TY - BOOK AU - Sonia Rafeek TI - HERBARIUM: (ഹെര്‍ബേറിയം) SN - 9788126474165 U1 - A PY - 2016////10/01 CY - Kottayam PB - D C Books KW - Novalukal N1 - ഹെർബേറിയം- സോണിയ റഫീഖ് മരുഭൂമിയുടെ ഊഷരതയില്‍ നിന്ന് ജൈവ പ്രകൃതിയുടെ പച്ചപ്പിലേക്കെത്തുന്ന ഒരു ബാലന്റെ മനസ്സാണ് ഹെര്‍ബേറിയം തുറന്നിടുന്നത്. പ്രകൃതിയില്‍ നിന്നും ജൈവികതയില്‍ നിന്നും അകറ്റി ഫഌറ്റിന്റെ ഇത്തിരിച്ചതുരത്തിലേക്ക് ഒതുക്കപ്പെടുന്ന പുതിയ തലമുറയെക്കുറിച്ച് ഈ നോവല്‍ നമ്മെ വേവലാതിപ്പെടുത്തുകയും ഒപ്പം നമ്മുടെ കുട്ടികള്‍ക്കും പരിസ്ഥിതി ജാഗ്രത്തായ ഒരു സംസ്‌കാരം സ്വരൂപിക്കാനാവുമെന്ന് ബോധ്യപ്പെടുത്തുകയും ചെയ്യുന്നു. പുസ്തകത്തില്‍ നിന്ന് : അമ്മാളുവിന്റെ പനി കുറഞ്ഞു. എങ്കിലും രണ്ടു ദിവസം കൂടി കഴിഞ്ഞേ അവള്‍ കുളിക്കാന്‍ വരൂ. രാവിലെ മുതല്‍ നല്ല മഴയുമുണ്ട്. തങ്കയമ്മ ഒരു വാഴയിലക്കുടയും ചൂടിയാണെത്തിയത്. ടിപ്പു നോക്കുമ്പോഴെല്ലാം ആ വാഴയിലയുടെ കീഴില്‍ കൂനിപ്പിടിച്ചിരുപ്പാണവര്‍. ഫ്രോഗ് പ്രിന്‍സ് എന്ന ഫെയറി ടെയിലിലെ തവളക്ക് കുളത്തിന്‍ കരയില്‍ ഇതു പോലൊരു ഇരിപ്പുണ്ട്. മഴ തോരും വരെ അടുക്കളയ്ക്കുള്ളില്‍ കയറി ഇരിക്കാന്‍ അവരോടു പറഞ്ഞതാണ് നബീസത്. താന്‍ കൂട്ടിയില്ലെങ്കില്‍ മഴ പിണങ്ങുമെന്ന മട്ടാണ് മുറ്റത്ത് കോച്ചിപ്പിടിച്ചുള്ള തങ്കയമ്മയുടെ ഇരുപ്പ് കണ്ടാല്‍ തോന്നുക. വൈകുന്നേരം മഴയൊന്ന് ശമിച്ചപ്പോള്‍ ടിപ്പു പുറത്തേക്കിറങ്ങി. പകല്‍ മുഴുവന്‍ അവന്‍ ഗെയിമിലായിരുന്നു. അവനുവേണ്ടി നബീസത്തിന് ഇന്റര്‍നെറ്റ് കണക്ഷന്‍ വരെ എടുക്കേണ്ടി വന്നു. കളിച്ചു കളിച്ച് കണ്ണുകള്‍ വേദനിച്ചപ്പോള്‍ ഒന്ന് പുറത്തേക്കിറങ്ങാമെന്ന് അവന്‍ കരുതി. തിരുനിലം വീടിന്റെ മുറ്റത്തു കൂടി വെറുതെ നടന്നു. അപ്പോഴാണ് ആ ഡിനോസര്‍ പല്ലിയെ ഓര്‍മ്മ വന്നത്. ടിപ്പു വേഗം അവിടന്ന് മാറി നടന്നു. അവന്‍ കാവിനുള്ളിലേക്ക് കയറി, മഴ നനഞ്ഞ് കരിയിലമെത്ത ആകെ കുതിര്‍ന്നിരുന്നു. ഇലകളില്‍ നിന്ന് വെള്ളത്തുള്ളികല്‍ അവന്റെ ദേഹത്ത് ഇറ്റു വീണു. തൊട്ടാവാടികള്‍ മഴപ്പിണക്കം മതിയാക്കി കണ്ണു തുറന്നിരുന്നു. കാവിന്റെ തെക്കേ മൂലയില്‍ ഒരു മഴമരം നില്‍പ്പുണ്ട്. ടിപ്പുവിന്റെ ദേഹത്തേക്ക് ഒരു കുടം വെള്ളം കോരിയൊഴിച്ചു കൊണ്ട് മഴമരത്തിന്റെ ഇലകള്‍ വിടര്‍ന്നു. മഴവെള്ളം ഉള്ളിലൊതുക്കി കൂമ്പിയടഞ്ഞ ഇലകള്‍ മഴ മാഞ്ഞപ്പോള്‍ ഉണര്‍ന്നു വന്നതാണ്. കൃത്യം ആ സമയത്തു തന്നെയാണ് ടിപ്പു മഴമരത്തിന് കീഴില്‍ വന്നുപെട്ടതും. ‘അയ്യോ വെള്ളം…’ അവന്‍ വേഗം മരച്ചോട്ടില്‍ നിന്നും ഓടി മാറി. രാവിലെ മഴയില്‍ നിന്നും രക്ഷ നേടാന്‍ തങ്കയമ്മ ഉപയോഗിച്ച വാഴയില, മനപ്പൂര്‍വ്വം മനുഷ്യനെ നനയിക്കാന്‍ തുനിഞ്ഞു നില്‍ക്കുന്ന മഴമരത്തിന്റെ ഇലകള്‍, ചിക്കന്‍ പോക്‌സ് വന്നപ്പോള്‍ ആശ്വാസമായി വന്ന വേപ്പില, വായനാറ്റമുണ്ടായപ്പോള്‍ ഉമ്മുടു പിച്ചിയിട്ട പുതിനയില, ഉമ്മുടുവിന്റെ കുട്ടിക്കാലത്ത് കൈകളില്‍ നിറം പകരാന്‍ അരച്ചു തേക്കുന്ന മൈലാഞ്ചിയില… ഇലകള്‍ ഇലകള്‍.. എന്തെല്ലാമിലകള്‍! ഞാവല്‍ പഴങ്ങളുണ്ടെങ്കില്‍ കുറച്ച് പെറുക്കി വെയ്ക്കാമെന്ന് കരുതി നോക്കിയപ്പോള്‍ അവിടെ ഒന്നുമേയില്ല, ഒക്കെ മഴ കൊണ്ടു പോയി. മാവിന്‍ചുവട്ടില്‍ കുറച്ച് മാങ്ങാപ്പിഞ്ചുകള്‍ കൊഴിഞ്ഞു കിടപ്പുണ്ട്. അതാര്‍ക്കു വേണം! എങ്കിലും അവയുടെ മെഴുമെഴുപ്പും കുസൃതി നോട്ടവും കണ്ടാല്‍ ഒന്നു കൈയിലെടുക്കാന്‍ തോന്നാതിരിക്കില്ല. ടിപ്പു നിലത്ത് കുത്തിയിരുന്നു മാങ്ങാപ്പിഞ്ചുകള്‍ പെറുക്കാന്‍ തുടങ്ങി. കരിയിലകള്‍ക്കിടയിലൂടെ ഒരു ചുവന്ന ചോണനുറുമ്പ് ഊളിയിട്ടിറങ്ങുന്നതു കണ്ടു. അതിന്റെ പോക്ക് നിരീക്ഷിക്കാന്‍ അവന്‍ മെല്ലെ കരിയിലയുടെ പാളി നീക്കി നോക്കി. എന്തൊക്കെയാണ് അതിനു കീഴില്‍! കുറെ ഉറുമ്പുകള്‍, അവ തിരക്കിട്ടോടുന്നു. ചിലരുടെ ചുണ്ടില്‍ ഭക്ഷണം കടിച്ചു പിടിച്ചിട്ടുണ്ട്, അല്ലാ, അത് ഭക്ഷണമല്ല, മുട്ടകളാണ്. സ്വന്തം മുട്ടകള്‍ ചുമന്നു കൊണ്ടുപോകുന്നൊരു ജാഥ. ഇങ്ങനെയൊരു ചിത്രം ഫാത്തിമ ഗൂഗിളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തു കാണിച്ചിട്ടുണ്ട്, അന്ന് അവനോടത് വരയ്ക്കാന്‍ പറഞ്ഞതുമാണ്. അന്നത് കേട്ട ഭാവം നടിച്ചില്ല ടിപ്പു. മഴ പെയ്തപ്പോള്‍ അവയുടെ കൂടുകള്‍ നനഞ്ഞിട്ടുണ്ടാകും, മുട്ടകള്‍ മറ്റേതോ സുരക്ഷിത സ്ഥാനത്തേക്കു മാറ്റുന്നതിന്റെ തിരക്കിലാണവര്‍. രാവിലെ വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന തന്റെ ദേഹത്ത് വന്നു കുത്തിയ കുസൃതി മഴയല്ലേ, മഴ എവിടെയൊക്കെയാണ് കയറിച്ചെല്ലുന്നത്! വീണ്ടും വീണ്ടും കരിയിലഗര്‍ഭം നീക്കി അവയുടെ പാത മനസ്സിലാക്കുവാന്‍ ശ്രമിച്ചു. എന്നാല്‍ ആ പിന്‍തുടരല്‍ എവിടേക്കും എത്തില്ലെന്നു മനസ്സിലാക്കി അവനത് പാതിവഴിയില്‍ ഉപേക്ഷിച്ചു. പ്രജനന പ്രക്രിയയിലൂടെയാണ് ഓരോ ജീവിയും ഭൂമിയില്‍ തങ്ങളുടെ സ്ഥാനമുറപ്പിക്കാന്‍ ശ്രമിക്കുന്നതെന്നു അവനു ബോധ്യമായി. എന്തൊരു ഉത്തരവാദിത്വ ബോധത്തോടെയാണ് ഉറുമ്പുകള്‍ വരും തലമുറയെ കാത്തു സംരക്ഷിക്കുന്നത്! അവന്‍ ഇണങ്ങുകയായിരുന്നു. ഉറുമ്പുകളോടും കരിയിലകളോടും മഴയോടും മഴവെള്ളത്തോടുമൊക്കെ. --------------------------------------------------------------------------------------------- Review ഒരു കൃതിയെ വിലയിരുത്തുമ്പോള്‍ ഭാഷയെ ഗണിക്കാതെ വയ്യ. എന്തൊരു ചാരുതയാര്‍ന്ന ഭാഷ! ആസിഫ് കണ്ടെടുക്കുന്ന ഫാത്തിമയുടെ കുറിപ്പുകള്‍ ഹൃദയം കവരുന്നതാണ്. പ്രപഞ്ചത്തെ ഒരു കുട്ടിയുടെ തുറന്ന കണ്ണിലൂടെ നോക്കിക്കാണുന്ന പുസ്തകമാണിത്. കുട്ടികള്‍ക്ക് മാത്രമേ അത്രേം തുറന്ന കണ്ണുകള്‍ ഉള്ളൂ, മതാന്ധത ഇല്ലാത്ത, കക്ഷി രാഷ്ട്രീയ ചേരുതിരിവില്ലാത്ത കണ്ണുകള്‍. മാരിവില്ലിന്റ നിറങ്ങളും മയില്‍ നൃത്തമൊരുക്കുന്ന നിറക്കാഴ്ചയും അവര്‍ ആസ്വദിക്കും പോലെ ആരും ആസ്വദിക്കില്ല പ്രകൃതിയെയും മണ്ണിനെയും അറിയാന്‍ അവരെ പഠിപ്പിക്കാന്‍ ആരും തയ്യാറല്ല. ബോണ്‍സായി ആക്കി മാറ്റാന്‍ മത്സരിക്കുന്ന രക്ഷിതാക്കള്‍ വലിയ ശാപം തന്നെ. ഇവിടെയൊക്കെ ഈ നോവല്‍ കടന്നു ചെല്ലുന്നു. അതിനൊക്കെ ഓരോയിടവും യുക്തമായ ഭാഷയില്‍ ഈ നോവല്‍ സംവദിക്കുന്നു ബിംബകല്‍പ്പനകളും ഫാന്റസിയും ശാസ്ത്രത്തിന്റെ മേമ്പൊടിയുമൊക്കെ ചേര്‍ന്ന കഥകള്‍. പക്ഷേ നോവലിസ്റ്റ് സോണിയ കുറെ വേറിട്ടു നില്‍ക്കുന്നു. ഭാഷ ഏവരും ഉള്‍ക്കൊളളുന്നതായിരിക്കുന്നു. തങ്കിയമ്മക്ക് അവരുടെ ഭാഷ, വിനിതിന് അയാളുടെ ഭാഷ, ജനാര്‍ദ്ദനന് മറ്റൊന്ന് അങ്ങനെ. അങ്കുവാമക്ക് പോലും ഒരു ഭാഷ പതിച്ചു നല്‍കിയിരിക്കുന്നു. പ്രകൃതിയെ വീഡിയോ ഗെയിമിലേക്ക് പറിച്ചു നട്ടെങ്കിലും പുതു തലമുറയെ മണ്ണിന്റെ ഗന്ധമറിയിക്കണമെന്ന സന്ദേശം ഇതിലുണ്ട്. ഒരു പക്ഷേ പ്രായോഗികമായ മാര്‍ഗ്ഗം ഇതുമാകാം. ജെ സി ബി ശരീരവും മനസും ഒന്ന് ചേര്‍ന്ന് വികസനമെന്ന മായക്കണ്ണാടി കാട്ടി ആവാസ വ്യവസ്ഥയെ പിഴുതെറിയുമ്പോള്‍ മറ്റെന്താണ് കഴിയുക? മരങ്ങള്‍ വച്ചു പിടിപ്പിക്കുന്നതും പുതു സെലിബ്രിറ്റി ആവാനുള്ള മികച്ച മാര്‍ഗ്ഗമെന്ന് ചിന്തിക്കുന്ന ഒരു തലമുറയെ സോണിയ സമര്‍ത്ഥമായി വരച്ചു കാട്ടുന്നുണ്ടിതില്‍. വായന കഴിഞ്ഞാലും നമ്മെ ‘ഹോണ്ട് ‘ ചെയ്യുന്ന ഒട്ടേറെ വാക്യങ്ങളും മുഹൂര്‍ത്തങ്ങളും ഉണ്ടിതില്‍. വായനക്കാരനെ അവ വിടാതെ പിന്തുടരും. ഒരു കൃതി വിജയിച്ചു എന്ന് ഉദ്‌ഘോഷിക്കാന്‍ ഇതില്‍പ്പരം തെളിവുകള്‍ വേറേ വേണ്ടതില്ല! ER -