“ഞാനെന്ന ഭാവം” – രാജലക്ഷ്മി വളരെ ചെറിയ പ്രായത്തില്‍ തന്നെ വളരെയധികം പ്രശസ്തയായി മുപ്പത്തഞ്ചാം വയസ്സില്‍ മരണപ്പെട്ട കഥാകാരി ആണ് രാജലക്ഷ്മി. എഴുത്തിലും അവതരണത്തിലും തനതായ ശൈലി ഉണ്ടാക്കിയ അപൂര്‍വ്വം ചില എഴുത്തുകാരില്‍ ഒരാള്‍. മറ്റുള്ള എഴുത്തുകാരെപ്പോലെ ചുറ്റുപാടുകള്‍ വര്‍ണ്ണിക്കുകയും കാവ്യാലങ്കാരങ്ങള്‍ വഴി മുഷിപ്പിക്കുകയും ചെയ്യാതെ, ആവശ്യമുള്ളതെന്തോ അത് മാത്രം പറഞ്ഞ് സംഭവങ്ങള്‍ കാര്യഗൗരവത്തോടു കൂടി വായനക്കാരനിലെത്തിക്കുന്ന അപൂര്‍വ്വം വ്യക്തികളിലൊരാള്‍.
രാജലക്ഷ്മിയുടെ ” ഞാനെന്ന ഭാവം ” എന്ന നോവല്‍ ഇന്നു വായിക്കാനിടയായി. മനുഷ്യമനസ്സിന്റെ വേദനകളും നിരാശകളും അസ്സലായി എഴുതി ഫലിപ്പിക്കാന്‍ കഴിഞ്ഞത് ഒരു പക്ഷേ ഞാന്‍ നേരത്തേ പറഞ്ഞ പോലെ കാവ്യലങ്കാരങ്ങളുടെ അമിതമായ കടന്നു കയറ്റം ഇല്ലാത്തതിനാലായിരിക്കണം. ബാല്യകാലത്തും, യൗവനത്തിലും വാര്‍ദ്ധക്യത്തിലും ഞാനെന്ന ഭാവം ഉണ്ടാകുന്നതും എന്നാല്‍ ഇതില്‍ ആരുടെ ഭാഗത്താണ് ശരി, തെറ്റ് എന്ന് വായനക്കാരന്‍ വായിച്ച് ബോധ്യപ്പെടേണ്ടതും എന്നുള്ളതുകൊണ്ടുമാണ് ഈ നോവലിനെ ജനപ്രിയമാക്കിയതെന്നു ഞാന്‍ കരുതുന്നു. 9188
ഒരാള്‍ക്ക് വീട്ടുകാരോടുള്ള പ്രതിബദ്ധത, അതിന്റെ ഉച്ചനിലയിലെത്തിക്കുന്ന കുറേ സന്ദര്‍ഭങ്ങളും, കൂടെ സ്നേഹ ദൗര്‍ബല്ല്യങ്ങള്‍ എത്രത്തോളം മൗനത്തിനു കാരണമാവുന്നു എന്നതും രാജലക്ഷ്മി ഇവിടെ അതീവ സൂക്ഷ്മമായും എന്നാല്‍ വളരെ കുറച്ച് വാക്കുകള്‍ ഉപയോഗിച്ച് തീക്ഷ്ണമായും അവതരിപ്പിച്ചിരിക്കുന്നു. ബാല്യം തൊട്ട് വാര്‍ദ്ധക്യം വരെ മുഷിപ്പ് തോന്നാതെ ഒറ്റയിരിപ്പിനു ഉള്‍ക്കൊള്ളാന്‍ തക്കവണ്ണം സരളമായ വാക്കുകളും സന്ദര്‍ഭങ്ങളും എന്നാലവയുടെ പ്രയോഗം കൊണ്ട് വിവിധ വികാരങ്ങള്‍ അനുഭവിപ്പിക്കുകയും ചെയ്യുക എന്നത് ഒരു ചെറിയ കാര്യമായ് ഞാന്‍ കരുതുന്നില്ല.
ബാല്യ-കൗമാര കാലത്ത് കൃഷ്ണന്‍കുട്ടിയും തങ്കവും തമ്മിലുള്ള സന്ദര്‍ഭങ്ങള്‍ ഒരു പക്ഷേ ജനകീയ എഴുത്തുകാരനായ ബേപൂര്‍ സുല്‍ത്താന്റെ ബാല്യകാല സഖി(1944) എന്ന നോവലിലേതുമായി സാമ്യം തോന്നിയേക്കാമെങ്കിലും എഴുത്തിന്റെ രീതി വ്യത്യസ്തമായതിനാല്‍ ഒരു തുടര്‍ച്ച പോലെ തോന്നിക്കുന്നില്ല. പിന്നെ ജനിച്ച കാലഘട്ടത്തില്‍ നില നിന്നിരുന്ന സ്വാതന്ത്ര്യസമരത്തിന്റെയും മറ്റും അമിതാവേശം ഈ നോവലില്‍ വര്‍ണ്ണിച്ചിട്ടുണ്ട്. അഷ്ടിക്ക് തികയാഞ്ഞിട്ടു പോലും ജന്മഭൂമി എന്ന, അക്കാലത്തെ കുപ്രസിദ്ധ രാഷ്ട്രസ്നേഹി വര്‍ത്തമാന പത്രത്തില്‍ പണിയെടുത്തത് ധീരതയുടെ പ്രതീകമായി തോന്നിപ്പിക്കും വിധത്തിലാണ് എഴുത്തുകാരി വര്‍ണ്ണിച്ചിട്ടുള്ളത്.
വിപ്ലവകരമായ കുറേ ചിന്തകള്‍ പങ്കു വച്ച ഈ നോവല്‍ വായിക്കുമ്പോള്‍ അക്കാലത്തെ രാഷ്ട്രീയ അരക്ഷിതാവസ്ഥയും, അടിച്ചമര്‍ത്തപ്പെട്ട സ്വാതന്ത്ര്യത്തെ കുറിച്ചും വ്യാകുലപ്പെടുന്ന ആളിനെയാണ് മനസ്സിലാക്കാന്‍ പറ്റുന്നത്. എങ്കിലും കുടുംബ ബന്ധങ്ങള്‍ പവിത്രമായ് കണ്ട് അതിനെ സമര്‍ത്ഥിക്കുന്ന രീതിയില്‍ കഥാഗതിയെ തന്നെ മാറ്റുന്നുണ്ട് പ്രസ്തുത നോവലില്‍. സാമൂഹിക പ്രതിബദ്ധതയും നല്ലപോലെ വായനക്കാരിലേക്കെത്തിക്കാന്‍ നോവലിസ്റ്റിന് കഴിയുന്നുണ്ട്. സുഹൃത്ത് മരണപ്പെടുന്നത് കൃഷ്ണന്‍ കുട്ടി എന്ന നായക കഥാപാത്രത്തെ സമൂഹത്തിലേക്കിറങ്ങാന്‍, സമൂഹത്തിനു വേണ്ടി ശബ്ദമുയര്‍ത്തുവാന്‍ പ്രേരിപ്പിക്കുന്നു. അപ്രതീക്ഷിതമായ് എടുക്കുന്ന തീരുമാനങ്ങള്‍ മാത്രം നടത്തി ശീലിച്ച കൃഷ്ണന്‍കുട്ടി, അങ്ങിനെ തന്നെ ജീവിതസഖിയെയും കണ്ടെത്തുന്നു. ഒരു പക്ഷേ ഇത്തരം തീരുമാനങ്ങള്‍ ഉള്ളത് കൊണ്ടാവാം നോവലിനു ഞാനെന്ന ഭാവം എന്ന പേര് നിര്‍ണ്ണയിച്ചത്.
ആ ഒരു കാലഘട്ടത്തില്‍ ഇത്രയും ശക്തമായ് എഴുതാന്‍ കഴിയുക എന്നത് അഭിനന്ദിച്ചു മാത്രം തീര്‍ക്കേണ്ട കാര്യമല്ല. സ്ത്രീ കഥാപാത്രങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നുണ്ടെങ്കിലും ഒരു പുരുഷ വിരോധി ആണ് രാജലക്ഷ്മി എന്നെനിക്ക് തോന്നിയിട്ടില്ല. നോവല്‍ വായിക്കുമ്പോള്‍ കുടുംബത്തിനും കുടുംബസ്നേഹത്തിനും നല്‍കിയ പരിഗണന വളരെ അധികമാണ്. ശുഭപര്യവസായിയായ ഈ നോവല്‍, ഒരു വായനക്കാരന്‍ നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട ഒന്നാണെന്നാണ് ഞാന്‍ കരുതുന്നത്.
Rakesh
9784702711006
Purchased C I C C Book House,Press Club Road,Ernakulam