Sadath Hassan Mantho

സാദത്ത് ഹസന്‍ മന്‍തോയുടെ കഥകള്‍ - SADATH HASSAN MANTHOYUDE KATHAKAL - 1 - Kottayam DC Books 2015/10/01 - 176

ജീവിതത്തിന്റെ യാഥാര്‍ത്ഥ്യം വരച്ചുകാട്ടുന്ന കഥകള്‍
ഉറുദുസാഹിത്യത്തിലെ ലബ്ധപ്രതിഷ്ഠനായ കഥാകൃത്തും നാടകകൃത്തും ലേഖകനുമായിരുന്നു സാദത്ത് ഹസന്‍ മന്‍തോ. അമ്പതിലേറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ദേഹം എഴുതിയ കഥകള്‍ പുതുമ നഷ്ടപ്പെടാതെ ഇന്നും വായിക്കപ്പെടുന്നു. എന്നാല്‍ തന്റെ മുമ്പില്‍ കാണുന്ന ലോകത്തെ യാതൊരു മറകളുമില്ലാതെ അദ്ദേഹം ചിത്രീകരിച്ചപ്പോള്‍ അത് പലര്‍ക്കും അരോചകങ്ങളും അപ്രിയങ്ങളുമായി. ഭരണവര്‍ഗ്ഗത്തെ ആ കഥകള്‍ ചൊടിപ്പിച്ചു. കഥയെഴുതിയതിന്റെ പേരില്‍ ഇത്രയും പീഡനങ്ങള്‍ സഹിക്കേണ്ടിവന്ന മറ്റൊരു കഥാകൃത്ത് ഉണ്ടാവില്ല.

വിഭജനത്തിന്റെയും വര്‍ഗ്ഗീയതയുടെയും പേരില്‍ ഇരകളാക്കപ്പെടുന്ന സാധാരണ മനുഷ്യരുടെ കഥകളെഴുതിയാണ് മന്‍തോ ലോകസാഹിത്യത്തില്‍ ഇടം പിടിച്ചത്. ഇന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലും വര്‍ഗ്ഗീയതയും സംശീയതയും വലിയൊരു സാമൂഹികപ്രശ്‌നമായി മനുഷ്യകുലത്തെ വേട്ടയാടുമ്പോള്‍ ഈ കഥകള്‍ക്ക് പ്രസക്തി വര്‍ദ്ധിക്കുന്നു. മന്‍തോയുടെ കഥകള്‍ ഇപ്പോള്‍ മലയാളത്തില്‍ സമാഹരിച്ചിരിക്കുന്നതിനു കാരണവും ഈ സാമൂഹ്യപ്രസക്തി തന്നെ. സാദത്ത് ഹസന്‍ മന്‍തോയുടെ കഥകള്‍ എന്നപേരില്‍ പുസ്തകം പുറത്തിറങ്ങി.

ഏഴാം വയസ്സിലാണ് മന്‍തോ തന്റെ ആദ്യകഥയായ ‘തമാശ’ എഴുതുന്നത്. ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല ഒരു ബാലന്റെ കണ്ണിലൂടെ അവതരിപ്പിക്കുകയാണ് അദ്ദേഹം ചെയ്തത്. ആളുകള്‍ പരിഹസിക്കുമെന്ന് കരുതി പേര് വെയ്ക്കാതിരുന്നതുകൊണ്ടാണ് അന്ന് ബ്രിട്ടീഷ് സര്‍ക്കാരിന്റെ ശിക്ഷാനടപടികളില്‍ നിന്ന് ആ ഏഴുവയസ്സുകാരന്‍ രക്ഷപ്പെട്ടത്. തുടര്‍ന്നങ്ങോട്ട് തൂലിക പടവാളാണെന്ന പ്രയോഗത്തെ സമര്‍ത്ഥിക്കുന്ന രചനകളായിരുന്നു അദ്ദേഹം എഴുതിയത്.

വിഭജനത്തിനുശേഷം ഇന്ത്യയും പാക്കിസ്ഥാനും തടവുപുള്ളികളെ കൈമാറിയതുപോലെ ഭ്രാന്തന്മാരെയും കൈമാറാന്‍ തീരുമാനിച്ചു എന്ന് സങ്കല്പിച്ച് മന്‍തോ എഴുതിയ കഥയാണ് ‘തോബാ ടേക്‌സിങ്’. കലാപങ്ങളില്‍ ഇരകളും വേട്ടക്കാരും പരസ്പരം മാറിമറിയുമ്പോള്‍ പിച്ചിച്ചീന്തപ്പെടുന്ന പെണ്‍കുട്ടികളെക്കുറിച്ചാണ് ‘ശരീഫന്‍’ പറയുന്നത്. പ്രണയത്തിന് മതം വിലങ്ങുതടിയാകുന്ന കാഴ്ച ‘മുഹബത്തി’ല്‍ കാണാം. എന്നാല്‍ വിഭജനശേഷമുള്ള മനുഷ്യരുടെ ഹൃദയ വിശാലതയും ഹൃദയസംശുദ്ധിയുമാണ് ‘യജീദ്’ വിഷയമാക്കുന്നത്.

sadath-hassan-manthoyude-kathakalതാനൊരു അശ്ലീലമെഴുതുന്ന കഥാകൃത്താണെന്ന ആരോപണം മന്‍തോ ഒരുപാട് നേരിട്ടിട്ടുണ്ട്. പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ‘തണുത്ത മാംസം’ എന്ന കഥ അദ്ദേഹത്തെ ജയിലില്‍ വരെ എത്തിച്ചിട്ടുണ്ട്. ‘തുറക്കൂ’ എന്ന കഥ പ്രത്യക്ഷപ്പെട്ട ആനുകാലികം അടച്ചുപൂട്ടേണ്ട സ്ഥിതി വന്നു. എന്നാല്‍ അത്തരം കഥകളെ അശ്ലീലമായി കാണുന്നതിനെ മന്‍തോ എതിര്‍ത്തിരുന്നു.

മേല്‍ പരാമര്‍ശിച്ചവയടക്കം മനുഷ്യജീവിതത്തിന്റെ യാഥാര്‍ത്ഥ്യം വരച്ചുകാട്ടുന്ന ഇരുപത് കഥകളാണ് സാദത്ത് ഹസന്‍ മാന്‍തോയുടെ കഥകള്‍ എന്ന പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര സാഹിത്യ അക്കാദമി, ഡല്‍ഹി ആകാശവാണി തുടങ്ങിയവയുടെ പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള ഡോ. പി.കെ.ചന്ദ്രനാണ് ഈ പുസ്തകത്തിന്റെ വിവര്‍ത്തനം നിര്‍വ്വഹിച്ചത്.

ഉറുദുവിലെ ഏറ്റവും പ്രമുഖനായ കഥാകൃത്തായിരുന്ന മന്‍തോ രചിച്ച മുപ്പതോളം പുസ്തകങ്ങള്‍ അനവധി ലോകഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 1955 ജനുവരി 18ന് പാക്കിസ്ഥാനിലെ ലാഹോറില്‍ വെച്ച് അദ്ദേഹം നിര്യാതനായി.

9788126464524

Purchase Current Books, Kurian Towers, Ernakulam


Cherukadhakal

/ B