TY - BOOK AU - Sharon TI - OHIMO: / ഒഹിമോ SN - 9788124004029 U1 - A PY - 1999////01/01 CY - Kottayam PB - Current Books KW - Novalukal N1 - അരിഗോണികള്‍ നിഴല്‍ പ്രവാചകരെ കുറിച്ച് കേട്ടിട്ടുണ്ടോ? അവരില്‍ വിശ്വസിക്കുന്നവരെ പറ്റി? ചരിത്രകാലത്തിനും ചരിത്രാതീതകാലത്തിനുമിടയ്ക്ക് പതിനായിരം വര്‍ഷത്തിന്റെ ചരിത്രം രേഖപ്പെടാതെ പോയതിനെ കുറിച്ച് നിങ്ങള്‍ക്ക് അറിവുണ്ടാകും. നോഹയുടെ പെട്ടകത്തെ കുറിച്ചും... ദൈവം, ഭൂമിയിലെ എല്ലാ വര്‍ഗ്ഗത്തില്‍ നിന്നും ഇണകളെ പെട്ടകത്തില്‍ കയറ്റാന്‍ നോഹയെ നിയോഗിച്ചപ്പോള്‍ അരിഗോണി വംശതലവന്‍ തന്റെ ബൃഹത്തായ വംശ സാമ്രാജ്യത്തില്‍ നിന്ന് ഓരോ ഇണകളെ നല്‍കി നോഹയെ സഹായിച്ചു. അരിഗോണികളെ കുറിച്ചുള്ള ആദ്യ ചരിത്ര പരാമര്‍ശം അവിടെ തുടങ്ങുന്നു. ദൈവം, കനത്ത പേമാരിയായി ജനതയ്ക്ക് മേല്‍ ശിക്ഷ വര്‍ഷിച്ചു. മാസങ്ങളോളം നോഹയുടെ പെട്ടകം പ്രളയത്തില്‍ കര തേടിയലഞ്ഞു. പേമാരി നേര്‍ത്ത് ജലനിരപ്പ് താഴ്‌ന്നു. ഇണകള്‍ പെട്ടകത്തില്‍ നിന്നിറങ്ങി, ഭൂമിയില്‍ വംശപരമ്പര പുനരുജ്ജീവിപ്പിക്കാന്‍ അവര്‍ ഇണചേര്‍ന്നു. അരിഗോണി ഇണകള്‍ നോഹയുടെ മതം വിശ്വസിച്ചെങ്കിലും പരമ്പരാഗതമായ, നിഴല്‍ പ്രവാചകരെ പറ്റിയുള്ള വിശ്വാസം നില നിര്‍ത്താന്‍ അവര്‍ അവിസാന്ത ഭാഷ മറന്നില്ല. അരിഗോണികളുടെ ചരിത്രരചന അവിസാന്തയിലൂടെയായിരുന്നു. തിരശ്ചീനമാ‍യി വലത് നിന്നും ഇടത് നിന്നും തുടങ്ങുന്ന പ്രാദേശിക ഭാഷാ രൂപത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായി നിരയായി മുകളില്‍ നിന്ന് കീഴോട്ട്, വിവരിക്കുന്ന സംഭവത്തിന്റെ പ്രധാന തലക്കെട്ട് ആദ്യ നിരയില്‍ വരും വിധം അവിസാന്ത എഴുതി പോന്നു. അരിഗോണികള്‍ക്കല്ലാതെ മറ്റാര്‍ക്കും അതൊരു ഭാഷയാണെന്ന് തോന്നിയില്ല. വംശനാശം സംഭവിച്ച ഏതോ പക്ഷിയുടെ കാഷ്ഠം നിലത്ത് വീഴുന്നതിന്റെ രേഖാചിത്രമെന്ന് അരിഗോണികളല്ലാത്തവര്‍ അവിസാന്തയെ പറ്റി കരുതി. കാലം കഴിയവെ അരിഗോണി വംശം പരമ്പരാഗത വിശ്വാസത്തിലൂടെ ജീവിക്കാന്‍ മലകളും മരുഭൂമിയും താണ്ടി നോഹയില്‍ നിന്നും അകന്നു. യാത്രയിലുടനീളം തങ്ങളില്‍ നിന്നുള്ളോരൊ ഇണകളെ വഴി വക്കിലുപേക്ഷിച്ച് അവസാന ഇണയും ബാക്കിയാവും വരെ യാത്ര തുടര്‍ന്നു. ഓരോ ഇണകളും തങ്ങള്‍ക്ക് ലഭിച്ച പക്ഷിമൃഗാദികള്‍ക്കൊപ്പം നിഴല്‍ പ്രവാചകരുടെ നിര്‍ദ്ദേശമനുസരിച്ച് ജീവിച്ച് തുടങ്ങി. അരിഗോണികള്‍, നിഴല്‍ പ്രവാചകരോട് സംഭാഷണത്തില്‍ ഏര്‍പ്പെടാന്‍ ആറാം മാസത്തില്‍ ആണ്‍കുഞ്ഞുങ്ങളെ തികയാതെ പ്രസവിച്ചു. എല്ലാ ഇണകളും ആദ്യം ആണ്‍കുഞ്ഞിനെ പ്രസവിക്കുന്നതിനായി നിലാവുള്ള രാത്രിയില്‍ മാത്രം വംശവര്‍ദ്ധനയ്ക്കായി വേഴ്ചയിലേര്‍പ്പെട്ടു. തികയാതെ പ്രസവിച്ച ആണ്‍കുഞ്ഞിനെ വീടിന്റെ വലത് വശത്ത് ഭയഭക്തിയോടെ മറവ് ചെയ്തു. മരണദു:ഖത്തിന്റെ നാല്പത് നാ‍ള്‍ കഴിയുന്ന രാത്രിയില്‍ നിഴല്‍ പ്രവാചകരുടെ ആദ്യ സന്ദേശവുമായി ആണ്‍കുഞ്ഞ് മാതാവിന് സ്വപ്നദര്‍ശനം നല്‍കി. മാതാവ് മകന്റെ നേത്രങ്ങളില്ലാത്ത മുഖരൂപം വരച്ച് പുറത്തേക്ക് തുറക്കുന്ന വാതിലിന്റെ അകത്ത് ഇടത് വശത്തായി തൂക്കിയിട്ടു. ആ വീടിന്റെ സ്വപ്ന സന്ദേശവാഹകനെ നിര്‍ദ്ദേശങ്ങള്‍ക്കായി സ്വപ്നം കണ്ടു. അരിഗോണി മാതാക്കള്‍ നാലില്‍ കൂടുതല്‍ ഒരിക്കലും പ്രസവിച്ചില്ല. സ്വപ്ന സന്ദേശവാഹകനായ ആണ്‍കുഞ്ഞും മൂന്ന് ആണോ പെണ്ണോ ആയവരും ചേര്‍ന്ന് ചെറിയ വംശം. ക്രമേണ വംശവര്‍ദ്ധന സംഭവിച്ചതോട് കൂടി അരിഗോണി പിതാക്കന്മാര്‍ ലംബമായി ക്രമീകരിച്ച വീടുകളില്‍ താമസിച്ച് തുടങ്ങി. സമൂഹത്തിലെ പ്രായം ചെന്ന അരിഗോണി ലംബമായ നിരയില്‍ ആദ്യം വീട് പിന്നെ പശു തൊഴുത്ത്, ആട്ടിന്‍ കൂട്,പക്ഷികള്‍ക്കായുള്ള കൂടുകള്‍ അങ്ങിനെ നിരയായി സജ്ജീകരിച്ചു. അയാളെ മറ്റു അരിഗോണികള്‍ പിതാവെന്ന് വിളിച്ചു. പിതാവിന്റെ വസതിയുടെ ഇടത് ഭാഗത്തോട് ചേര്‍ന്ന് സ്വപ്ന സന്ദേശവാഹകര്‍ക്കായി ഒരു നിര വീട് ഒഴിച്ചിട്ടു. മക്കള്‍ എന്ന് വിളിക്കുന്ന മറ്റു അരിഗോണികള്‍ പ്രായകൂടുതല്‍ അനുസരിച്ച് ഇടതു വശത്തായി നിരയായി താമസിച്ചു. മക്കള്‍ പരസ്പരം സഹോദരരെന്ന് കരുതി പോന്നു. പകല്‍ സമയത്തെ അഞ്ചായി പകുത്ത് ആദ്യ പകുതിയില്‍ സ്വപ്നദര്‍ശനത്തിന്റെ സന്ദേശം ഓര്‍ത്തെടുക്കുവാനും പകല്‍ നേരത്തേക്കുള്ള ഭക്ഷണം പാകം ചെയ്യുവാനും പ്രഭാതഭക്ഷണത്തിനായും നീക്കിവെച്ചു. അവിസാന്ത ഭാഷയുടെ പഠനത്തിനായി രണ്ടാം പകുതിയും പുസ്തക രചനകള്‍ക്കായി മൂന്നാം പകുതിയും താഴെ ശിഖരത്തില്‍ ഭക്ഷണ ധാന്യവും ക്രമാനുഗതമായി വിവിധ ശിഖരങ്ങളില്‍ മൃഗങ്ങള്‍, പക്ഷികള്‍ എന്നിവയ്ക്ക് വേണ്ട വിഭവങ്ങളും ഏറ്റവും മുകളില്‍ ലോഹവും വിളയുന്ന, അരിഗോണ പ്രവാചകര്‍ സമ്മാനിച്ച അഗിനാര്‍ മരങ്ങള്‍ക്ക് വളമായൊഴിക്കാന്‍ തീ പകരാന്‍ നാലാം പകുതിയും വിനിയോഗിച്ചു. അരിഗോണികള്‍ക്ക് തീ ദ്രാവക രൂപത്തിലായിരുന്നു നോഹ സമ്മാനിച്ചിരുന്നത്. പൊള്ളലേല്‍ക്കാത്ത കൈവിരലുകള്‍ കൊണ്ടവര്‍ അഗിനാര്‍ മരങ്ങള്‍ക്ക് തീ പകര്‍ന്നു. അഗിനാര്‍ മരങ്ങള്‍ മൂപ്പിനനുസരിച്ച് ലംബമായാണ് നട്ടിരുന്നത്. അഗിനാര്‍ വിത്തുകള്‍ പാകമാകുമ്പോള്‍ ഇടത്തേക്ക് കൊഴിഞ്ഞു. അരിഗോണികര്‍ക്ക് അവയ്ക്ക് തീ പകരേണ്ട ജോലി മാത്രമേയുണ്ടായിരുന്നുള്ളൂ. അഞ്ചാം പകുതിയില്‍ പ്രാര്‍ത്ഥനാ വാക്യങ്ങള്‍ ഉരുവിട്ട് കൃഷി സ്ഥലത്ത് നിന്ന് വിളവുമായി, നിരയായി തിരിച്ച് നടന്നു. അവനവന്റെ വീടുകളില്‍ എത്തുമ്പോഴാണ് സൂര്യന്‍ തെക്ക് അസ്ഥമിച്ചിരുന്നതെന്നതിനാല്‍ ഏറ്റവും ഇളയ അംഗമായിരുന്നു മടക്ക യാത്രയില്‍ മുന്നില്‍ നടന്നിരുന്നത്. അരിഗോണരുടെ കൃഷിസ്ഥലം മാത്രം പ്രവാചക സന്ദേശവാഹകരുടെ ഖബറിടത്തിന്റെ വലത് ഭാഗത്തായി തയ്യാറാക്കി. കാരണം പ്രവാചകര്‍ അഗിനാര്‍ മരങ്ങളിലായിരുന്നു വസിച്ചിരുന്നത്. വലതു ഭാഗം അരിഗോണര്‍ക്ക് അതിനാല്‍ പാവനമാക്കപെട്ടതായി. മൂന്നാം പകുതിയില്‍ അരിഗോണര്‍ രചിച്ച അവിസാന്ത പുസ്തകങ്ങള്‍ പിതാവ് നാലാം പകുതിയില്‍ വായിച്ച് തീര്‍ക്കുമ്പോള്‍ അവിസാന്ത ഭാഷയോട് തലയാട്ടി സംസാരിക്കുന്നത് പോലെ ദ്യോതിപ്പിച്ചു. രാത്രിയില്‍ അരിഗോണര്‍ വിളക്ക് തെളിയിക്കുമായിരുന്നില്ല. തീ ദ്രാവകമായായിരുന്നല്ലോ അക്കാലത്ത്. രാത്രിയില്‍, പ്രവാചക സന്ദേശകര്‍ക്ക് അരോചകമാകാതിരിക്കാന്‍ അരിഗോണര്‍ കൂര്‍ക്കം വലിക്കാതിരുന്നു. ഇതിനായി രാത്രിയേയും നാല് പകുതിയാക്കിയിരുന്നു. ഓരോ യാമത്തിലും അരിഗോണികള്‍ കൂര്‍ക്കം വലിക്കാതിരിക്കാന്‍ പ്രാര്‍ത്ഥിച്ചു. സന്ദേശവാഹകര്‍ അന്ത്യയാമത്തില്‍ മാത്രമാണ് അരിഗോണര്‍ക്ക് പ്രവചനങ്ങളും നിര്‍ദേശങ്ങളും നല്‍കിയിരുന്നത്. പകലിന്റെ ആദ്യ പകുതിയില്‍ സ്വപ്നദര്‍ശനം അതിനാല്‍ സുഗമമായി ഓര്‍ത്ത് വെക്കാന്‍ അരിഗോണികള്‍ക്ക് കഴിഞ്ഞു. പ്രപിതാവിന്റെ പൌരാണിക അവിസാന്ത പുസ്തകത്തില്‍ തലയാട്ടി, വംശചരിത്രം വായിച്ച്, വഴിവക്കില്‍ ഉപേക്ഷിച്ച് പോയ വംശപരാവലിയെ തിരഞ്ഞ് ഞാനും യാത്രയായി. ഒമാനിലെ സീബ് വിമാനത്താവളത്തില്‍ നിന്നും ഇരുനൂറ് മൈലകലെ നിസ്‌വ എന്നയിടത്ത് എത്തി ചേര്‍ന്ന് ഉപജീവനം കഴിച്ച് കൊണ്ടിരിക്കെ, ജബല്‍ അഖ്ദര്‍ എന്നയിടത്തൊരു അരിഗോണി പിതാവ് കാത്തിരിക്കുന്നതായി സ്വപ്നസന്ദേശം ലഭിച്ചു. ചെങ്കുത്തായ മലനിര താണ്ടി, പൊട്ടി പൊളിഞ്ഞൊരു വാഹനത്തോട് ചാരി മയങ്ങുമ്പോള്‍ അവിസാന്ത ഭാഷയിലെ വരവേല്‍പ്പ് ഗാനം കേട്ടു. വംശത്തിലൊരു അരിഗോണി പിറക്കുമ്പോള്‍ പിതാക്കന്മാര്‍ പാടുന്ന മനോഹര ഗാനം!!. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഗാനം!!! പ്രായാധിക്യത്തിന്റെ ദുര്‍ഗന്ധം മയക്കത്തില്‍ നിന്നുണര്‍ത്തുമ്പോള്‍ അരിഗോണി പിതാവെന്റെ ഇടത്തെ ചുമലിന്റെ പിറകില്‍ അരിഗോണി ചിഹ്നത്തിന്ന് വേണ്ടി തിരയുകയായിരുന്നു. അരിഗോണിയുടെ മരണം വരെയുള്ള യാത്രയുടെ മുഴുവന്‍ വിവരവും രേഖപ്പെടുത്തിയ ചിഹ്നം വായിച്ച് പിതാവ് പ്രവചിക്കാന്‍ തുടങ്ങി.. വഴിയിലുപേക്ഷിക്കപെട്ട പൂര്‍വ്വ പിതാക്കള്‍ക്ക് ആയിരത്തോളം വര്‍ഷത്തിന്റെ പഴക്കമുണ്ടെന്നും വംശപരമ്പരയെ കൂട്ടിചേര്‍ക്കാനുള്ള ശ്രമത്തിനിടയില്‍ ഭാരതത്തിന്റെ തെക്കെ മൂലയില്‍ ഇതര സമുദായത്തോട് ഇടചേര്‍ന്ന് ജീവിക്കുന്ന അരിഗോണികള്‍ മുഴുവനായും നാടുപേക്ഷിക്കുമെന്നും തിരിച്ച് പോകാനാകാതെ പ്രവാസികളായി മരിക്കുമെന്നും പ്രവചിച്ചു. പ്രവചന നാള്‍ തൊട്ട് രണ്ട് വര്‍ഷം തികയുമ്പോള്‍ കെനിയയില്‍ നിന്നുമെത്തുന്ന അരിഗോണിക്കൊപ്പം വംശപരമ്പരയെ തിരഞ്ഞ് യാത്രയാകും വരെ കാത്തിരിക്കാന്‍ പറഞ്ഞ് പിതാവ് അകന്നു പോയി. ഈയടുത്ത് മറ്റൊരു സന്ദേശം ലഭിച്ചത് നൂറ്റാണ്ടുകളായുള്ള അരിഗോണി സമൂഹത്തിന്റെ നിലനില്‍പ്പിന്റെ പൊരുള്‍ തെളിയിക്കുന്നതായിരുന്നു. കെനിയയില്‍ നിന്നുള്ള അരിഗോണി യാത്രയ്ക്കൊരുങ്ങുന്നു... ജന്മനാട്ടിലേക്ക് തിരിച്ച് പോകാന്‍ പ്രവാചകര്‍ നിശ്ചയിച്ചിട്ടില്ലാത്തതിനാല്‍ മറ്റൊരു യാത്രയ്ക്കായ് അഗിനാര്‍ വിത്തുകള്‍ നിറച്ച ഭാണ്ഡവുമായി കാത്തിരിക്കുമ്പോള്‍, വംശനാശം സംഭവിച്ച ഏതോ പക്ഷിയുടെ കാഷ്ഠം നിലത്ത് വീഴുന്നതിന്റെ രേഖാചിത്രമാണ് അവിസാന്ത ഭാഷയെന്ന് തെറ്റിദ്ധരിച്ച അരിഗോണികളല്ലാത്തവര്‍ക്ക്, ശാസ്ത്രത്തിന്റെ പിന്‍ബലമുണ്ടായിട്ട് പോലും അരിഗോണി പ്രവചനങ്ങള്‍ പുലരുന്നതിന്റെ സാംഗത്യം കണ്ടെത്താന്‍ കഴിയാത്തതിനെ പറ്റി ഖേദം തോന്നി ER -