളുടെ ഹൃദയം ഇപ്പോഴും മിടിക്കുന്നത്? ഒട്ടും സംശയിക്കേണ്ട, അവിടേക്കൊന്നു പാഞ്ഞുപോകേണ്ടതുണ്ട് നിങ്ങൾ….
രണ്ടു ശരീരങ്ങളെങ്കിലും ഒന്നിനെക്കാൾ ഒന്നായി ജീവിച്ച രണ്ടു പെൺകുട്ടികൾ നേരിട്ട അനുഭവങ്ങളുടെ തീപ്പൊള്ളലാണ് പിഗ്‌മെന്റ്. ഉദാത്ത നായികാസങ്കല്പത്തിന്റെ വർണക്കളങ്ങൾ സ്വന്തം ഉടലുകളാൽ മായ്ചുകളഞ്ഞവർ. മാനുഷികമായ എല്ലാ പോരായ്മകളുമുള്ള സാധാരണ ക്കാരാവാൻ ശ്രമിച്ചുശ്രമിച്ച് പരാജിതരായവർ. മത-സാമ്പത്തിക-അധികാര ശക്തികളുടെ താത്പര്യങ്ങളെ മുൻനിർത്തി ജീവിതം സൃഷ്ടിച്ചെടുക്കുവാൻ ആഗ്രഹിച്ചെങ്കിലും അതിലൊന്നും ഉൾപ്പെടാനാവാതെ അരികുപറ്റിപ്പോയവർ. ഒരേ ഹൃദയരക്തമായി ഒഴുകിയിരുന്ന അവരുടെ വഴിപിരിയൽ നിമിഷംമുതൽ പിഗ്‌മെന്റിലെ നിറങ്ങളെല്ലാം കടുത്തതായി മാറുന്നു. അതോടെ സദാചാര നാട്യങ്ങളെയെല്ലാം കടപുഴക്കി നീങ്ങുന്ന നിറങ്ങളുടെ കുത്തൊഴുക്കായി നോവൽ സ്വയം മാറുന്നു. ഷബ്ന മറിയത്തിന്റെ ആദ്യ നോവൽ