Echmukkutty

ITHENTE RAKTHAMANITHENTE MAMSAMANETUTHUKOLLUKA / ഇതെന്റെ രക്തമാണിതെന്റെ മാംസമാണെടുത്തുകൊള്ളുക / എച്ച്മുക്കുട്ടി - 1 - Kottayam D C Books 2019/04/01 - 270

പതിനെട്ടാം വയസ്സിൽ പ്രണയിച്ച് ദാമ്പത്യ ജീവിതത്തിൽ പീഡനവും രതിവൈകൃതങ്ങളും അനുഭവിച്ച് നാടുവിടേണ്ടിവന്ന ഒരു പെൺകുട്ടിയുടെ പച്ചയായ ജീവിതം. സമൂഹത്തിനു മുന്നിൽ മാന്യതയും പുരോഗമനമുഖവും കാണിക്കുന്ന ഒരുകൂട്ടം സാംസ്കാരികനായകരുടെ തനിനിറം തുറന്നുകാണിക്കുന്നതോടൊപ്പം സ്ത്രീകൾ സർവ്വമണ്ഡലങ്ങളിലും പേറുന്ന അവമതിയുടെയും അവഹേളനങ്ങളുടെയും നീതികേടിന്റെയും നീറുന്ന അനുഭവങ്ങൾ പറയുകയാണ് എച്ച്മുക്കുട്ടി ഈ ആത്മകഥയിൽ. “ഞാന്‍ ഗര്‍ഭം ധരിച്ചത് ഒരു ജനുവരി മാസത്തിലായിരുന്നു.വളരെ അസുഖകരമായ ഗര്‍ഭകാലമായിരുന്നു എന്റേത്. ഇതിനൊന്നും തുനിയരുതായിരുന്നുവെന്ന് പലവട്ടം പശ്ചാത്തപിയ്‌ക്കേണ്ടി വന്നിട്ടുണ്ടെനിയ്ക്ക്. അദ്ദേഹത്തിന് എന്റെ ഗര്‍ഭം തീരെ ആവശ്യമില്ലായിരുന്നു;

‘നിന്റെ നിര്‍ബന്ധമാണിത്’ എന്ന് പറഞ്ഞപ്പോള്‍ കണ്ണടയ്ക്കടിയിലെ ചെറിയ കണ്ണുകള്‍ അനാവശ്യമായി തിളങ്ങി; അത് സ്‌നേഹത്തിന്റെ തിളക്കമായിരുന്നില്ല. ആ നിമിഷത്തില്‍ എന്റെ കുഞ്ഞിന് അച്ഛനില്ലാതായി.

മടുപ്പിന്റെയും അസഹ്യതയുടേതുമായ ചുട്ട നോട്ടങ്ങളില്‍ എരിഞ്ഞുതീര്‍ന്ന ഞാന്‍ ലജ്ജയില്ലായ്മകൊണ്ട് മാത്രമാണ് ആ കാലത്തെ അതിജീവിച്ചത്.

ആണിന്റെ അംഗീകാരം ലഭിച്ചിട്ടില്ലാത്ത ഏതൊരു പെണ്ണിനും ഈ നാണമില്ലായ്മയും, അഭിമാനക്കുറവുമെല്ലാം വളരെ സഹജമായ കുപ്പായങ്ങളാണെന്ന് അന്നെനിക്കറിഞ്ഞുകൂടായിരുന്നു. പിന്നീട് അതെന്റെ രണ്ടാംതൊലി പോലെയായി. നിന്ദാപമാനങ്ങളുടെയും തിരസ്‌കാരങ്ങളുടെയും മര്‍ദ്ദനങ്ങളുടെയും പതിവുകള്‍ ശീലമായാല്‍ പിന്നെ ഒരു അലോസരവുമുണ്ടാക്കാറില്ലല്ലോ.

ഗര്‍ഭകാലത്തെ അസ്വസ്ഥതകള്‍ എന്റെ വെറും ഭാവനയാണെന്ന് അദ്ദേഹം വിശ്വസിച്ചു. ഛര്‍ദ്ദിയും ഭക്ഷണത്തോടുള്ള വൈമുഖ്യവും ചില ഭക്ഷണങ്ങളോടുള്ള ആര്‍ത്തിയും എല്ലാം ആ മനസ്സില്‍ വെറുപ്പു മാത്രമേ ഉണ്ടാക്കിയുള്ളൂ. അദ്ദേഹത്തിന്റെ പരിചയത്തിലുള്ള സ്ത്രീകള്‍ക്കൊന്നും ഇത്തരം പ്രശ്‌നങ്ങളുണ്ടായിരുന്നില്ല. അവര്‍ രുചികരങ്ങളായ നല്ല ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉണ്ടാക്കി ആര്‍ത്തിയോടെ ഭക്ഷിച്ചു, അവരുടെ ശരീരങ്ങള്‍ കൊഴുത്തു തുടുത്തു. അവരില്‍ പ്രസവത്തിനു എത്രയോ മുന്‍പേ അമ്മത്തം ഒരു ദൈവാനുഗ്രഹമായി നിറഞ്ഞു തുളുമ്പാന്‍ തുടങ്ങി. പൂര്‍ണ്ണമായ സ്ത്രീത്വമുള്ള സ്ത്രീകള്‍ എന്റെ അസ്വസ്ഥതകളെ വെറും തമാശയായി മാത്രമേ കാണുകയുള്ളൂ എന്ന് അദ്ദേഹത്തിനുറപ്പുണ്ടായിരുന്നു. അത്രമേല്‍ സ്വാഭാവികമായ ഒരു കാര്യമാണു ഗര്‍ഭമെന്നും വയര്‍ വലുതാകുമ്പോഴാണ് ഗര്‍ഭിണികളാണെന്നുതന്നെ അവരറിയുകയെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. സൗഭാഗ്യവതികളായ ആ സ്ത്രീകള്‍ക്ക് മുന്‍പില്‍ എനിക്ക് സ്വയം പുച്ഛമാണ് തോന്നേണ്ടതെന്ന് അദ്ദേഹം ഉറപ്പിച്ച് പറഞ്ഞു.

ഞാന്‍ മെലിഞ്ഞു വിളര്‍ത്തു. ഭക്ഷണം എന്നെ തെല്ലും കൊതിപ്പിച്ചില്ല. അമ്മത്തം എന്നില്‍ പേരിനു കൂടിയും തെളിഞ്ഞില്ല.

വീട്ട്‌ജോലികള്‍ ചെയ്യാനാകാതെ എനിക്ക് കൂടെക്കൂടെ ശ്വാസംമുട്ടലുണ്ടായി. ആരോഗ്യവതിയായ സ്ത്രീയുടെ പുരുഷനാകുന്നത് എത്ര വലിയ സൗഭാഗ്യമാണെന്ന് അദ്ദേഹം നെടുവീര്‍പ്പിടുമ്പോഴെല്ലാം ചിരിക്കുന്ന മട്ടില്‍ ചുണ്ടുകള്‍ അകത്തി പല്ലുകള്‍ വെളിയില്‍ കാണിക്കുവാന്‍ മാത്രമേ എനിക്ക് കഴിഞ്ഞിരുന്നുള്ളൂ. വീട്ടു ജോലികള്‍ ഭംഗിയായി ചെയ്യുന്നവരും ഗര്‍ഭിണികളും ഉദ്യോഗസ്ഥകളുമായ മിടുക്കി സ്ത്രീകളെ അദ്ദേഹം എല്ലായ്‌പോഴും എനിക്ക് ചൂണ്ടിക്കാണിച്ചുതന്നു.

9789352827879

Purchased Current Books,Convent Jn,Ernakulam


ആത്മകഥ
Autobiography

L / ECH/IT