Santhosh Echikkanam (സന്തോഷ് ഏച്ചിക്കാനം)

BIRIYANI (ബിരിയാണി) - 1 - Kottayam DC Books 2017/01/01 - 104

സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി എന്ന കഥ വായിച്ച് ഇപ്പോഴും വിശപ്പിനെക്കുറിച്ചു കഥയെഴുതുകയോ എന്ന് ആരെങ്കിലും ആശങ്കപ്പെടുമോ എന്നറിയില്ല. സ്വാതന്ത്ര്യത്തിന്റെ ഏഴു പതിറ്റാണ്ടു പിന്നിടുമ്പോഴും വിശപ്പ് എന്ന യാഥാര്‍ത്ഥ്യത്തിന് വലിയ പോറലൊന്നും ഏറ്റിട്ടില്ല. ജനാധിപത്യത്തിന്റെ ചാലകശക്തികളും അതിന്റെ ഏറ്റവും ചലനാത്മകമായ ഘടകങ്ങളും അടിത്തട്ടു യാഥാര്‍ത്ഥ്യത്തെ സ്പര്‍ശിക്കാന്‍ മടിക്കുകയാണ്. അതിനാല്‍ പൊതുബോധത്തെ ബാധിക്കുന്ന വിഷയമല്ലാതായിരിക്കുന്നു വിശപ്പ്. സന്തോഷിന്റെ വിഷയം പക്ഷെ വിശപ്പാണെന്ന് ചുരുക്കാനാവില്ല. അത് മലയാളിയുടെ പെരുകുന്ന ധൂര്‍ത്തും ദുര്‍ബ്ബലമാകുന്ന സാമൂഹികാവബോധവും ജീവിതത്തെ എത്രമാത്രം ദരിദ്രമാക്കുന്നു എന്നു അനുഭവിപ്പിക്കുന്നു.

സ്വത്തിന്റെ കേന്ദ്രീകരണവും ധൂര്‍ത്തും കാണുമ്പോള്‍ ഓര്‍ക്കാവുന്നതേയുള്ളു: ദാരിദ്ര്യം മറുപുറത്തു കാണുമെന്ന്. പക്ഷെ, അങ്ങനെയൊക്കെ ആരു ചിന്തിക്കാന്‍? പ്രത്യേകിച്ചും കണ്‍മുമ്പിലൊന്നും ഒരടയാളവും അത് അവശേഷിപ്പിച്ചിട്ടുമില്ല. എല്ലാവര്‍ക്കും സുഖംതന്നെ എന്നേ തോന്നൂ. പണയപ്പെടുത്തി വാങ്ങിയ കാശിലാണ് വീടും കാറും സല്‍ക്കാരവും എന്നത് കടബാധ്യതയെ സംബന്ധിച്ച ഒരുവിധ വല്ലായ്മയും കുറ്റബോധവും ഇടത്തരക്കാരില്‍പ്പോലും ബാക്കി നിര്‍ത്തിയിട്ടില്ല.

മുമ്പൊന്നും ഇങ്ങനെയായിരുന്നില്ല. ഉച്ചയ്ക്കുണ്ണാതെ ലാഭിച്ച പണം സുഹൃത്തിനു കടമായി കൊടുക്കുമ്പോള്‍ അഭിമാനമായിരുന്നു. ആ പൈസയുമായി അവന്‍ കള്ളുഷാപ്പില്‍ കയറുമ്പോള്‍ അതല്ലെങ്കില്‍ ഊണിനൊപ്പം ഒരു പൊരിച്ച മീന്‍കൂടി വാങ്ങുമ്പോള്‍ അതല്ലെങ്കില്‍ ജ്യൂസുകടയില്‍ കയറുമ്പോള്‍ എന്തൊരു ധൂര്‍ത്തെന്നു വേദനിച്ചിട്ടുണ്ട്. കടം തീര്‍ത്തിട്ടേ സുഖഭോഗങ്ങളെപ്പറ്റി ചിന്തിക്കാവൂ എന്നായിരുന്നു മുതിര്‍ന്നവര്‍ നല്‍കിയ പാഠം. പിന്നെപ്പിന്നെ കടംവാങ്ങിയ പണംകൊണ്ടാണ് ഭൂമിയും വീടും കാറും സ്വര്‍ണവും വാങ്ങേണ്ടതെന്നു മുതലാളിത്തത്തിന്റെ പുതിയ നിയമം പഠിപ്പിച്ചു. ഇപ്പോള്‍ അതാണു ശീലം. വിനിമയ ചക്രം ചടുലമാക്കുന്ന ധനരാശിയില്‍ ഒരുപകരണമായി തീരുക എന്നതാണ് ഓരോരുത്തരുടെയും വിധി. അതിന്റെ പുറം പുളപ്പുകളാണ് ദാരിദ്ര്യത്തെ മൂടിവെച്ചിരിക്കുന്നത്. ധനവിനിമയത്തിന്റെ ഭ്രമണപഥത്തില്‍നിന്ന് എപ്പോള്‍വേണമെങ്കിലും എടുത്തെറിയപ്പെടാം. പുറമ്പോക്കിലേക്കോ മരണത്തിലേക്കോ.

വിശപ്പിനെയും ദാരിദ്ര്യത്തെയും മറച്ചുവെക്കാനാവുമെന്ന്, അതിന്റെ വിപരീതത്തിലൂടെ അതിനെ സഞ്ചരിപ്പിക്കാനാവുമെന്ന് വിസ്മയത്തോടെ നാമറിഞ്ഞു. പക്ഷെ, അതിന് പണവിനിമയത്തില്‍ പങ്കാളിയാവാനുള്ള ഏറ്റവും ചെറിയ യോഗ്യതയെങ്കിലും വേണം. അതില്ലാത്തവര്‍ നിഷ്‌ക്കാസിതരാണ്, സകല കണക്കുകളില്‍നിന്നും. കീഴ്ത്തട്ട് മധ്യവര്‍ഗത്തെപ്പറ്റിയാണ് നമ്മുടെ വിലാപങ്ങളേറെയും. അവരെ നോക്കിയാണ് ദാരിദ്ര്യമെവിടെ എന്ന് ആക്രോശിക്കുന്നത്. അതിനുമടിയിലുള്ളവരെ ആരും കാണാറില്ല. അങ്ങനെയൊരു ജീവിതത്തെയാണ് സന്തോഷ് ഏച്ചിക്കാനം പരിചയപ്പെടുത്തുന്നത്.


9788126473823

Gifted Cochin Corporation Grant-Kerala State Book Mark


Cherukadhakal
Kadha

B / SAN/BI