Mukundan,M

KOOTTAM THETTI MEYUNNAVAR (കൂട്ടം തെറ്റി മേയുന്നവർ) (എം.മുകുന്ദൻ) - 12 - Kozhikkode Poorna Publications 2017/11/01 - 160

കൂട്ടം തെറ്റി മേയുന്നവർ
എം.മുകുന്ദൻ
പ്രസാധകർ - പൂർണ്ണാ പബ്ലിക്കേഷൻസ്

പുസ്തകപരിചയം

നിസ്സംഗതയുടെയും നിസ്സഹായതയുടെയും ഉന്മാദം കലർന്ന യുവത്വം. വ്യവസ്ഥിതികളോടുള്ള വെല്ലുവിളിയും അതിനേക്കാളേറെ വിമോചനത്തിനായുള്ള വെമ്പലും. എം.മുകന്ദന്റെ 'കൂട്ടം തെറ്റി മേയുന്നവർ' വായിക്കുമ്പോൾ ആദ്യം തോന്നുന്നതിങ്ങനെയാണ്. ഉരുട്ടിവച്ച പിണ്ഡം എടുക്കാനെത്തുന്ന ബലിക്കാക്കയെ നോക്കിയിരിക്കുമ്പോൾ പ്രകാശൻ മറ്റൊരു ഇരിക്കപ്പിണ്ഡമായി മാറുന്നു. കൗമാരത്തിൽ നിന്നും യുവനത്തിലേക്കു കടക്കുമ്പോഴുള്ള അപകർഷതാബോധത്തിന്റെയും തീപിടിപ്പിക്കുന്ന ചിന്തകളുടെയും ആകെത്തുകയാണ് ഈ കൃതി. മയ്യഴിയുടെ കഥാകാരൻ വാക്കുകളാൽ വരച്ചുകാട്ടുന്ന മറ്റൊരു വികൃതി.

വ്യവസ്ഥിതികളോടുള്ള പ്രതിഷേധമായി മുടി നീട്ടിവളർത്തുന്ന പ്രകാശൻ ഒരേസമയം ചോദ്യചിഹ്നവും ആശ്ചര്യ ചിഹ്നവുമാണ്.

"പ്രകാശന്‍ മുടി മുറിച്ചാലും ഇല്ലെങ്കിലും ഈ ലോകത്ത്‌ ഒരു മാറ്റവും ഉണ്ടാകാന്‍ പോകുന്നില്ല; ഒരു നിസാരകാര്യം. എന്നിട്ടും ചിലതൊക്കെ സംഭവിച്ചു. ലോകത്തെ മാറ്റാന്‍ പോകുന്ന സംഭവമല്ലെങ്കിലും, പ്രകാശന്റെ ലോകം അതോടെ മാറ്റിമറിക്കപ്പെട്ടു."
അവന്റെ ഉന്മാദം, രതി, കാമം, ഭ്രാന്ത്, അവയോടൊപ്പം നീണ്ടു വളരുന്ന മുടിയും.
'മുടിമുറിക്കാതെ നിന്നെ നിരത്തിമ്മല് കണ്ടുപോകരുതെന്നുള്ള ഭീഷണികൾ'ക്കും താക്കീതുകൾക്കുമിടയിൽ അയാൾ ജീവിക്കുന്നു. വളരുകയോ തളരുകയോ ചെയ്യുന്നു.

ഒരുവശത്ത് വ്യവസ്ഥാപിത സങ്കൽപ്പത്തിലുള്ള കുടുംബവും അതിന്റെ സുരക്ഷിതത്വവും അതിലേക്കൊതുങ്ങുന്ന പ്രകാശന്റെ ചേച്ചിയും. മറുവശത്ത് ഉള്ളതെല്ലാം നഷ്ടപ്പെട്ട, അസ്ഥികൂടമായ വീട്ടിൽ ഒറ്റപ്പെടുന്ന ചേച്ചിയുടെ അനുജൻ പ്രകാശനും. ഒരേ ഉദരത്തിൽ പിറവികൊണ്ടവർ രണ്ടു ധ്രുവങ്ങളാവുന്നു. അതിന്റെ മധ്യത്തിൽ ചാരുകസേരയിൽ എങ്ങോട്ടെന്നില്ലാതെ നോക്കി കണ്ണീരു തുടക്കുന്ന അച്ഛനും അടുക്കളയിൽ എന്തോ ആലോചിച്ചിരിക്കുന്ന മൂത്തയും.

കാവിൽ തിറകൾ ആടിത്തളരുന്നത് രതിക്കും പ്രകാശനും വേണ്ടിയാണ്. മലയരുടെ ചെണ്ടകൊട്ടും വാഴക്കൈകൾ തീർക്കുന്ന മറയും ആദിമന്റെ കുടുംബാതിരുകളാണ്. അവിടെ അവർ സുരക്ഷിതരുമാണ്. അവർ പ്രകൃതിയും പുരുഷനും മാത്രം. അയാളുടെ വിയർപ്പിന്റെയും ശുക്ളത്തിന്റെയും ഊഷ്മാവിന്റെയും കാമനകളുടെയും ആകെത്തുകയാണ് രതി. അവൾ നമ്മെ അതിശയിപ്പിക്കുകയോ മോഹിപ്പിക്കുകയോ അല്ല മറിച്ച് ആശ്വസിപ്പിക്കുന്നു.

'ഭൂമി അതിന്റെ അച്ചുതണ്ടിൽ നിന്നും തെറിച്ചുപോയി'എന്നു കഥാകാരൻ പറയുമ്പോൾ ഉടലിൽ നിന്നും നാം തെറിച്ചു പോവുന്നു. ഏതോ അക്ഷാംശ രേഖാംശങ്ങൾക്കിടയിൽ നട്ടം തിരിയുന്നു. ക്ഷുഭിതയൗവ്വനങ്ങളെ ആത്മാവിൽ ലയിപ്പിച്ച പ്രിയകഥാകാരന്റെ മറ്റൊരു തീയെഴുത്ത്.

"രതീ നിനക്കറിയില്ല. കാട്ടുമൃഗങ്ങളിൽ നിന്ന് കൂട്ടം തെറ്റി മേയുമ്പോൾ മറ്റുള്ളവ കൂട്ടത്തോടെ അതിനെ ആക്രമിച്ച് കടിച്ചു കീറുന്നു".

9788171800605

Purchased Poorna Publications,Calicut


Novalukal

A / MUK/KO