"അരിപ്പൂക്കരയുടെ ഓർമ്മപ്പുസ്തകത്തില്‍ പച്ചയായ ജീവിതമുണ്ട്. കൂട്ടുകുടുംബങ്ങളില്‍ നിന്നും അണുകുടുംബങ്ങളിലേക്കു ചുരുങ്ങിയ ജീവിതങ്ങളും ഫ്യൂഡലിസത്തില്‍ നിന്ന് കമ്യൂണിസത്തിലേക്കുള്ള പരിവർത്തനം സമൂഹത്തില്‍ വരുത്തിയ മാറ്റങ്ങളുടെ രേഖാചിത്രങ്ങളും ഇവിടെ കാണാം. ഗൾഫിലേക്കു പോയ മലയാളിയുടെ ആന്തരികവ്യഥ അരിപ്പൂക്കരയിലുമുണ്ട്. സ്ത്രീവിമോചനത്തിന്റെ ശബ്ദം അന്തര്‍ധാരയായി ഈ കൃതിയില്‍ കണ്ടെത്താനും ഉൽപതിഷ്ണുക്കൾക്ക് കഴിഞ്ഞേക്കാം. ഞാന്‍ ജനിച്ചുവളര്‍ന്ന മണ്ണും ഞാന്‍ ശ്വസിച്ച വായുവും ഞാന്‍ കണ്ട മനുഷ്യരും എന്നില്‍ സംഗീതമായി പെയ്തിറങ്ങിയ പ്രകൃതിയും ഈ കഥയില്‍ നിറഞ്ഞാടുന്നത് കാണുമ്പോള്‍ ഗൃഹാതുരത്വം എന്റെ കണ്ണുകളില്‍ ഹര്‍ഷബാഷ്പം നിറയ്ക്കുന്നു. എന്റെ നാടിനെ ഓര്‍ത്തും ഈ എഴുത്തുകാരിയെ ഓര്‍ത്തും ഞാന്‍ അഭിമാനിക്കുന്നു. ഈ കൃതി ഒരു എഴുത്തുകാരിയുടെ ആദ്യ നോവല്‍ ആണെന്നു പറഞ്ഞാല്‍ വായനാസംസ്‌കാരമുള്ളവരാരും തന്നെ വിശ്വസിക്കുമെന്നു തോന്നുന്നില്ല." -ശ്രീകുമാരൻ തമ്പി