ആകാശത്തേയും ഭൂമിയേയും സാക്ഷ്യം വെച്ചുകൊണ്ട് ഒരു എഴുത്തുകാരി നടത്തുന്ന അന്വേഷണങ്ങളാണ് ഈ കൃതി. കോട്ടയം, കടല്‍ , ഫെയ്‌സ്ബുക്ക്, ഒ.എന്‍.വി, എ.അയ്യപ്പന്‍ ,ജനപ്രിയസംഗീതം, തെറി, ക്ലാസ് മുറി, എം.എന്‍ .വിജയന്‍ , രാത്രി, പെണ്ണുടല്‍ , വസ്ത്രധാരണം തുടങ്ങിയ വിഷയങ്ങളിലൂടെ തന്റെ ജീവിതത്തെ വായിച്ചെടുക്കുകയാണ് എസ്.ശാരദക്കുട്ടി. ഇവിടെ ആത്മകഥയും സാഹിത്യ-സാംസ്‌കാരികനിരൂപണവും ഒന്നാവുകയാണ്.
ചെരുപ്പിന് പാകത്തില്‍ പാദങ്ങള്‍ മുറിക്കപ്പെട്ട ഒരു പെണ്‍കുട്ടിയോടും നടപ്പുദോഷത്തെ പഴിച്ചു സംസാരിക്കരുത്. സ്വന്തം കാഴ്ചയുടെ വാക്കുകളാണ് അവള്‍ പറയുന്നത്. ഒന്നാം ചര്‍മം ഉരിച്ചു മാറ്റുവാനുള്ള ശ്രമങ്ങളാണ് അവള്‍ നടത്തുന്നത്. സ്വയം കണ്ടെത്തുന്നതുവരെ എത്ര വേദനയോടെയും അവള്‍ അത് തുടരുകതന്നെ ചെയ്യും. ഇപ്പോള്‍ വിരസമായ ബാഹ്യലോകം ഇല്ല, സ്വന്തം ആന്തരികതയുടെ രഹസ്യവനങ്ങള്‍ മാത്രം. ഭൂമുഖത്തെ മുഴുവന്‍ കാടുകളും കടലുകളും ഇളകുന്നതും ഇരമ്പുന്നതും അവളുടെ ഉള്ളിലാണ്. മറ്റുള്ളവരുടെ നുണകളെ വിട്ട് സ്വന്തം നുണകളെ സ്‌നേഹിക്കാന്‍ തുടങ്ങിയതു മുതല്‍ നിര്‍ഭയതയായി വസ്ത്രം. ബാഹ്യലോകത്തിന്റെ നുണയും സത്യവും നോട്ടവും ഏറും അവഗണിച്ചുകൊണ്ട് അങ്ങനെയൊരു നാള്‍ അവള്‍ തന്റെ രഹസ്യങ്ങളെ പ്രയോജനപ്പെടുത്താന്‍ തുടങ്ങുന്നു. വിശപ്പിലും ദാഹത്തിലും ആസക്തിയിലും വല്ലാതെ സംഭ്രമിച്ചും യുദ്ധത്തിലും സമാധാനത്തിലും നിന്ദയിലും പരിഹാസത്തിലും ഒട്ടുംതന്നെ സംഭ്രമിക്കാതെയും അല്പം വകതിരിവോടെ ജീവിച്ചതിന്റെ തെളിവുകളാണ് ഒരുമിച്ച് അടുക്കി എന്റെ നാലാമത്തെ പുസ്തകമായി സമര്‍പ്പിക്കുന്നത്. - ശാരദക്കുട്ടി
9788182662001
Purchased Mathrubhumi Books, Book Fair December 2016.