/ഒരു പാലക്കാടൻ ഗ്രാമത്തിലെ കർഷകസമരത്തിന്റെ പശ്ചാത്തലത്തിൽ കൊടിയ ചതിയുടെയും വർഷങ്ങളായി കാത്തുവെച്ച പ്രതികാരത്തിന്റെയും ഗൂഢമായ അനുരാഗത്തിന്റെയും കഥ പറയുന്ന ചോരപ്പകയിൽ രാക്കാറ്റ്, രണ്ടു കൗമാരക്കാരുടെ നിഷ്കളങ്കമായ പ്രണയത്തിന്റെയും ദുരന്തത്തിന്റെയും ത്രസിപ്പിക്കുന്ന ആഖ്യാനത്തിലൂടെ പ്രണയത്തെയും കാമത്തെയും വ്യത്യസ്തമായ കാഴ്ചയിലൂടെ അവതരിപ്പിക്കുന്ന കട്ടക്കയം പ്രേമകഥ, വേഷവും ഭക്ഷണവുമൊക്കെ മറ്റുള്ളവർ തീരുമാനിക്കുന്ന ഇന്നത്തെ സാമൂഹികാന്തരീക്ഷത്തിൽ ഷർട്ട് എന്ന പ്രതീകത്തിലൂടെ സ്ത്രീയുടെ കരുത്തും പുത്തനുണർവും വരച്ചുകാട്ടി വിസ്മയിപ്പിക്കുന്ന നിരായുധപ്പോരാളികൾ, ബംഗാളിലെ ഉൾനാടൻ ഗ്രാമങ്ങളുടെയും പരമ്പരാഗത നാടകസംഘങ്ങളുടെയും ജീവിതസാഹചര്യങ്ങളിൽ ദുരൂഹമായൊരു മരണത്തിന്റെ പൊരുൾ തേടുന്ന അപസർപ്പകനാടകവൃത്താന്തം… തുടങ്ങി സൗരരേഖ, കണ്ണാടിക്കാലം, സ്വാഹ, പഴയ കെട്ടിടങ്ങൾ പറയുന്ന കഥകളിലൊന്ന് എന്നിങ്ങനെ ജീവിതത്തെ പല തലങ്ങളിൽ നോക്കിക്കാണുന്ന എട്ടു കഥകൾ. സുസ്‌മേഷ് ചന്ത്രോത്തിന്റെ ഏറ്റവും പുതിയ കഥാസമാഹാരം.